|    Oct 16 Tue, 2018 4:14 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആരാധകരെ ത്രസിപ്പിച്ച് ഫിഫ പുരസ്‌കാരം

Published : 11th January 2017 | Posted By: fsq

 

സൂറിച്: ഫ്രഞ്ച് മാഗസിന്‍ ആരംഭിച്ചതാണെങ്കിലും 2010 മുതല്‍ ഫിഫ ബലന്‍ദ്യോര്‍ എന്നറിയപ്പെട്ട ബഹുമതിക്ക് ലോകം ഒരു അര്‍ഥമേ കണ്ടിരുന്നുള്ളൂ, കാല്‍പന്തിലെ ഏറ്റവും ഉയര്‍ന്ന ബഹുമതി. ഫിഫയില്‍ ജിയാനി ഇന്‍ഫാന്റിനോ യുഗത്തിന് തുടക്കം കുറിച്ചതോടെ സ്വന്തം നിലയില്‍ അവാര്‍ഡ് നല്‍കാനുള്ള തീരുമാനം ഒരുപക്ഷേ, വന്‍ വിജയമായിരുന്നുവെന്നതിന് ഇന്നലെ ലോകം സാക്ഷ്യംവഹിച്ചു. ഇന്ന് ബലന്‍ദ്യോറിനേക്കാള്‍ ഒരുപടി മുകളില്‍, ഫിഫ ബെസ്റ്റ്് അവാര്‍ഡ് സ്ഥാനംപിടിച്ചിരിക്കുന്നു. ഒണ്‍ലൈന്‍ വോട്ടിങിന് അവസരം നല്‍കി ആരാധകരെ ത്രസിപ്പിച്ചാണ് ഫിഫ പുരസ്‌കാരദാനം സംഘടിപ്പിച്ചത്. ഏവരും പ്രതീക്ഷിച്ചപോലെ, പോയവര്‍ഷം കാല്‍പന്ത് കളിയിലെ മാന്ത്രിക പ്രകടനം കൊണ്ട് ലോകജനതയെ വിസ്മയിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാലാം തവണ ലോകഫുട്‌ബോളര്‍ പട്ടം തന്റെ പേരിനൊപ്പം ചേര്‍ത്തു. എതിരാളികളെ നിലംപരിശാക്കി മിന്നല്‍ ആക്രമണത്തില്‍ കത്തിക്കയറുന്ന റൊണാള്‍ഡോ തരംഗം റയല്‍ മാഡ്രിഡിനും പോര്‍ച്ചുഗല്ലിനും ചരിത്രപുസ്തകത്തില്‍ ഇട കൊടുത്തു. ഫിഫ ഫ്രാന്‍സ് മാഗസിനുമായി പിരിഞ്ഞ ശേഷം നല്‍കുന്ന ആദ്യ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം സ്വന്തമാക്കിയ റൊണാള്‍ഡോ നാലാം തവണയാണ് ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും നാലു തവണ ഫിഫയുടെ ഫുട്‌ബോളര്‍ പട്ടം നേടിയിട്ടുണ്ട്.ഫിഫ ബെസ്റ്റ് ഫുട്‌ബോളര്‍ പുരസ്‌കാരം എന്ന പേരില്‍ ആദ്യമായി ഫിഫ നല്‍കുന്ന പുരസ്‌കാരമായതിനാല്‍ തന്നെ കായിക ലോകം ഏറെ ആകാംക്ഷയോടെയാണ് അവാര്‍ഡ് നോക്കിക്കണ്ടത്. മികച്ച ഫുട്‌ബോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതില്‍ 50 ശതമാനം വോട്ടുകള്‍ ദേശീയ ടീം ക്യാപ്റ്റന്‍മാരും കോച്ചുമാരും രേഖപ്പെടുത്തിയപ്പോള്‍ ബാക്കി 50 ശതമാനം തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത മാധ്യമ പ്രവര്‍ത്തകരും ആരാധകരും ചേര്‍ന്നാണ് കണ്ടെത്തിയത്. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ദേശീയ ടീം ക്യാപ്റ്റന്മാര്‍ നല്‍കിയ വോട്ടുകള്‍ ആര്‍ക്കൊക്കെയാണെന്നുള്ളതാണ്.ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയുടെ വോട്ടിങ്ങില്‍ ഒന്നാംസ്ഥാനം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും രണ്ടാംസ്ഥാനം ലൂയി സുവാരസിനും മൂന്നാംസ്ഥാനം ജാമി റിച്ചാര്‍ഡ് വര്‍ദിക്കുമാണ്. ബാഴ്‌സലോണയുടെ സൂപ്പര്‍താരം മെസ്സിയെ റൂണി പരിഗണിച്ചേ ഇല്ല. വെയ്ല്‍സ് ക്യാപ്റ്റന്‍ ആഷ്‌ലി വില്യംസ് നല്‍കിയ വോട്ടില്‍ ഒന്നാം സ്ഥാനം ഗാരെത് ബേയ്‌ലിനാണ്. രണ്ടാംസ്ഥാനം മെസ്സിക്കും മൂന്നാം സ്ഥാനം ലെവന്‍ഡോസ്‌കിക്കുമാണ് വില്യംസ് നല്‍കിയത്. സ്‌കോട്‌ലന്‍ഡ് ക്യാപ്റ്റന്‍ ഡാരന്‍ ഫ്‌ളെച്ചറുടെ അഭിപ്രായത്തില്‍ ഒന്നാം സ്ഥാനക്കാരന്‍ റൊണാള്‍ഡോയാണ്. രണ്ടാം സ്ഥാനം മെസ്സിക്കും മൂന്നാം സ്ഥാനം സുവാരസിനുമാണ് ഫ്‌ളെച്ചര്‍ വോട്ടിലൂടെ നിര്‍ദേശിച്ചത്. അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഡാവിസ് മെസ്സിക്ക് ഒന്നാം സ്ഥാനവും റൊണാള്‍ഡോയ്ക്ക് രണ്ടാംസ്ഥാനവും അന്റോണിയോ ഗ്രിസ്മാന് മൂന്നാം സ്ഥാനവുമാണ് വോട്ടിലൂടെ നല്‍കിയത്.അവാര്‍ഡിനര്‍ഹനായ റൊണാള്‍ഡോ തന്റെ വോട്ട് നല്‍കിയത് റയലില്‍ മാഡ്രിഡിലെ  സഹതാരമായ ഗാരെത് ബെയ്‌ലിനാണ്. രണ്ടാംസ്ഥാനത്ത് ലൂക്കാ മോഡ്രിച്ചിനേയും സെര്‍ജിയോ റാമോസിനെ മൂന്നാം സ്ഥാനത്തേക്കും റൊണാള്‍ഡോ നിര്‍ദേശിച്ചു. മെസ്സിയുടെ വോട്ട് സഹതാരമായ ലൂയിസ് സുവാരസിനാണ്. രണ്ടാം സ്ഥാനത്ത് നെയ്മറിനേയും മൂന്നാംസ്ഥാനത്ത് സെര്‍ജിയോ റാമോസിനും മെസ്സി വോട്ട് നല്‍കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വോട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കായിരുന്നു. മെസ്സിക്ക് രണ്ടാം വോട്ടും ഗ്രിസ്മാന് മൂന്നാം വോട്ടും ഛേത്രി നല്‍കി. ജര്‍മന്‍ ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയര്‍ സഹതാരങ്ങളായ ടോണി ക്രൂസിനേയും മസൂദ് ഓസിലിനേയും ലെവന്‍ഡോസ്‌കിയേയും തിരഞ്ഞെടുത്തു. ബ്രസീല്‍ ക്യാപ്റ്റന്‍ ഡാനി ആല്‍വസ് ബാഴ്‌സയിലെ സഹതാരമായിരുന്ന മെസ്സിയേയും നെയ്മറിനെയും സുവാരസിനെയും നിര്‍ദേശിച്ചു. ഇറ്റലി ക്യാപ്റ്റന്‍ ജിയാന്‍ ലൂയി ബഫണ്‍ മെസ്സിക്ക് ഒന്നാം റാങ്ക് നല്‍കി. സ്പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് തന്റെ വോട്ട് നല്‍കിയത് റൊണാള്‍ഡോയ്ക്കാണ്. മെസ്സിക്ക് രണ്ടാം വോട്ടും സഹതാരം ഇനിയസ്റ്റക്ക് മൂന്നാം വോട്ടും നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss