|    Oct 21 Sun, 2018 6:09 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആരും അധികം അറിയാത്ത കുഞ്ഞിക്ക

Published : 28th October 2017 | Posted By: fsq

 

ഡോ. എസ് അബ്ദുല്‍ ഖാദര്‍

കുഞ്ഞിക്ക കന്യാവനം എഴുതുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുന്ന സമയം. എണ്‍പതുകളുടെ ആദ്യം. അന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോ. സി ബി സി വാര്യര്‍ സാറിന്റെ ജൂനിയര്‍ ഡോക്ടറായി ഞാന്‍ പഠനപരിശീലനത്തില്‍. രണ്ടുമാസം വടകരയിലെ കുഞ്ഞിക്കയുടെ നഴ്‌സിങ്‌ഹോം നോക്കിനടത്തണം. ഒട്ടുംതന്നെ ആലോചിക്കാതെ സമ്മതം മൂളി. സ്മാരകശിലകളും മരുന്നും മനസ്സില്‍ നിറഞ്ഞുനിന്ന കാലം. ആലപ്പുഴയില്‍ വൈദ്യവിദ്യാഭ്യാസം നടത്തിയ കാലത്തായിരുന്നു സ്മാരക ശിലകള്‍ ആഴ്ചപ്പതിപ്പ് കാത്തിരുന്ന് ആര്‍ത്തിയോടെ വായിച്ചിരുന്നത്. എറമുള്ളക്കാക്കും പൂക്കുഞ്ഞുബിക്കും ഖാന്‍ ബഹാദൂര്‍ പൂക്കോയ തങ്ങള്‍ക്കും എല്ലാം ജന്മം നല്‍കിയ നാടും അവര്‍ക്ക് മാന്ത്രിക പരിവേഷമേകി നിത്യജീവിതം നല്‍കി അവിസ്മരണീയരാക്കിയ ആ അതുല്യ പ്രതിഭയെയും നേരിട്ടു കാണാനുള്ള അവസരമാണ് വന്നു മുന്നില്‍നിന്നത്. രണ്ടാമതൊന്നു ചിന്തിക്കാനില്ലായിരുന്നു. വടകരയില്‍ ആദ്യം പോയത് അന്നായിരുന്നു. വെളുത്ത സുന്ദരനായ, മലര്‍ന്ന ചുണ്ടുകള്‍ വളച്ച് കലപില സംസാരിക്കുന്ന കുഞ്ഞിക്കാക്ക് വലിയ സ്‌നേഹവും കരുതലും ഉണ്ടായിരുന്നു. വടകരയിലെയും ഡല്‍ഹിയിലെയും അലിഗഡിലെയും കഥകള്‍ പറഞ്ഞ് രാത്രിയില്‍ വീടിന്റെ മുകള്‍ത്തട്ടിലെ സ്വകാര്യ മുറിയില്‍ ചെലവിട്ട നിമിഷങ്ങള്‍. ഗള്‍ഫില്‍ നിന്നു തിരിച്ചുവന്നപ്പോള്‍ പറഞ്ഞു ചിരിച്ചു:””കാദര്‍ ഇവിടെ കൂടിക്കോ. രോഗികള്‍ക്കു വലിയ ഇഷ്ടമായി. ഒരു പരാതിയേ ഉള്ളു. സൂചി മാത്രം കൊച്ച് ഡോക്ടര്‍ക്ക് തരാന്‍ മടി. ഡോക്ടറെ ഇവിടെ എന്തിനും ഒരു സൂചി വച്ചാല്‍ മതി. അവര്‍ ചോദിക്കുമ്പോള്‍ അതു കൊടുക്കണം.”” അതിനുശേഷവും പലപ്പോഴും ഞാന്‍ വടകരയിലെ കുഞ്ഞിക്കയുടെ വീട്ടില്‍ പോയിരുന്നു. പല യോഗസ്ഥലങ്ങളില്‍ വച്ചും അദ്ദേഹത്തെ കണ്ടു. ചിരപരിചിത സുഹൃത്തുക്കളെപ്പോലെയുള്ള സ്‌നേഹവായ്പ് കണ്ട് ഒരിക്കല്‍ കൂടെയുണ്ടായിരുന്ന ഭാര്യയും മക്കളും അതിശയിച്ചു.കുഞ്ഞിക്കായുടെ കഥയും നുറുങ്ങുകളും കഴിഞ്ഞേ ഏതു മാസിക കിട്ടിയാലും മറ്റെന്തും വായിക്കാറുണ്ടായിരുന്നുള്ളൂ. അത്തരത്തിലൊരു മാസ്മരികത അദ്ദേഹത്തിന്റെ രചനകള്‍ക്കുണ്ടായിരുന്നു.  അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടും അഭിപ്രായങ്ങളും വ്യക്തിജീവിതത്തിലെ സ്വാതന്ത്ര്യപ്രഖ്യാപനവും എല്ലാം അനന്യസാധാരണമായിരുന്നു. ഒരിക്കല്‍ കോട്ടയത്ത് വച്ച് ബാലരമ മോഹന്‍ മാധവിക്കുട്ടിയുടെ മതംമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കുഞ്ഞിക്ക പറഞ്ഞ മറുപടി ഈ വ്യത്യസ്ത കാഴ്ചപ്പാടിന്റെ ഉദാഹരണമാണ്:””ആമി സമുദ്രത്തില്‍ നീന്തിത്തുടിച്ച മീനായിരുന്നു. അവര്‍ ചെറിയൊരു കുളത്തിലേക്ക് എടുത്തുചാടി. അത്രയും സ്വാതന്ത്ര്യം കുറഞ്ഞു.” പുനത്തില്‍ കുഞ്ഞബ്ദുല്ലയെക്കുറിച്ച് കനപ്പെട്ട പഠനമൊന്നും ഇതുവരെ നടന്നിട്ടില്ല. ആനുകാലികങ്ങളില്‍ വന്നിട്ടുള്ള ചില ലേഖനങ്ങള്‍, താഹ മാടായിയും മറ്റും നടത്തിയ ഇന്റര്‍വ്യൂ എല്ലാം മനസ്സില്‍ വരുന്നുണ്ട്. അതെല്ലാം വളരെ അപൂര്‍ണങ്ങള്‍ മാത്രമാണ്.  അവസാനം  രോഗാതുരനായി ജീവിക്കുന്ന വാര്‍ത്തയും പടവും വന്നപ്പോള്‍ മനസ്സില്‍ ഒരു തേങ്ങല്‍. മാത്യു മണര്‍കാട് എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ അത് ഒന്നുകൂടി വര്‍ധിച്ചു. കലപില സംസാരിച്ചു നമ്മെ സ്‌നേഹംകൊണ്ട് വരിഞ്ഞുമുറുക്കുന്ന ഒരു കുഞ്ഞിക്കായെ ഇനി തിരിച്ചുകിട്ടിെല്ലന്ന് എനിക്കു തോന്നി. ഏതോ ഓണപ്പതിപ്പില്‍ വന്ന അദ്ദേഹത്തിന്റെ നാരി മികച്ചിടം എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നോവലറ്റ് ആയിരുന്നു. ആ വിവരം അദ്ദേഹത്തിന് എഴുതിയ ഒരു കുറിപ്പ് വിലാസം എഴുതി പോസ്റ്റ് ചെയ്യാന്‍ മറന്നുവച്ചത്. ഞാന്‍ അത് വീണ്ടും വായിച്ച് ബുക്കില്‍ തന്നെ വച്ചു. ഇനി അത് അവിടെ തന്നെ ഇരിക്കട്ടെ. എംടി ആള്‍ക്കൂട്ടത്തില്‍ തനിയെയില്‍ പറഞ്ഞതുപോലെ, ഇവിടെ വച്ച് അവിടെ വച്ച് അല്ലെങ്കില്‍ എവിടെ വച്ചെങ്കിലും നേരില്‍ കാണുമ്പോള്‍ നേരിട്ടു നല്‍കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss