|    Apr 22 Sun, 2018 3:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആരാധനാലയങ്ങളില്‍ നല്‍കുന്നതിന്റെ ഒരു പങ്ക് സ്‌കൂളുകള്‍ക്കും നല്‍കണം

Published : 6th September 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ കലാ-കായിക പരിശീലനം മെച്ചപ്പെടുത്താന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളില്‍ സംസ്ഥാനതല അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനായി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 13 ജില്ലകളിലെ ഓരോ സ്‌കൂളുകളില്‍ പ്രത്യേക കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. കുട്ടികളുടെ ജീവിതശൈലി രൂപീകരിക്കുന്നതില്‍ അധ്യാപകര്‍ക്ക് പ്രമുഖ പങ്ക് വഹിക്കാനുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആത്മബന്ധം വളര്‍ത്തണം. അധ്യാപക-വിദ്യാര്‍ഥി ബന്ധം ഗാഢമല്ലെങ്കില്‍ അത് ഭാവിതലമുറയെ ബാധിക്കും. കുട്ടികളുടെ സാഹചര്യം മനസ്സിലാക്കി വേണ്ട പരിഗണന നല്‍കാന്‍ അധ്യാപകര്‍ക്കാവണം.
ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ ഡിജിറ്റലാക്കി മാറ്റുന്നത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവും. ഇതിന് സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജനകീയ പിന്തുണ ആവശ്യമാണ്. ആരാധനാലയങ്ങളില്‍ നല്‍കുന്നതിന്റെ ഒരു പങ്ക് സ്‌കൂളുകളാവുന്ന സരസ്വതീക്ഷേത്രങ്ങള്‍ക്ക് നല്‍കിയാല്‍ തന്നെ ഇതിന്റെ ഫണ്ടിന് ബുദ്ധിമുട്ടേണ്ടിവരില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മനുഷ്യജീവന് ഭീഷണിയായ ജീവിതശൈലീ രോഗനിയന്ത്രണത്തിന് വിപുലമായ ബോധവല്‍ക്കരണപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് പ്രഥമസ്ഥാനമാണുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ജീവിതശൈലി എന്ന വിഷയത്തില്‍ സന്ദേശവും വിദ്യാഭ്യാസമന്ത്രി നല്‍കി. സംസ്ഥാന അധ്യാപക അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഡോ. എ സമ്പത്ത് എംപി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, വി എസ് ശിവകുമാര്‍ എംഎല്‍എ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഗോപാലകൃഷ്ണ ഭട്ട് പങ്കെടുത്തു.
മയക്കുമരുന്നു മാഫിയകള്‍ക്കെതിരേ കൂട്ടായ ജാഗ്രത വേണം
തിരുവനന്തപുരം: മയക്കുമരുന്നു മാഫിയകളുടെ കരങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ കടക്കാതിരിക്കാന്‍ നാം ജാഗ്രതപുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപകദിനാഘോഷവും സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണവും അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയത്തിന്റെ ചുറ്റുപാടിലേക്ക് വരേണ്ടാത്തവര്‍ വരുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. അതിനു തടയിടാന്‍ അധ്യാപകര്‍ക്കും അധ്യാപക-രക്ഷാകര്‍തൃസമിതികള്‍ക്കും കഴിയണം. സര്‍ക്കാരിന്റെ ശ്രദ്ധയ്ക്കപ്പുറം അധ്യാപകരും രക്ഷാകര്‍ത്താക്കളും ശ്രദ്ധപുലര്‍ത്തണം. കുട്ടികളുടെ കണ്ണ് കലങ്ങിയാല്‍ അതെന്തുകൊണ്ടെന്ന് അന്വേഷിക്കാനുള്ള ശ്രദ്ധ അധ്യാപകര്‍ക്കുണ്ടാവണം.
പൊതുവിദ്യാലയങ്ങളില്‍ വ്യത്യസ്തതലത്തിലും സാഹചര്യത്തിലും നിന്നുള്ള കുട്ടികളുണ്ട്. വീട്ടിലെ പ്രത്യേക സാഹചര്യങ്ങള്‍ കാരണം ശരാശരിയില്‍ താഴെ പോവുന്ന കുട്ടികളുണ്ടാവാം. അത്തരത്തിലുള്ള കുട്ടികളില്‍ പ്രത്യേകശ്രദ്ധയും പിന്തുണയും അധ്യാപകര്‍ നല്‍കണം. കൂട്ടായ മനസ്സോടെ സ്‌കൂളുകളുടെ അഭിവൃദ്ധിക്ക് അധ്യാപകര്‍ ശ്രമിക്കണം. പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്ന നടപടികളില്‍ സര്‍ക്കാരിനൊപ്പം പൂര്‍വവിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും വലിയ പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss