|    Oct 23 Tue, 2018 4:53 am
FLASH NEWS

ആരോഗ്യമേഖലയില്‍ നൈപുണി പരിശീലന സൗകര്യമൊരുക്കും: മന്ത്രി

Published : 5th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കനുസരിച്ചുള്ള ലോകനിലവാരമുള്ള നൈപുണി പരിശീലന സൗകര്യമൊരുക്കുമെന്ന് തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മേനംകുളം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ നൈസ് അക്കാദമിയില്‍ മാലദ്വീപില്‍ നിന്നുള്ള നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങും ഒമാന്‍ എന്‍ഇപി പരിപാടിയുടെ ഭാഗമായ വിദ്യാര്‍ഥികളുടെ വിസ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ആരോഗ്യസേവനമേഖലയില്‍ വളര്‍ച്ചയ്ക്കനുസരിച്ച് നൈപുണ്യമുള്ളവര്‍ക്കുള്ള ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് നഴ്‌സിങ് വിദഗ്ധര്‍ക്ക് പരിശീലനത്തിന് ‘നൈസ്’ സജ്ജമാണ്. ലോകവ്യാപകമായ അവസരങ്ങള്‍ക്കനുസരിച്ചുള്ള പരിശീലനമാണിവിടെ നല്‍കുന്നത്. ഇതുവഴി സാമൂഹ്യ, സാമ്പത്തികരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുന്നുണ്ട്. മാലദ്വീപില്‍ നിന്നുള്ള 74 കുട്ടികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനായതും അവര്‍ക്ക് പ്ലേസ്‌മെന്റ് നേടാനായതും അഭിമാനകരമാണ്. മാലദ്വീപുമായി വിദ്യാഭ്യാസ, വിനോസഞ്ചാരമുള്‍പ്പെടെയുള്ള മറ്റ് മേഖലകളിലും നൈപുണ്യവികസന സഹകരണത്തിന് കേരളം തയ്യാറാണെന്നും മന്ത്രി അറിയിച്ചു. മാലദ്വീപിലെ വിദ്യാഭ്യാസ മന്ത്രി ഡോ. ഐഷത്ത് ഷിഹാം മുഖ്യാതിഥിയായിരുന്നു. നഴ്‌സിങ് രംഗത്ത് ആതുരരംഗത്തെ നൈപുണ്യത്തിനൊപ്പം വ്യക്തിപരമായ നൈപുണ്യം നേടാനും ‘നൈസി’ലെ പരിശീലനം സജ്ജമാക്കുമെന്ന് അവര്‍ പറഞ്ഞു. 103 കുട്ടികള്‍ അടുത്ത ബാച്ചില്‍ മാലദ്വീപില്‍ നി—ന്നുണ്ട്. യുവജനങ്ങളുടെ മാനവശേഷി വികസനത്തിന് മാലദ്വീപ് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.ചടങ്ങില്‍ കെയ്‌സ് ചെയര്‍മാന്‍കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിച്ചു. നൈസ് വെബ്‌സൈറ്റ് പുനഃപ്രകാശനവും നൈസ് ലോഗോയുടെ പുനഃപ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. നഴ്‌സിങ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ പ്രഫ. പ്രസന്നകുമാരി, നൈസ് ഫാക്കല്‍റ്റി ഡോ. ആര്‍ രാംരാജ്, കിന്‍ഫ്ര എംഡി ജീവ ആനന്ദന്‍, മാലദ്വീപ് ടിവിഇടി അതോറിറ്റി ഡയറക്ടര്‍ ആമിനത്ത് അസ്‌റ സംബന്ധിച്ചു. ലേബര്‍ കമ്മീഷണര്‍ കെ ബിജു സ്വാഗതവും എസ്‌യുടി യൂനിറ്റ് ഹെഡ് ജയരാമന്‍ വെങ്കട്ട് നന്ദിയും പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന ഉദ്യമമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് പട്ടം എസ്‌യുടി ആശുപത്രിയുടെ പങ്കാളിത്തത്തോടെ ആദ്യമായി ആരംഭിച്ച നഴ്‌സിങ് മേഖലയിലെ മികവിന്റെ കേന്ദ്രമാണ് നഴ്‌സിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് (നൈസ്).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss