|    Jun 23 Sat, 2018 9:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആരാധനാലയം പണിയല്‍ : സര്‍ക്കാര്‍ ഭൂമി അനുവദിക്കാമോഎന്ന് സുപ്രിംകോടതി പരിശോധിക്കുന്നു

Published : 23rd January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആരാധനാലയങ്ങള്‍ പണിയാന്‍ സ്വകാര്യ സംഘടനയ്ക്ക് സൗജന്യമായി ഭൂമി സര്‍ക്കാരിന് അനുവദിക്കാനാവുമോ എന്നു പരിശോധിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. 1986ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉള്ളകരം ഗ്രാമത്തില്‍ പള്ളി പണിയാന്‍ 0.27 ഏക്കര്‍ ഭൂമി അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ ബെഞ്ച് വാദം കേള്‍ക്കുക. ഇത്തരം കേസുകളിലെ എല്ലാ ഹരജികളും കോടതി ഒന്നിച്ച് പരിഗണിക്കും. രണ്ടു വര്‍ഷത്തിനകം പള്ളി പണിതില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി എത്തി. പള്ളി പണിയാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരന്‍ പറഞ്ഞത്. തുടര്‍ന്ന് നിരവധി ഹരജികള്‍ കോടതിയിലെത്തി. ഭൂമി പള്ളി നിര്‍മാണത്തിനായി സംസ്‌കാരിക സംഘടനയ്ക്ക് കൈമാറാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. പ്രദേശത്ത് ധാരാളം മുസ്‌ലിം കുടുംബങ്ങളുണ്ടെന്നും അവര്‍ക്ക് പ്രാര്‍ഥിക്കാന്‍ ദൂരെ പോവേണ്ടിവരുന്നുണ്ടെന്നതും കണക്കിലെടുത്തായിരുന്നു കോടതി ഉത്തരവ്. മത കാര്യങ്ങള്‍ക്ക് ഭൂമി കൈമാറി എന്ന കാരണത്താല്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം മാറുന്നില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഹൈക്കോടതി ഉത്തരവിനെതിരേ ചെന്നൈ സബര്‍ബന്‍ വെല്‍ഫെയര്‍ അസോസിയേഷനാണ് സുപ്രിംകോടതിയെ സമീപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss