|    Jun 20 Wed, 2018 2:01 am
Home   >  Editpage  >  Editorial  >  

ആരാധനാലയങ്ങള്‍ അങ്കക്കളരികളാവുമ്പോള്‍

Published : 9th July 2016 | Posted By: SMR

മലപ്പുറം ജില്ലയിലെ കക്കോവില്‍ റമദാന്‍ മാസത്തില്‍പ്പോലും പ്രാര്‍ഥന നടത്താനാവാതെ ഒരു ജുമാമസ്ജിദ് പൂട്ടിക്കിടക്കുകയാണ്. കാരണം, എപി-ഇകെ സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള അധികാരത്തര്‍ക്കം. അയല്‍പ്രദേശമായ വാഴയൂര്‍ മൂളപ്പുറത്ത് പെരുന്നാള്‍ പിറ്റേന്ന് രണ്ടുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലും കത്തിക്കുത്തുമുണ്ടായി. പെരുന്നാള്‍ ദിവസം വാണിമേലിലുമുണ്ടായി ഏറ്റുമുട്ടല്‍. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിലെ മുസ്‌ലിംസമുദായത്തിലെ ഏറ്റവും പ്രബലമായ സുന്നികളില്‍പ്പെട്ട രണ്ടുവിഭാഗക്കാര്‍ തമ്മിലുള്ള ചേരിപ്പോരുകള്‍ക്ക് ആരാധനാലയങ്ങള്‍ വേദിയാവുകയും അതുമൂലം പ്രാര്‍ഥനകള്‍ മുടങ്ങുകയും പള്ളികള്‍ പൂട്ടിക്കിടക്കുകയുമാണെന്നാണ്. നോമ്പുകാലത്തും പെരുന്നാള്‍ദിവസവുമൊക്കെ മതപണ്ഡിതന്മാരും പൗരപ്രമുഖരും മറ്റും പോലിസ് സ്‌റ്റേഷനുകളിലും വക്കീലോഫിസുകളിലും കോടതിമുറികളിലും കയറിയിറങ്ങി സമയവും ഊര്‍ജവും പണവും ചെലവഴിക്കേണ്ടിവരുന്നു. ഈ നഷ്ടം മുഴുവന്‍ സംഭവിക്കുന്നത് വിഭാഗീയതയുടെ പേരില്‍.
മതകാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാവുന്നത് സ്വാഭാവികമാണ്. മതാതീതമായ കാര്യങ്ങളിലും സംഘടനകള്‍ പരസ്പരം കലഹിച്ചെന്നുവരാം. പക്ഷേ, അത് പള്ളി കൈയേറ്റങ്ങളിലും ആരാധനാകാര്യങ്ങളിലുള്ള ഇടപെടലിലും കത്തിക്കുത്തിലും കൊലപാതകങ്ങളിലും എത്തിച്ചേരുന്നത് സങ്കടകരമാണ്. സുന്നി വിഭാഗക്കാര്‍ക്കിടയില്‍ മാത്രമല്ല ഇത്തരം തര്‍ക്കങ്ങളുള്ളത്. ഉല്‍പതിഷ്ണുവിഭാഗമെന്ന് കരുതപ്പെടുന്ന സലഫികള്‍ പിളര്‍ന്ന് ഒരുപാടു കൂട്ടരായി മാറി തര്‍ക്കത്തിലും സംഘര്‍ഷത്തിലുമേര്‍പ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കൊച്ചിയിലെ മദീനാ മസ്ജിദിന്റെ ഭരണാധികാരം പിടിച്ചെടുക്കാന്‍വേണ്ടി ജമാഅത്തെ ഇസ്‌ലാമിക്കാര്‍ കൈക്കരുത്തു കാട്ടിയത് വെള്ളിയാഴ്ച ദിവസത്തെ പ്രാര്‍ഥനാവേളയിലാണ്. മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല പള്ളിത്തര്‍ക്കമെന്നും ക്രിസ്തീയസഭകള്‍ ഇക്കാര്യത്തില്‍ ഒരുപടി മുന്നിലാണെന്നും പറഞ്ഞ് ഇമ്മാതിരി സംഭവങ്ങളെ നിസ്സാരമാക്കി തള്ളുന്നവരുണ്ട്. പക്ഷേ, മുസ്‌ലിംകളുടേതായാലും ക്രിസ്ത്യാനികളുടേതായാലും പള്ളികളുമായി ബന്ധപ്പെട്ടു നടക്കുന്ന തമ്മില്‍ത്തല്ല്, വിശ്വാസികളുടെ ആത്മീയവിഷയം മാത്രമല്ല. അതിന് രാഷ്ട്രീയവും സാമൂഹികവുമായി ആഴത്തിലുള്ള വിവക്ഷകളുണ്ട് എന്നത് മറന്നുകൂടാ.
രാജ്യത്ത് ആധിപത്യമുറപ്പിക്കാനും ന്യൂനപക്ഷസമുദായങ്ങളെ അടിച്ചമര്‍ത്താനും ഭൂരിപക്ഷ വര്‍ഗീയത നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തി കൈവന്ന സമയമാണിത്. കേരളത്തിലും നമ്പൂതിരി മുതല്‍ നായാടിവരെയുള്ളവരെ ഒന്നിപ്പിക്കാനുള്ള ഉദ്യമങ്ങള്‍ക്ക് കുറേശ്ശെയായി ഫലം കണ്ടുവരുന്നു. ഹിന്ദു ഐക്യം ഉയര്‍ത്തിപ്പിടിക്കുകയും ന്യൂനപക്ഷവിരോധം എന്ന ആശയത്തിന് സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുമ്പോള്‍ കേവലമായ അഹംബോധങ്ങളുടെ പേരില്‍ ആരാധനാലയങ്ങള്‍ അങ്കക്കളരികളാക്കുകയാണോ ന്യൂനപക്ഷസമുദായക്കാര്‍ ചെയ്യേണ്ടത്? പരസ്പരം കൊലവിളി നടത്തുന്ന സുന്നികള്‍ തമ്മില്‍ ആദര്‍ശപരമായി എന്തു വ്യത്യാസമാണുള്ളത്? ഇസ്‌ലാം സ്‌നേഹത്തിന്റെ മതമാണെങ്കില്‍ ഈ സ്‌നേഹം സ്വന്തം സമുദായത്തില്‍പ്പെട്ട മറ്റേ ഗ്രൂപ്പുകാരനോടും ഇത്തിരിയെങ്കിലും കാണിച്ചുകൂടേ?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss