|    Apr 24 Mon, 2017 3:10 am
FLASH NEWS

ആരുടെയും കഴുത്തിന് പിടിച്ച് സൈന്യത്തിനു സംഭാവന വേണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

Published : 26th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് സംഭാവനകള്‍ നല്‍കേണ്ടത് സ്വമേധയായാണെന്നും ആരുടെയും കഴുത്തിന് പിടിച്ച് വാങ്ങേണ്ടതില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇന്ത്യന്‍ സിനിമകളില്‍ പാകിസ്താന്‍ നടന്‍മാരെ അഭിനിയിപ്പിക്കുന്ന നിര്‍മാതാക്കള്‍ രാജ്യത്തെ സൈന്യത്തിന് 5 കോടി രൂപ നല്‍കണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) മുന്നോട്ടുവച്ച   വ്യവസ്ഥയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സൈനിക ഫണ്ടിലേക്ക് നല്‍കുന്ന സംഭാവനകള്‍ സ്വമേധയാ നല്‍കണം. ആരെയും ഭീഷണിപ്പെടുത്തി വാങ്ങുന്നതിനെ പിന്തുണക്കില്ലെന്നു പരീക്കര്‍ പറഞ്ഞു. രാജ്യത്തെ പലരും ജവാന്‍മാര്‍ക്കും രക്തസാക്ഷികള്‍ക്കും സ്വമേധയാ സംഭാവന നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ആര്‍ക്കും സൈനികയുദ്ധ ദുരന്ത ഫണ്ടിലേക്ക് സംഭാവന ചെയ്യാം. പല സമയത്തും, ചില സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ ആളുകള്‍ ബന്ധപ്പെട്ട ജവാന് ചെക്ക് നല്‍കണമെന്ന ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ നിരവധി ആളുകളില്‍നിന്ന് അഭ്യര്‍ഥനകള്‍ ഉണ്ടായിരുന്നു. അതിനാല്‍ ആര്‍ക്കും സ്വമേധയാ അങ്ങനെ ചെയ്യാം. ഇതിന് പുറമെ സര്‍ക്കാരും ഓരോ രക്തസാക്ഷിയുടെ കുടുംബത്തിനും ആനൂകൂല്യം ലഭ്യമാക്കുന്ന പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിന്റെ രീതിയില്‍  ഒരു പദ്ധതി നടപ്പാക്കും. ഇത് ഒരു സന്നദ്ധ സംഭാവനയാണ്. പ്രതിരോധ മന്ത്രാലയം നിയന്ത്രിക്കുന്നതും നിരന്തരവുമായ ഒരു പ്രക്രിയയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാളെ ആര്‍ക്കെങ്കിലും സൈന്യത്തിന് സംഭാവന നല്‍കണമെങ്കില്‍ അങ്ങനെയാവാം. പരീക്കര്‍  ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day