|    Jun 24 Sun, 2018 4:40 pm
FLASH NEWS

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

Published : 14th December 2017 | Posted By: kasim kzm

ആലപ്പുഴ: വണ്ടാനം  മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ചേംബറില്‍ അടിയന്തര യോഗം കൂടി. മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ്  യോഗം കൂടിയത്.  പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം, ഒപി നവീകരണം, ദന്തല്‍ കോളജിന്റെ നിര്‍മാണം എന്നിവ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നിര്‍മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ഈ ബ്ലോക്കിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും ഇതിനാവശ്യമായ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനും നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്രയും വേഗം പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തുടങ്ങുവാനും ഇതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.ആലപ്പുഴ മെഡിക്കല്‍ കോളജിനെ രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള ഒപി നവീകരണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാനും, ട്രോമാകെയര്‍ സംവിധാനം, അമ്മയും കുഞ്ഞും ആശുപത്രി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഗ്യാലറി മാതൃകയിലുള്ള ലക്ചറര്‍ ഹാ ള്‍, പി ജി വിദ്യാര്‍ഥികളുടെ ക്വാട്ടേഴ്‌സ്, ദന്തല്‍ കോളജ് എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇതോടൊപ്പം ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. ഒപിയില്‍ എത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിലായിരിക്കണം ഒപി നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംലാ ബീവി, ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പ, ആശുപത്രി സൂപ്രണ്ട് ഡോ. രാംലാല്‍, ആലപ്പുഴ ഡിഎംഒ ഡോ. വസന്തദാസ് യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss