|    Jan 22 Sun, 2017 1:40 pm
FLASH NEWS

ആരാണ് സമ്പൂര്‍ണ ദലിത് സ്ത്രീ?

Published : 17th October 2016 | Posted By: SMR

ക്രിസ്തീന തോമസ് ധനരാജ്

ദലിത്, തമിഴ്, ക്രിസ്ത്യന്‍, സ്ത്രീ തുടങ്ങിയ പലതുമാണെന്ന യാഥാര്‍ഥ്യം ഞാന്‍ എന്ന വ്യക്തിക്ക് വ്യത്യസ്ത തലങ്ങളുണ്ടെന്നാണ് അര്‍ഥമാക്കുന്നത്. ഈ ഓരോ തലവും എനിക്ക് തരുന്ന അനുഭവങ്ങള്‍ എന്നെ സങ്കീര്‍ണവും അതുല്യവുമാക്കുന്നു. അപ്പോള്‍ ഇന്ത്യന്‍ നഗരസാഹചര്യത്തില്‍ ജീവിക്കുന്ന ഒരു സമകാലീന ദലിത് സ്ത്രീ എന്ന നിലയ്ക്ക്, ചരിത്രത്തിന്റെ ഈ സന്ധിയില്‍ എത്തിച്ചേരാന്‍ വേണ്ടി മുന്‍ഗാമികളും ഞാനും സഞ്ചരിച്ച പാത ഞാന്‍ തിരിച്ചറിയുന്നു. എന്റെ സമകാലീനരെപ്പോലെ ഞാനും അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും ജീവിതകഥകള്‍ കേട്ടാണ് വളര്‍ന്നത്- അവരെങ്ങനെയാണ് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് താമസം മാറിയത്, അവരെങ്ങനെയാണ് ജോലി കണ്ടെത്തിയത്, ഹൈന്ദവത തങ്ങള്‍ക്കു നിഷേധിച്ച ആത്മാഭിമാനം വാഗ്ദാനം ചെയ്ത പുതിയ മതം അവരെങ്ങനെയാണു കണ്ടെത്തിയത്, വിവേചനങ്ങള്‍ നിറഞ്ഞ സാമൂഹികവും അക്കാദമികവും രാഷ്ട്രീയവുമായ ഇടങ്ങളെ അവരെങ്ങനെയാണ് കൈകാര്യം ചെയ്തത്, വെറുപ്പിനിടയിലും അവരെങ്ങനെയാണ് വിവാഹിതരായത്, പ്രണയിച്ചത്, അമ്മയും അച്ഛനുമായത്, തങ്ങളിലെ മാനുഷികതയെ അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന ഒരു രാജ്യത്ത് അവരെങ്ങനെയാണ് അതിജീവനം നടത്തിയത്, ചിലപ്പോള്‍ ഉയരങ്ങള്‍ കീഴടക്കിയത്. എന്റെ രക്ഷിതാക്കള്‍ തങ്ങളുടെ തൊഴിലിടങ്ങളിലും പള്ളിയിലും സമുദായത്തിനകത്തും സാമൂഹികവലയങ്ങളെന്നു വിളിക്കപ്പെടുന്നതിനകത്തുമെല്ലാം ദൃഢനിശ്ചയത്തിന്റെ ഈ പൈതൃകം മുറുകെപ്പിടിക്കുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. ഇതാവട്ടെ തീര്‍ച്ചയായും ഒട്ടും എളുപ്പമുള്ള കാര്യവുമായിരുന്നില്ല.
ചെന്നൈക്കടുത്തുള്ള ഒരു പട്ടണത്തിലെ താഴ്ന്ന മധ്യവര്‍ഗ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. എന്റെ പല ക്രിസ്ത്യന്‍ സുഹൃത്തുക്കളില്‍ നിന്നും വിഭിന്നമായി എന്റെ ജാതിയേതെന്ന് ഞാന്‍ വളരെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. എനിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ ആയിരിക്കണം, അമ്മ എന്നെ അടുത്തിരുത്തി, പതിഞ്ഞ സ്വരത്തിലെന്നോണം, എങ്ങനെയാണ് ഞങ്ങളുടെ പൂര്‍വികര്‍ ഉപജീവനം നടത്തിയതെന്ന് വിശദീകരിച്ചുതന്നു. ‘അവര്‍ ശവം ചുമന്നു’- അമ്മ പറഞ്ഞു. അഥവാ, ശവസംസ്‌കാരച്ചടങ്ങിനിടെ നൃത്തം ചെയ്യുകയും ‘പറയി’ കൊട്ടുകയും ചെയ്യുന്നവര്‍ ഞങ്ങളുടെ സഹോദരര്‍ ആയിരിക്കാമെന്ന്. അഥവാ, അവരും അതിലൂടെ ഞങ്ങളും തൊട്ടുകൂടാന്‍ പാടില്ലാത്തവരായിരുന്നുവെന്ന്. അമ്മ പറഞ്ഞത് വിശ്വസിക്കാന്‍ കൂട്ടാക്കാതെ ഞാന്‍ വളരെ ദുഃഖിച്ചിരുന്നത് ഓര്‍ക്കുന്നു. ഞാന്‍ ചെറുതായി കരയുക പോലും ചെയ്തു.
എന്നാല്‍, ഞങ്ങളുടെ വേദനകളില്‍ നിന്നും ദുരവസ്ഥയില്‍ നിന്നും സംരക്ഷിക്കാന്‍, മറ്റു ദലിത് (ക്രിസ്ത്യന്‍) കുടുംബങ്ങളെപ്പോലെ, എന്റെ രക്ഷിതാക്കളും കഴിവിന്റെ പരമാവധി ശ്രമിച്ചു. ഞാന്‍ ഒരു മൂന്നാംതലമുറ ക്രിസ്ത്യാനി ആയതുകൊണ്ടുതന്നെ എന്റെ പ്രാഥമിക ലേബല്‍ ഒരു ‘ഇന്ത്യന്‍ ക്രിസ്ത്യന്‍’ എന്നതായിരുന്നു. എന്റെ കൗമാരത്തിലുടനീളം ഞാന്‍ അതിനോട് ഒട്ടിനിന്നു. ഇന്ത്യന്‍ ക്രിസ്ത്യന്‍ സഭ, പ്രത്യേകിച്ച് ഞങ്ങള്‍ ഉള്‍പ്പെട്ട തമിഴ് സിഎസ്‌ഐ വിഭാഗം, ഓരോ കുടുംബത്തിന്റെയും ജാതി സവിശേഷതകള്‍ തിരിച്ചറിയുന്നതില്‍ പ്രഗല്ഭരാണ്. അഥവാ, നിങ്ങള്‍ എത്രതന്നെ നിങ്ങളുടെ ജാതിസ്വത്വത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിച്ചാല്‍ പോലും നിങ്ങളുടെ ലേബല്‍ സജീവമായി തന്നെ നിലനിര്‍ത്തുമെന്നര്‍ഥം. മിശ്രജാതി വിവാഹങ്ങള്‍ അവിടെ നടക്കില്ല. ഒരാള്‍ക്ക് ആവശ്യമായ ‘വര്‍ഗ’പിന്തുണയില്ലെങ്കില്‍ സാമൂഹിക അംഗീകാരവും ബഹുമാനവും നിര്‍ണയിക്കുന്നത് ജാതിതന്നെയായിരിക്കുമെന്നര്‍ഥം. അല്ല, എന്റെ അടുത്ത ബന്ധുക്കള്‍ രണ്ടുപേര്‍ പുരോഹിതരാണെന്ന യാഥാര്‍ഥ്യം പോലും എനിക്കു സഹായത്തിനെത്തിയിരുന്നില്ല.
എന്റെ ജാതിപരിസരത്തെ മറികടക്കാന്‍ സഹായിച്ച ഒരു വേദി ഞാന്‍ കണ്ടെത്തുന്നത് ഏതാണ്ട് 20ാം വയസ്സിലാണ്. വളരെ അരാഷ്ട്രീയമായ ഒരു ക്രിസ്ത്യന്‍ സാഹചര്യത്തില്‍ വളര്‍ന്നതുകൊണ്ട് തന്നെ കോളജ് പഠനത്തിനിടയില്‍ മാത്രമാണ് ഞാന്‍ ആദ്യമായി ദലിത് എന്ന വാക്ക് കേള്‍ക്കുന്നത്. എന്റെ ജീവിതത്തിലുടനീളം അതിനു വേണ്ടി കാത്തിരുന്നതുപോലെ ഞാന്‍ അതിലേക്ക് അടുത്തു. ഞാന്‍ കൂടുതല്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തു. ഇതിനനുസരിച്ച് ജാതി എങ്ങനെയാണ് എന്റെയും കുടുംബത്തിന്റെയും അനുഭവങ്ങളെ രൂപപ്പെടുത്തിയതെന്ന് ഞാന്‍ കൂടുതല്‍ മനസ്സിലാക്കി. ചര്‍ച്ചില്‍ വച്ച് യാതൊരു അലോസരവും കൂടാതെ എന്നെ ‘പറച്ചി’ എന്നു വിളിച്ച ഒരു പെണ്‍കുട്ടി, ജാതിമേല്‍ക്കോയ്മ അലമുറയിടുന്ന വിവാഹ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കാനുള്ള മടി, ഉയര്‍ന്ന ജാതി ക്രിസ്ത്യന്‍ കുടുംബങ്ങളുടെ സൂക്ഷ്മനോട്ടവും ദൈവത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ചുള്ള അവരുടെ സംസാരവും- അതൊക്കെ അനുഭവങ്ങളായി.
സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റിലെ ദലിതുകള്‍ തന്നെയായിരുന്ന എന്റെ മാര്‍ഗദര്‍ശികളുടെ ദലിത് സ്വത്വത്തെ- അതില്‍ നിന്ന് ദലിത് സ്ത്രീസ്വത്വത്തെയും- കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പിന്നീട് ലോകത്തെക്കുറിച്ചുള്ള സമാനതയില്ലാത്ത, എന്റേതു മാത്രമായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതില്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. സാഹിത്യത്തില്‍ എന്റെ ശബ്ദവുമായി ഒത്തുപോകുന്ന ശബ്ദങ്ങള്‍ക്കുവേണ്ടി ഞാന്‍ ദാഹിച്ചു. ജീവിതം കൊണ്ടുപോയ ഇടങ്ങളിലെല്ലാം ഞാന്‍ ഇതുതന്നെ ദാഹിച്ചു. ഞാന്‍ എന്നെ ഒരു ദലിത് ആയി പ്രകടിപ്പിക്കാതിരിക്കുമ്പോള്‍ തന്നെ കാര്യങ്ങള്‍ അതിന്റെ വഴിക്കു നടക്കുന്നതായി തോന്നി. എന്റെ ആള്‍ക്കാര്‍ എന്നെ തിരിച്ചറിഞ്ഞുതുടങ്ങി. അതിരുകള്‍ക്കതീതമായി സഹോദരിമാര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. കൂടാതെ എന്റെ രക്ഷിതാക്കള്‍ അവരുടെ കഥകളും പറഞ്ഞുതന്നു. മഞ്ഞ് നീങ്ങുകയായിരുന്നു.
എന്റെ ഓര്‍മയിലുള്ളിടത്തോളം ഞങ്ങളുടെ (അടുത്തതും അകന്നതുമായ) കുടുംബങ്ങളില്‍ ഒരു കാര്യം എപ്പോഴും സ്ഥായിയായി നിലനിന്നു- കഠിനാധ്വാനത്തെ കുറിച്ചുള്ള ശാസന. സ്‌കൂളില്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ഒരു ജോലി കിട്ടാന്‍ ഞങ്ങള്‍ കഠിനമായി പ്രയത്‌നിച്ചു. വീട്ടമ്മയാവുന്നതിന്റെ സാധ്യത അന്വേഷിക്കാന്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരു സ്ത്രീ പോലും ധൈര്യപ്പെട്ടില്ല. ഞങ്ങള്‍ക്ക് അതിനു സാധിച്ചില്ല. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സുഹൃത്തുക്കളില്‍ നിന്ന് ഭിന്നമായി ഞങ്ങള്‍ക്ക് അനന്തരമായി ലഭിച്ച ഭൂമി ഉണ്ടായിരുന്നില്ല; ശൃംഖലകളുണ്ടായിരുന്നില്ല, പണത്തിന്റെ കിടക്കകളുണ്ടായിരുന്നില്ല. തൊഴിലിലും വീട്ടിലും മറ്റെല്ലായിടത്തും ഞങ്ങളുടെ അച്ഛനമ്മമാര്‍ ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നത് കണ്ടാണ് എന്റെ സമപ്രായക്കാരും ഞാനും വളര്‍ന്നത്.
എന്റെ രക്ഷിതാക്കള്‍ നടത്തിയ കടുത്ത ചില തിരഞ്ഞെടുപ്പുകളാണ് ഇന്ന് ഞങ്ങളുള്ളിടത്ത് ഞങ്ങളെ എത്തിച്ചത്. ഞങ്ങളുടെ രക്ഷിതാക്കള്‍ ഈ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തരായത് അവരുടെ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നതിനാലും കൂടുതല്‍ പ്രയാസമേറിയ പോരാട്ടങ്ങള്‍ നടത്തേണ്ടിവന്നതിനാലുമാണ്.
എന്നിട്ടും, അവരുടെ മുഴുവന്‍ പരിശ്രമങ്ങളുണ്ടായിട്ടും, ഞങ്ങളെ തകര്‍ക്കാന്‍ സന്നദ്ധമായ കൊടുങ്കാറ്റില്‍ നിന്നു ഞങ്ങള്‍ പൂര്‍ണമായും സുരക്ഷിതരായിരുന്നില്ല. ഗര്‍ത്തം വീതികൂടിയതും ആഴമുള്ളതുമായിരുന്നു. ഇതിനര്‍ഥം, ഞങ്ങളും കഠിനാധ്വാനം ചെയ്യുന്നുവെന്നാണ്; ഞങ്ങളുടെ അവസരങ്ങളെ ഞങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നുവെന്നാണ്. എന്റെ കഥ ലോകത്തോട് പറയാന്‍ ആവശ്യമാണെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ ഞാന്‍ നാണിക്കില്ല എന്നാണ്. ഇതിനര്‍ഥം, ദീര്‍ഘകാലം എന്റെ ജനങ്ങളുടെ ബൗദ്ധികശേഷിയെ അംഗീകരിക്കാതിരുന്ന ഒരു രാജ്യത്ത് ഞാന്‍ അക്കാദമികമായി മികവ് പുലര്‍ത്തുന്നുവെന്നും ഞാന്‍ ഗൗരവത്തില്‍ പരിഗണിക്കപ്പെടുന്നുണ്ടെന്നുമാണ്. ഇതിനര്‍ഥം, എന്റെ അമ്മമാരുടെ മാറുമറയ്ക്കാന്‍ അനുവദിക്കാതിരുന്ന ഒരു സ്ഥലത്ത് ഞാന്‍ എന്റെ ഏറ്റവും മികച്ച വസ്ത്രങ്ങള്‍ ധരിച്ച്, തലയുയര്‍ത്തിപ്പിടിച്ച് നടക്കുന്നുവെന്നാണ്.

(അവസാനിക്കുന്നില്ല.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക