|    Oct 21 Sat, 2017 1:32 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ആരോഗ്യനയം നവംബറോടെ: മന്ത്രി

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍ ജനകീയ ആരോഗ്യനയം നവംബര്‍ മാസത്തോടെ നിലവില്‍ വരുമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് സമഗ്രമായ ആരോഗ്യനയം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ആരോഗ്യനയം രൂപീകരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി 17 അംഗങ്ങളുളള ഒരു വിദഗ്ധസമിതി രൂപീകരിച്ചിരുന്നു.
ഈ സമിതിയുടെ ആദ്യയോഗം ഇന്നലെ ആരോഗ്യവകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യനയം രൂപീകരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി രൂപീകരിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാന്‍ ഡോ. ബി ഇക്ബാല്‍, കണ്‍വീനര്‍ ഡോ. കെ പി  അരവിന്ദന്‍ തുടങ്ങി മുഴുവന്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
വിദഗ്ധമായ ചര്‍ച്ചകള്‍ക്കു ശേഷം നവംബര്‍ അവസാനത്തോടെ ആരോഗ്യനയത്തിന്റെ കരട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഏറ്റവും ജനകീയമായ ഒരു ആരോഗ്യനയം ആയിരിക്കും സംസ്ഥാനത്ത് രൂപീകരിക്കാന്‍ പോവുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. കേരളത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് സഹായകമാവുന്ന രീതിയില്‍ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും പ്രഫഷനലുകളുടെയും തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം ഇതിനായി ശേഖരിക്കും. വ്യത്യസ്ത കേന്ദ്രങ്ങളില്‍ കമ്മിറ്റി അംഗങ്ങള്‍ ക്യാംപ് ചെയ്ത് പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കും. ജനങ്ങള്‍ക്ക് ഇമെയില്‍, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍വഴി ആരോഗ്യനയത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്ന അഭിപ്രായങ്ങള്‍ കമ്മിറ്റിയെ അറിയിക്കാം.
പ്രൈമറി തലം മുതല്‍ എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിക്കുന്നതായിരിക്കും പുതിയ ആരോഗ്യനയം. പ്രാഥമികാരോഗ്യ പരിരക്ഷയ്ക്കും രോഗപ്രതിരോധത്തിനും ഊന്നല്‍നല്‍കുന്നതും ആധുനിക ചികിത്സാ സമ്പ്രദായങ്ങള്‍ മുഴുവന്‍ പൗരന്‍മാര്‍ക്കും അനുഭവയോഗ്യമാക്കുന്നതുമായ കാര്യങ്ങള്‍ ആരോഗ്യനയത്തിന്റെ ഭാഗമായി ഉണ്ടാക്കുന്നതാണ്. എല്ലാ ചികിത്സാ സമ്പ്രദായങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന രീതിയിലാണ് രൂപീകരിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക