|    Apr 20 Fri, 2018 11:59 pm
FLASH NEWS
Home   >  Onam 2016   >  

ആരുടെ ഓണം?

Published : 6th September 2016 | Posted By: mi.ptk

പി.വി. വേണുഗോപാല്‍
മാനംമര്യാദയ്ക്കു തുണിയുടുക്കാന്‍ ഒരു വലിയ സമൂഹത്തെ അനുവദിക്കാതിരുന്ന കാലത്ത് അവര്‍ ഓണക്കോടി ഉടുത്തിരുന്നെന്നോ? ജന്മിത്വം എറിഞ്ഞുകൊടുക്കുന്ന നാഴിയുരി നെല്ലുകൊണ്ട് അന്നന്നത്തെ അന്നമൊരുക്കിയവര്‍ നാക്കിലമുറിച്ച് 18 കൂട്ടം കറിയും പായസവുമൊരുക്കി ഓണസദ്യ ഉണ്ടിരുന്നെന്നോ? പൊതുവഴിയില്‍ കാല്‍ കുത്താന്‍ പോലും അനുവാദമില്ലാതിരുന്നവര്‍ പൊതുഇടങ്ങളില്‍ തിരുവാതിര കളിച്ച് ഓണം ആഘോഷിച്ചിരുന്നെന്നോ? – മലയാളിയുടെ ഓണാഘോഷത്തിന് വയസ്സെത്രയെന്ന ചോദ്യത്തിന് അസ്ത്രവേഗതയും മൂര്‍ച്ചയുമുള്ള ഒരുപിടി മറുചോദ്യങ്ങളായിരുന്നു ദലിത് ചിന്തകനും പ്രവര്‍ത്തകനുമായ സണ്ണി കപിക്കാട് എയ്തുവിട്ടത്.
onam-6നായന്മാരുടെ ആഘോഷം
ആരാണ് ഇവിടെ മുന്‍കാലങ്ങളില്‍ ഓണം ആഘോഷിച്ചിരുന്നത്. ജന്മിത്വത്തിന്റെ കാലത്ത് അര്‍ധപട്ടിണിക്കാരായി, മൃഗതുല്യരായി പാടത്തും പറമ്പിലും ജീവിതം ഹോമിക്കപ്പെട്ട കീഴാള ജനവിഭാഗത്തിന് ഓണാഘോഷം സ്വപ്‌നം കാണാന്‍ പോലും കഴിയുമായിരുന്നോ? കേരള സമൂഹത്തിലെ ഗണ്യവിഭാഗമായ മുസ്‌ലിംകള്‍ മുന്‍കാലങ്ങളില്‍ ഓണം ആഘോഷിച്ചിരുന്നോ? ഇല്ലെന്നാണ് ഉത്തരം. സുറിയാനി ക്രിസ്ത്യാനികളെ ഓണം ആഘോഷിക്കുന്നതില്‍നിന്ന് ഉദയംപേരൂര്‍ സുന്നഹദോസ് വിലക്കിയിരുന്നു എന്ന് ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. എല്ലാം പോവട്ടെ, ആണ്ടോടാണ്ടുള്ള മാവേലിത്തമ്പുരാന്റെ വരവ് കേരളത്തിലെ നമ്പൂതിരിമാര്‍ ആഘോഷിക്കാറുണ്ടോ? അതുമില്ല. അവര്‍ക്കത് വാമനദിനമാണ്. മാവേലിയെ തോല്‍പ്പിച്ചതിന്റെ വിജയദിനം. അപ്പോള്‍ പിന്നെ ആരാണ് ഈ കൊട്ടിഘോഷിക്കപ്പെട്ട ഓണത്തിന്റെ            പ്രചാരകരും പ്രയോക്താക്കളും? അത് ശൂദ്രന്മാര്‍ തന്നെ. കിറുകൃത്യമായി പറഞ്ഞാല്‍ നായര്‍ കുടുംബങ്ങളില്‍ മാത്രമാണ് ഓണം ഒരു ആഘോഷമായി നിലനിന്നത്. നായര്‍കുടുംബങ്ങളിലെ ആഘോഷമാണ് പില്‍ക്കാലത്ത് മറ്റുള്ളവരിലേക്ക് സംക്രമിച്ചതും സമന്വയിച്ചതും. സംശയമുള്ളവര്‍ ഓണാഘോഷത്തിന്റെ ബിംബവിന്യാസങ്ങള്‍ പരിശോധിക്കട്ടെ- സണ്ണി കപിക്കാട് തുടരുന്നു.
ഓണാഘോഷത്തിന്റെ ഡ്രസ്‌കോഡ് പരിശോധിച്ചാല്‍ അതു മനസ്സിലാവും. കസവുസെറ്റും മുണ്ടും കസവുസാരിയുമല്ലെ ഓണക്കാലത്തെ മലയാളിയുടെ ഡ്രസ്‌കോഡ്? ഈ വസ്ത്രവിന്യാസം ആരുടേതായിരുന്നു? കീഴാളന്റേതല്ല, ക്രിസ്ത്യാനിയുടേതോ, മുസ്‌ലിമിന്റേതോ ആയിരുന്നില്ല. കസവുവസ്ത്രങ്ങള്‍ ആഢ്യസവര്‍ണതയുമായി വിഭജിക്കാനാവാത്ത ഒന്നാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ- സണ്ണി ചോദിക്കുന്നു.
വെളുത്തവന്റെ ഓണം
ഓണക്കാലത്തു മാധ്യമങ്ങളും പരസ്യചിത്രങ്ങളും പൊലിപ്പിച്ചുകാട്ടുന്ന മലയാളി മങ്കമാരില്‍ എവിടെയെങ്കിലും ഒരു കറുത്തമുഖം കണ്ടിട്ടുണ്ടോ? വെളുത്തുചുവന്ന് കസവുടുത്ത് ചന്ദനക്കുറിയണിഞ്ഞവരാണോ മലയാളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീജനങ്ങളും? ‘പൂവേ പൊലി’ പാടി പൂവിറുക്കാന്‍ പോവുന്ന മലയാളിബാല്യങ്ങളുടെ ദൃശ്യചിത്രങ്ങളില്‍ ഒരൊറ്റ കറുത്തകുട്ടിയും അബദ്ധത്തില്‍ പോലും ഉള്‍പ്പെടുന്നില്ല. എന്തുകൊണ്ടാണിത്? ബ്രൗണ്‍ തൊലിയും കസവുമുണ്ടും ചന്ദനക്കുറിയും മാത്രമാണ് മലയാളിത്തമെന്ന് ശരാശരിക്കാരുടെ മനസ്സില്‍ ആഴത്തില്‍ കോറിയിടുകയാണ് ഇക്കൂട്ടര്‍. കേരളീയ ആഘോഷങ്ങളിലെല്ലാം കസവുവസ്ത്രങ്ങളുടെ സവര്‍ണമേലങ്കിയുമായി എത്തുന്ന ബഹുജനങ്ങള്‍ ഇക്കൂട്ടരുടെ മസ്തിഷ്‌കപ്രക്ഷാളനം വിജയമായെന്നതിന്റെ തെളിവാണെന്ന് മൂക്കത്തു വിരല്‍വച്ചു നാം ഇപ്പോള്‍ തിരിച്ചറിയുന്നു. സാംസ്‌കാരിക അധിനിവേശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഇത്തരം അനുകരണ പ്രവണതയെന്ന് സണ്ണി കപിക്കാട് നമ്മോടു പറയുന്നു.
onam-5വസ്ത്രത്തില്‍ മാത്രമല്ല, ഭക്ഷണക്രമത്തിലും ഈ അധിനിവേശതന്ത്രം വിജയം വരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വിശേഷദിനങ്ങളില്‍ സസ്യേതര ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ പോലും ഓണസദ്യ സസ്യേതരമാക്കാന്‍ ഇന്ന് ഇഷ്ടപ്പെടുന്നില്ല. സസ്യഭക്ഷണം ഒരു സവര്‍ണരീതിയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇങ്ങനെ ഏതു നിലയില്‍ നോക്കിയാലും ഓണം സവര്‍ണ ആഘോഷം ആണെന്നു കാണാം. ആര് ഓണം ആഘോഷിച്ചാലും അത് ശക്തിപ്പെടുത്തുന്നത് സവര്‍ണയുക്തികളെയും ജ്ഞാനവ്യവഹാരങ്ങളെയും തന്നെയാണെന്നു പറയേണ്ടിവരുമെന്നും കപിക്കാട് വാദിക്കുന്നു.

വൈഷ്ണവപാരമ്പര്യം
സവര്‍ണം തന്നെ, കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ വൈഷ്ണ ആചാരമാണ്, ഓണം- ചരിത്രകാരനും ദലിത് ചിന്തകനുമായ കെ.കെ. കൊച്ച് ഇടപെടുന്നു. സവര്‍ണഹിന്ദുക്കളിലെ വൈഷ്ണവരുടെ ആഘോഷമായിരുന്നു ഓണം. ഓണത്തിന്റെ അനുഷ്ഠാനങ്ങളും കര്‍മങ്ങളും അതു വിളിച്ചുപറയുന്നുണ്ട്. പുരാണങ്ങളിലും ചരിത്രത്തിലും ഇതിന് ഉപോദ്ബലകമായ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്  അദ്ദേഹം.

onam-8വിഷ്ണുഭക്തരില്‍ അഗ്രഗണ്യനായിരുന്ന പ്രഹ്ലാദന്റെ പൗത്രനായിരുന്നു മഹാബലിയെന്നല്ലേ പുരാണവചനം? മാത്രമല്ല, സസ്യഭക്ഷണവും പൂക്കള്‍കൊണ്ടുള്ള അര്‍ച്ചനയുമൊക്കെ വൈഷ്ണവാചാരത്തിന്റെ ഭാഗവുമാണ്. ആദ്യം വൈഷ്ണവവും പിന്നീട് ഹൈന്ദവവുമായ ആചാരം മതത്തിന്റെയും ഭരണകൂടത്തിന്റെയും പിന്തുണയോടെ മതേതരത്വത്തില്‍ പൊതിഞ്ഞ് കേരളീയമായി അവതരിപ്പിക്കപ്പെടുകയായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബൗദ്ധരും മഞ്ഞയും
വൈഷ്ണവര്‍ അതു ബൗദ്ധരില്‍നിന്ന് കടംകൊണ്ടതാണ് -പറയുന്നത് കാലടി സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും ചിന്തകനുമായ ഡോ. അജയ് ശേഖര്‍. ഓണത്തിന്റെ ചിഹ്നശാസ്ത്രങ്ങളും ബിംബകല്‍പ്പനകളും അതൊരു ബൗദ്ധആചാരമാണെന്ന് നിസ്സംശയം തെളിയിക്കുന്നുണ്ട്. ബുദ്ധന്റെ അഹിംസയില്‍നിന്നാണ് സസ്യഭക്ഷണം ഒരു രീതിയായി വികസിച്ചത് എന്നതില്‍ സംശയമില്ല.
onam-7ഓണസദ്യ സസ്യഭക്ഷണമാവാന്‍ ഈ ബൗദ്ധബന്ധമായിരിക്കണം കാരണമായിത്തീര്‍ന്നത്. മാത്രമല്ല, ചുറ്റുവട്ടങ്ങളില്‍നിന്നും പറിച്ചെടുത്ത പൂക്കളാണ് പൂക്കളത്തിന് ഉപയോഗിക്കുക. (ഇപ്പോഴങ്ങനെ അല്ലെങ്കിലും) തഥാഗതന്‍ പൂജ ചെയ്തതും നാട്ടുപൂക്കള്‍ ഉപയോഗിച്ചാണ്. ശ്രീലങ്കയിലെ ബുദ്ധമതാനുയായികള്‍ നാട്ടുപൂക്കള്‍ അവരുടെ പൂജകളില്‍ ഉള്‍പ്പെടുത്തുന്നതു തന്നെ ഇതിന്റെ തെളിവാണ്. പൂക്കളത്തിന് നടുവില്‍ വയ്ക്കുന്ന സ്തൂപവും ബുദ്ധിസ്റ്റ് ആര്‍കിടെക്ചറല്‍ രൂപമാണ്. പത്മാസനത്തിലിരിക്കുന്ന ബുദ്ധനെയാണ് ഇത്തരം സ്തൂപങ്ങള്‍ പ്രതിനിധീകരിച്ചിരുന്നത്. പില്‍ക്കാലത്ത് ഹിന്ദുത്വം ഇത് തങ്ങളുടേതാക്കുകയായിരുന്നു- ഓണത്തിന്റെ ബൗദ്ധപാരമ്പര്യത്തെ അജയ് ശേഖര്‍ പറഞ്ഞുറപ്പിക്കുന്നത് ഇങ്ങനെയാണ്.
ഓണക്കോടിയുടെ നിറവും മഞ്ഞയായിരുന്നില്ലേ? മഞ്ഞവസ്ത്രവും ബൗദ്ധപാരമ്പര്യത്തിന്റേതു തന്നെ. ദക്ഷിണേന്ത്യയാകെ വ്യാപിച്ച ബുദ്ധമതത്തെ ബ്രാഹ്മണമതം ഹിംസാത്മകമായി നേരിട്ടതിന്റെ തെളിവുകള്‍ ഇന്നും ലഭ്യമാണ്. അത്തരമൊരു കഥയായിരിക്കണം മഹാബലിയുടേതും. തൃക്കാക്കരയും സമീപപ്രദേശങ്ങളും ഒരു കാലത്ത് ബുദ്ധ-ജൈന മതങ്ങള്‍ക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ടല്ലോ.
തങ്ങളില്‍ ഉള്‍പ്പെടാത്ത അധികാരകേന്ദ്രത്തെ ചവിട്ടിപ്പുറത്താക്കിയതിന്റെ ഓര്‍മദിനമാവാം ഓണവും. കാരണം മഹാബലി അസുരന്‍ ആണെന്നാണല്ലോ സവര്‍ണഭാഷ്യം. തങ്ങള്‍ക്കെതിരായവനെ അസുരനായും വാനരനായും രാക്ഷസനായും ചിത്രീകരിക്കുകയും തരംകിട്ടുമ്പോള്‍ ബലം പ്രയോഗിച്ചോ കൗശലം ഉപയോഗിച്ചോ ഇല്ലായ്മപ്പെടുത്തുകയുമാണല്ലോ സവര്‍ണ പാരമ്പര്യം.  വര്‍ണാശ്രമങ്ങളും ജാത്യാചാരവും ഇല്ലാത്ത, മാനുഷര്‍ എല്ലാരും ഒന്നുപോലെയുള്ള ഒരു രാജ്യം അക്കാലത്ത് ഒരു ബൗദ്ധരാജാവിന്‍ കീഴിലെ ഉണ്ടാവാന്‍ ഇടയുള്ളൂ. ആ രാജാവിനെയാണ് കൗശലം ഉപയോഗിച്ച് ബ്രാഹ്മണമതം അധികാരഭൃഷ്ടമാക്കിയിരിക്കുക. എന്നാല്‍, ഒരു മാതൃകാഭരണക്രമത്തിന്റെ സ്മരണകളെ എതിര്‍ത്തുതോല്‍പ്പിക്കുക അത്രയെളുപ്പമല്ല. അതുകൊണ്ടാവും അതിന്റെ ഓര്‍മകളെയും ആ ഓര്‍മയുടെ അനുഷ്ഠാനങ്ങളെയും സവര്‍ണ ഹിന്ദുത്വം പില്‍ക്കാലത്ത് സ്വാംശീകരിച്ചത്- എതിര്‍ത്തുതോല്‍പ്പിക്കാന്‍ കഴിയാത്തതിനെ സ്വന്തമാക്കി അവതരിപ്പിക്കുന്ന സവര്‍ണ കാപട്യം തുറന്നുകാട്ടുകയാണ് ഡോ. അജയ് ശേഖര്‍.

ഓണം കേരളത്തിന്റെ ദേശീയോല്‍സവമോയെന്ന ചോദ്യം ശരാശരി മലയാളിയില്‍ അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമുണ്ടാക്കാന്‍ ഇടയില്ല. എന്നാല്‍, 1960നു മുമ്പ് ഓണം കേരളത്തിന്റെ ദേശീയോല്‍സവം ആയിരുന്നില്ലായെന്നതാണ് സത്യം.  പട്ടം താണുപിള്ള സര്‍ക്കാരാണ് ഓണത്തെ കേരളത്തിന്റെ ദേശീയോല്‍സവമായി പ്രഖ്യാപിച്ചത്. കൊച്ചി-കോഴിക്കോട് രാജാക്കന്മാര്‍ ആഘോഷിച്ചുവന്നിരുന്നതും പിന്നീട് നിലച്ചുപോയതുമായ അത്താഘോഷത്തെ പുനരുജ്ജീവിപ്പിച്ചതും പട്ടം സര്‍ക്കാരായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഓണം വാരാഘോഷം.

ഓണം കേരളീയമല്ല
ലക്ഷണമൊത്ത കേരളത്തനിമയുള്ള ഒരു ആഘോഷമാണ് ഓണം എന്ന സവര്‍ണന്യായത്തെ ചരിത്രപണ്ഡിതന്മാരും സാംസ്‌കാരികനായകന്മാരും ആദ്യം മുതല്‍ക്കേ ചോദ്യം ചെയ്തുവന്നിരുന്നു. ഓണം, കേരളീയമോ, എന്തിന് ഭാരതീയം പോലുമല്ലെന്ന എന്‍. വി. കൃഷ്ണവാര്യരുടെ നിരീക്ഷണം തന്നെ ഉദാഹരണം. പുരാതന ഇറാഖിലെ അസീറിയയില്‍നിന്നാണ് ഓണാചാരങ്ങളുടെ തുടക്കമെന്നാണ് അദ്ദേഹം കരുതുന്നത്. അസീറിയക്കാര്‍ ക്രിസ്തുവിന് 200 വര്‍ഷം മുമ്പ് തെക്കേ ഇന്ത്യയില്‍ സ്ഥാനം ഉറപ്പിച്ചതോടെയാണ് ഓണം ദക്ഷിണേന്ത്യയിലേക്ക് കടന്നുവന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ക്രിസ്തുവിന് മുന്നൂറു വര്‍ഷം മുമ്പു മുതല്‍ രചിക്കപ്പെട്ടു തുടങ്ങിയ സംഘകാലകൃതികളില്‍ ‘ഇന്ദ്രവിഴ’യെന്ന പേരില്‍ ഉല്‍സവത്തെക്കുറിച്ച് പറയുന്നുണ്ട്. ഓണത്തിന്റെ ഉദ്ഭവത്തെ ഇതുമായി ചിലര്‍ ബന്ധപ്പെടുത്തുന്നു. അതേസമയം, ചരിത്രകാരനായ രാജന്‍ ഗുരുക്കള്‍ ‘ഇന്ദ്രവിഴ’ ഒരു വ്യാപാരോല്‍സവം മാത്രമാണെന്നു വിശദീകരിച്ചിട്ടുണ്ട്. സംഘകാല പതിറ്റുപത്തുകളില്‍ ഒന്നായ ‘മധുരൈ കാഞ്ചി’യില്‍ ഓണത്തെപ്പറ്റി വ്യക്തമായ
പരാമര്‍ശമുണ്ട്. പക്ഷേ, മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്നു ‘മധുര’യിലെ ഓണാചരണം എന്ന പക്ഷത്താണ് ചരിത്രകാരന്മാരില്‍ ഏറെയും.
ആന്ധ്രയിലെ ഏറ്റവും പ്രാചീനമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രതിഷ്ഠ ബാലാജിയാണ്. ബാലാജിയെന്ന ബാലദേവന്‍ വാമനന്‍ അല്ലാതെ മറ്റാരുമല്ല. ശ്രാവണമാസത്തില്‍ ഇവിടെ ആഘോഷിക്കുന്നതും വാമനവിജയം തന്നെയാണ്. ചുരുക്കത്തില്‍ ലോകത്തിന്റെ പല ഭാഗത്തും ഓണത്തോട് സദൃശ്യമായ മിത്തുകളും ആചാരങ്ങളും വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളില്‍ ആചരിക്കപ്പെടുന്നുണ്ടെന്നു വ്യക്തം. ഓണം തനി കേരളീയമെന്ന വാദം ഇവിടെ തകര്‍ന്നടിയുകയാണ്.
മതേതരം, കേരളീയം എന്നൊക്കെയുള്ള അലങ്കാരങ്ങള്‍ സാമാന്യയുക്തിക്കു നിരക്കുന്നതല്ലെന്ന് വ്യക്തമാവുന്നുണ്ടെങ്കിലും ഒരാള്‍ക്കും അവഗണിക്കാന്‍ കഴിയാത്തവിധം ഓണം കേരളീയന്റെ സ്വന്തമായി കഴിഞ്ഞു. ഒരുതുണ്ടുഭൂമി സ്വപ്‌നമായി ഇന്നും അവശേഷിക്കുന്ന ദലിതനും ഇന്ന് ‘കാണം വിറ്റും ഓണമുണ്ണണ’മെന്ന ദുശ്ശാഠ്യക്കാരനായി മാറിയിട്ടുണ്ട്. സുന്നഹദോസ് വിലക്കിയെങ്കിലും സുറിയാനി ക്രിസ്ത്യാനിക്കും ഓണം ഒഴിച്ചുകൂടാനാവില്ല. എല്ലാവരും ഓണലഹരിയിലാണ്. ഓണത്തിന്റെ സവര്‍ണ സാംസ്‌കാരിക യുക്തിയെ വിപണിയുടെ കൗശലം സമര്‍ഥമായി കമ്പോളവല്‍ക്കരിച്ചതാണ് ഇന്നത്തെ ഓണ
ലഹരി. ഓണം എന്ന തനിമലയാള പദത്തോട് ഇന്ന് ഏറ്റവും ഭംഗിയായി സമന്വയിക്കുന്നത് ‘ഓഫര്‍’ എന്ന ആംഗലേയ പദമാണ്. കേരള വിപണിയെ വിജ്രംഭിപ്പിക്കുന്ന വ്യാപാരോല്‍സവമാണ് ഓണക്കാലം. വിപണിയിലേക്ക് പമ്പു ചെയ്യപ്പെടുന്ന പണത്തിന്റെ ഒരു ഭാഗം പരസ്യവരുമാനമായി തങ്ങളുടെ കീശയിലേക്കും മാധ്യമങ്ങള്‍ ഏറ്റുവാങ്ങുന്നു. പകരം, കസവുകുപ്പായങ്ങളും തൊലിവെളുപ്പും ‘പൂവേ പൊലിയും’ പൂണൂലിട്ട മാവേലിയും അവര്‍ മനുഷ്യമനസ്സുകളിലേക്ക് കടത്തിവിടുന്നു.
മാധ്യമങ്ങളുടെ ഈ ‘ഡബിള്‍ ഏജന്റ്’ കളി സാമാന്യയുക്തികൊണ്ടു പോലും അളക്കാനാവാതെ മലയാളി ഈ വാചാടോപങ്ങളില്‍ അഭിരമിക്കുകയാണ്. നവസാമൂഹിക മാധ്യമങ്ങളിലെ മലയാളി സാന്നിധ്യത്തില്‍ ബഹുഭൂരിപക്ഷം വരുന്ന പ്രവാസികള്‍ ഓണപോസ്റ്റുകള്‍ കൊണ്ട് പൂക്കളങ്ങള്‍ തീര്‍ത്ത് ഗൃഹാതുരത്വം പ്രകടിപ്പിക്കാന്‍ കൂടി തുടങ്ങിയതോടെ ശരാശരി മലയാളി ഓണത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാവാത്ത സ്ഥിതിയിലുമായി. സൈബര്‍ ലോകവും മതവും മാധ്യമങ്ങളും കോര്‍പറേറ്റുകളുമൊക്കെ ചേര്‍ന്ന് സവര്‍ണബിംബങ്ങളും വിപണിതാല്‍പ്പര്യങ്ങളും സാധാരണക്കാരന്റെ മനസ്സിലേക്ക് ഒളിച്ചുകടത്തുമ്പോള്‍ ഇതല്ല ഓണമെന്ന് ആരെങ്കിലുമൊക്കെ പറയേണ്ടതില്ലേ?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss