|    Apr 22 Sun, 2018 10:30 am
FLASH NEWS

ആരോഗ്യകിരണം പദ്ധതി: ജില്ലാതല അദാലത്തും സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപും സംഘടിപ്പിക്കുന്നു

Published : 26th February 2016 | Posted By: SMR

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരോഗ്യകിരണം പദ്ധതിയില്‍ ചികില്‍സയും മരുന്നുകളും നിഷേധിക്കുന്നതായുള്ള പരാതിക്ക് പരിഹാരമാവുന്നു. 18 വയസ്സുവരെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി നടപ്പാക്കുന്ന ‘ആരോഗ്യകിരണം’ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് നാലിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരോഗ്യകിരണം ജില്ലാ അദാലത്തും മെഡിക്കല്‍ ക്യാംപും സംഘടിപ്പിക്കും.
വൃക്കരോഗം,ഹൃദ്രോഗം,മസ്തിഷ്‌ക-നാഡീ സംബന്ധമായ രോഗങ്ങള്‍, ഗുരുതര പോഷണക്കുറവ്, വളര്‍ച്ചക്കുറവ്, ശാരീരിക മാനസിക വൈകല്യങ്ങള്‍ മുതലായവ മൂലം ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് ക്യാംപ് പ്രയോജനപ്പെടുത്താം.ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് തുടര്‍ചികില്‍സയും പരിശോധനകളും തികച്ചും സൗജന്യമായി നല്‍കുന്നതാണ്. ന്യൂറോളജി, നെഫ്രോളജി, ഫിസിക്കല്‍ മെഡിസിന്‍, ഓര്‍ത്തോപ്പീഡിക്, പീഡിയാട്രിക്, നിയോനേറ്റോളജി, കാര്‍ഡിയോളജി, ഗാസ്‌ട്രോ എന്റമോളജി ഗൈനക്കോളജി വിഭാഗങ്ങളില്‍നിന്നള്ള ഡോക്ടര്‍മാരുടെ സേവനം ക്യാംപില്‍ ലഭ്യമാണ്. ക്യാംപിലേക്കുള്ള രജിസ്‌ട്രേഷന് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബക്ഷേമകേന്ദ്രങ്ങള്‍, സ്‌ക്കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ എന്നിവരിലൂടെ സൗകര്യം ഒരുക്കിയിരിക്കുന്നു.
ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി ഇന്നു മുതല്‍ മാര്‍ച്ച് ഒന്നുവരെ തിയ്യതികളില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെ പിആര്‍ഒമാര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. 9946661390,9995400997 നമ്പറുകളിലും രാവിലെ 10നും വൈകീട്ട് അഞ്ചിനും ഇടയില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം.
ക്യാംപില്‍പങ്കെടുക്കുന്നവര്‍ ഇതുവരെ നടത്തിയ ചികില്‍സകളുടെ രേഖകള്‍, പരിശോധനാ ഫലങ്ങള്‍ കൊണ്ടുവരേണ്ടതാണ്. ഒപി ടിക്കറ്റ് ചാര്‍ജ്, മരുന്നുകളുടെ വില, ലബോറട്ടറി പരിശോധനകള്‍, ചികില്‍സാച്ചെലവ്, ഓപറേഷന്‍ ചെലവ് തുടങ്ങി ചികില്‍സയുമായി ബന്ധപ്പെട്ടുവരുന്ന എല്ലാ ചെലവുകളും പദ്ധതിപ്രകാരം സര്‍ക്കാര്‍ സൗജന്യമായി വഹിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലാത്ത, പരിശോധനകള്‍, മരുന്നുകള്‍ എന്നിവ തിരഞ്ഞെടുത്ത സ്വകാര്യ ലാബുകള്‍ വഴിയും മരുന്ന് കടകള്‍ വഴിയും സൗജന്യമായി ലഭ്യമാക്കും.
റഫറല്‍ ചികിത്സയ്ക്ക് സംസ്ഥാന മെഡിക്കല്‍ കോളേജുകള്‍, ശ്രീചിത്ര, അമൃത,ഇ.എസ്.ഐ ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഇന്‍ചാര്‍ജ് ഡോ. സൈജു ഹമീദ്, ദര്‍ശന ഷിനോയ്, പിആര്‍ഒ സാമുവേല്‍ മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഇത് സംബന്ധിച്ച ആക്ഷേപം മാധ്യമപ്രതിനിധികള്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss