|    Jul 21 Sat, 2018 7:16 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ആരാണ് പുറത്തുകടക്കേണ്ടത്?

Published : 3rd August 2017 | Posted By: fsq

പുറത്തുകടക്കണം. എല്ലാ കടമ്പക്കെട്ടുകളില്‍ നിന്നും നമുക്കു പുറത്തുവരാം. എന്തിന് ഇവരുടെയൊക്കെ മൂടുതാങ്ങി നടക്കണമെന്ന് ചിന്തിക്കാം. എന്നാല്‍, തന്റെ അവതാരലക്ഷ്യം എന്തെന്ന് സ്വയം തിരിച്ചറിവ് നേടാത്ത മുഖ്യമന്ത്രിമാരുടെ ആധിപത്യകാലത്താണ് നാം ജീവിക്കുന്നത്. അത് ജനങ്ങളുടെ ആധിപത്യമല്ല; ജനവിരുദ്ധരുടെ ആധിപത്യമാണ്. നാളിതുവരെ ബിജെപി നാട്ടില്‍ ചെയ്തുകൊണ്ടിരുന്ന കൊള്ളരുതായ്മകളഖിലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍, കള്ളനോട്ടടിയും ഹവാലയും കള്ളപ്പണവും കൈക്കൂലിയുമായി ഒന്നൊന്നായി ഇക്കൂട്ടര്‍ വിവസ്ത്രരായിക്കൊണ്ടിരിക്കുമ്പോള്‍ അവരുടെ കടുത്ത ശത്രുക്കളെന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന സിപിഎം തന്നെ അവരുടെ രക്ഷകരായി മാറിയെന്നത് അദ്ഭുതാവഹം തന്നെ. നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ബിജെപിക്ക് രക്ഷപ്പെടാന്‍ കയര്‍ എറിഞ്ഞുകൊടുക്കുകയായിരുന്നു തലസ്ഥാന നഗരിയിലെ മാര്‍ക്‌സിസ്റ്റ് സഖാക്കള്‍. കേരളത്തെ കലാപഭൂമിയാക്കാന്‍ കൊടിഞ്ഞിയിലും കാസര്‍കോട്ടും കൊലപാതകങ്ങള്‍, മലപ്പുറത്ത് ക്ഷേത്രം തകര്‍ക്കല്‍, തെക്ക് ക്ഷേത്രാങ്കണത്തില്‍ മലമൂത്രവിസര്‍ജനം- അങ്ങനെയുള്ള കലാപരിപാടികളാണ് ഒരുഭാഗത്ത്. സിപിഎം വര്‍ഗീയവാദികളെന്നും തീവ്രവാദികളെന്നും വിളിക്കുന്ന കൂട്ടരൊക്കെ അപ്പോഴും സൂക്ഷ്മത പാലിച്ചപ്പോള്‍, സിപിഎമ്മുകാര്‍ സ്വന്തം സര്‍ക്കാരിനെ തന്നെ കളങ്കപ്പെടുത്തുമാറ് എന്തേ ഇങ്ങനെ പ്രകോപിതരായി? ആര്‍എസ്എസുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഒന്നാംപ്രതി പഴയ സംഘപരിവാരക്കാരനാണ് എന്നു വിളിച്ചുപറയാനുള്ള തന്റേടം പോലും ഇല്ലാതായിപ്പോയ പാര്‍ട്ടി സെക്രട്ടറി; ആഭ്യന്തരം സംസ്ഥാന വിഷയമായിരുന്നിട്ടും കേന്ദ്ര ആഭ്യന്തരന്റെ ഫോണ്‍വിളിയില്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രി; ഗവര്‍ണര്‍ വിളിച്ചെന്ന് കേട്ടപ്പോഴേക്കും ഓടിച്ചെല്ലുന്ന മുഖ്യമന്ത്രി. താങ്കളും ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ഉപവാസമിരിക്കുന്ന പ്രതിപക്ഷനേതാവും തമ്മിലെന്താണ് വ്യത്യാസം? ഗവര്‍ണറും ബിജെപി സംസ്ഥാന പ്രസിഡന്റും നല്‍കിയ ഫോട്ടോകോപ്പി ലിസ്റ്റ് പ്രകാരം രായ്ക്കുരാമാനം പോലിസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കൃതാര്‍ഥനാവുന്ന താങ്കളെ അധികാരത്തിലെത്തിച്ച അണികളെക്കുറിച്ചെങ്കിലും ആലോചിക്കേണ്ടതായിരുന്നു. ഞങ്ങള്‍ പുറത്തുകടന്നേക്കാം. പക്ഷേ, പുറത്താക്കിയിട്ട് താങ്കള്‍ക്കും കുമ്മനത്തിനും തമ്മില്‍ സംസാരിക്കാനുള്ള രഹസ്യമെന്താണ് സഖാവേ? തിരുവനന്തപുരത്ത് സമാധാനം സ്ഥാപിക്കാനുള്ള ചര്‍ച്ചയാണെങ്കില്‍ അതെന്തിന് അടച്ചിട്ട മുറിയില്‍ രഹസ്യമായി നടത്തണം? ഓര്‍ക്കണം: ഫാഷിസത്തിനെതിരായ കേരളജനതയുടെ വികാരമാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടായി താങ്കളുടെ പെട്ടിയില്‍ വീണത്. അഖ്‌ലാഖുമാരുടെ കഥ പാടിപ്പറഞ്ഞാണ് നിങ്ങള്‍ വോട്ട് ചോദിച്ചത്. ന്യൂനപക്ഷത്തിന്റെ വോട്ട് മൂലമാണ് താങ്കള്‍ മുഖ്യമന്ത്രിയായത്. എന്നിട്ടും താങ്കള്‍ കുമ്മനത്തിന്റെ മുമ്പില്‍ ഏത്തമിടുന്നത് മനസ്സിലാവുന്നില്ല. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്നതും അനിവാര്യമല്ലായിരുന്നു. കര്‍ണാടക അങ്ങനെ ചെയ്തില്ല. വൈപ്പിനില്‍ നാട്ടുകാരെ തല്ലിച്ചതച്ച പോലിസുകാരന് ഇപ്പോള്‍ പ്രമോഷന്‍. കൊടിഞ്ഞി, കാസര്‍കോട് സംഭവങ്ങളിലെ പ്രതികളെ പിടിക്കാന്‍ വിമ്മിട്ടം. പിടിച്ചപ്പോഴാവട്ടെ, ഗൂഢാലോചന വിട്ടുകളഞ്ഞ് എഫ്‌ഐആര്‍. അഖില എന്ന ഹാദിയക്കും ആതിരയ്ക്കുമെതിരേ ഹൈക്കോടതിയില്‍ സംഘി ഭാഷയില്‍ കേസ് വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍. അവര്‍ക്കു വീട്ടുതടങ്കല്‍ സമ്മാനിക്കുന്ന പോലിസ്. ടി പി സെന്‍കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ വന്നപ്പോള്‍, സംഘികളുടെ തലതൊട്ടപ്പന് ജാമ്യം കിട്ടാന്‍ സൗകര്യത്തില്‍ നിന്നുകൊടുക്കുകയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. ആര്‍എസ്എസ് ബന്ധമുള്ളതുകൊണ്ടാണ് സെന്‍കുമാറിനെ ഡിജിപിയാക്കി നിലനിര്‍ത്താന്‍ താങ്കള്‍ മടിച്ചതെന്നായിരുന്നു കേരളം വിചാരിച്ചത്. ശശികലയെയും ഗോപാലകൃഷ്ണപിള്ളയെയും തൊടാതിരുന്നപോലെ സെന്‍കുമാര്‍ കേസുകളും തേഞ്ഞുമാഞ്ഞുപോവുകയാണ്. കുമ്മനമാണോ അല്ല, സാക്ഷാല്‍ മോദി തന്നെയോ, ആരാണ് തിരശ്ശീലയ്ക്കു പിന്നില്‍ കളിക്കുന്ന ഗോഡ്ഫാദര്‍? പാര്‍ലമെന്റില്‍ അതിശക്തമായി ഫാഷിസത്തെ ചോദ്യം ചെയ്യേണ്ട ഈ കാലത്ത് അതിനു കരുത്തനായ സീതാറാം യെച്ചൂരിയെ ആ വഴിക്കു പോവാന്‍ വിടരുതെന്ന നിര്‍ബന്ധം സിപിഎമ്മില്‍ താങ്കള്‍ നയിക്കുന്ന കേരള ഘടകത്തിനായിരുന്നു. സാങ്കേതികക്കുരുക്കുകളില്‍ ബന്ധനസ്ഥമാണോ സിപിഎമ്മിന്റെ ആര്‍എസ്എസ് വിരോധം? അവിടെയും പരോക്ഷമായി നിങ്ങളുടെ നിലപാട് സംഘപരിവാരത്തിന് സഹായകമാവുകയായിരുന്നു. കേരളത്തിലെ പോലിസ് ഭരണത്തില്‍ സിപിഎമ്മുകാര്‍ക്കു പോലും രക്ഷയില്ലാതായിത്തീരുകയാണ്. സെന്‍കുമാറിന്റെ പോലിസ് തന്നെ ഇപ്പോഴും മുടിയഴിച്ചിട്ട് ആടുകയാണ്. രാജേഷിന്റെ വിലാപയാത്രയ്ക്കു പിന്നാലെ വന്ന സംഘിക്കൂട്ടം പോലിസ് അകമ്പടിയോടെ സിപിഎം പതാകകള്‍ വലിച്ചു ചവിട്ടിത്തേക്കുന്നത് കേരളം മുഴുക്കെ കണ്ടു. സിപിഎം ബിജെപിക്കാരെ കൊന്നുതീര്‍ക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുംതരത്തില്‍ നടന്ന തിരുവനന്തപുരം സംഭവം കേരള തലസ്ഥാനത്തെ കൈപ്പിടിയിലൊതുക്കാനുള്ള ബിജെപി നീക്കത്തിന് സൗകര്യം ചെയ്തിരിക്കുന്നു. പത്രക്കാരോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് കുമ്മനവുമായി നടത്തിയ പിണറായിയുടെ രഹസ്യ ചര്‍ച്ചയുടെ ഫലമായി ഒറ്റരാത്രികൊണ്ടാണ് സിപിഎം അനുകൂലികളായ തച്ചങ്കരി ഉള്‍പ്പെടെയുള്ള പോലിസ് മേധാവികള്‍ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്ന് പുറത്തുകടക്കേണ്ടിവന്നത്. പിണറായി വിജയന്‍ യഥാര്‍ഥത്തില്‍ ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണ്. എന്നിട്ടും എവിടെയാണ് പിഴയ്ക്കുന്നത്? ലാവ്‌ലിന്‍ കേസ് ഭയന്നിട്ടാണെന്ന ബാലിശവാദമൊന്നും അതിനു മറുപടിയല്ല. സുപ്രിംകോടതി ക്ലീന്‍ചിറ്റ് നല്‍കിയ ഒരു കേസ് ഭയന്ന് പിണറായി ഇരിക്കുന്ന കൊമ്പ് മുറിക്കുമെന്ന് കരുതാന്‍ മാത്രം മൗഢ്യരല്ല കേരള ജനത. അതേസമയം, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് ഭരണത്തിന്റെ ഭയാനകത ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് യുഡിഎഫിന് പോവേണ്ട വോട്ടുകള്‍ തിരിച്ചുപിടിച്ച് സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാര്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവെന്നതു നാം സങ്കല്‍പിക്കുന്നതിനുമപ്പുറം മറ്റു പലതുമാവാനാണ് സാധ്യത. ഇതേ അര്‍ഥത്തില്‍ ബിജെപിയെ കയറൂരിവിട്ടുകൂടാ എന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ബിഹാറില്‍ ലാലുവും നിതീഷും രാഹുലും കൈകോര്‍ത്ത് മഹാസഖ്യമുണ്ടായത്. നിതീഷ് കുമാറിനെ ഭാവി പ്രധാനമന്ത്രി വരെയായി കണ്ട സാഹചര്യം എത്ര പെട്ടെന്നാണ് മാറിമറിഞ്ഞത്. നായകനില്ലാത്ത സൈന്യത്തെപ്പോലെ ബിജെപി വിരുദ്ധ സഖ്യങ്ങള്‍ അലയുകയാണിപ്പോള്‍. ബിജെപിക്കെതിരായ വോട്ടുകള്‍ വാങ്ങി നിതീഷ് ബിജെപി പാളയത്തിലേക്ക് നടന്നുപോയപ്പോള്‍ മതേതര ഇന്ത്യ അന്തംവിട്ടുനില്‍ക്കുകയാണ്. നിതീഷിനെ അപ്രകാരം മറുകണ്ടം ചാടിച്ച ഘടകങ്ങള്‍ തന്നെയാവും പിണറായി വിജയനെയും വിടാതെ പിന്തുടരുന്നത്. സിപിഎമ്മിന്റെ കൈയില്‍ ജനങ്ങള്‍ ഏല്‍പിച്ച ഒരു സംസ്ഥാനം തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് ഭരിക്കാന്‍ ആര്‍എസ്എസിന് കഴിയുന്നുവെന്നത് നിസ്സാര കാര്യമല്ല. ആര്‍എസ്എസ് പോഷകസംഘടനയുടെ സഹായവിതരണ ചടങ്ങില്‍ പങ്കെടുത്ത എംഎല്‍എക്കെതിരേ ഖേദം പ്രകടിപ്പിച്ചിട്ടും നടപടിയെടുത്ത സിപിഎമ്മിന് എങ്ങനെ കുമ്മനവുമായി അടച്ചിട്ട മുറിയില്‍ സംസാരിക്കാന്‍ കഴിയുന്നു? ബിഹാറില്‍ ഉണ്ടായപോലുള്ള ഒരു മഹാസഖ്യം രൂപപ്പെടാത്തതിന്റെ ദുരിതം പേറുന്നവരാണ് യുപിയിലെ ജനങ്ങളിന്ന്. എന്നാല്‍ ഉള്ള ശക്തി വച്ച് പൊരുതുന്നതിനു പകരം ബിഎസ്പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവച്ച് ഒളിച്ചോടുകയാണ് ചെയ്തത്. അങ്ങനെ ഒളിച്ചോടുന്ന ഭീരുവല്ല മായാവതി. എന്നാല്‍, മുഴുവന്‍ പ്രതിപക്ഷനേതാക്കളുടെയും അപേക്ഷ തള്ളി രാജി പിന്‍വലിക്കാതെയുള്ള മായാവതിയുടെ പിന്‍മാറ്റവും മതേതര വിഭാഗങ്ങളുടെ അഭ്യര്‍ഥന നിരസിച്ച് സീതാറാം യെച്ചൂരി മല്‍സരിക്കുന്നത് തടഞ്ഞ സിപിഎമ്മിന്റെ ചരിത്രപരമായ വിഡ്ഢിത്തവും നിതീഷിന്റെ കാലുമാറ്റവും ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്നതും കൂട്ടിവായിക്കുക തന്നെ വേണം. പതിനെട്ട് സംസ്ഥാനങ്ങളാണിപ്പോള്‍ ബിജെപിയുടെ നിയന്ത്രണത്തിലുള്ളത്. പ്രതിരോധിച്ചു നില്‍ക്കുന്നവരാവട്ടെ, അരവിന്ദ് കെജ്‌രിവാളും മമതാ ബാനര്‍ജിയും സിദ്ധരാമയ്യയും മാത്രം. അക്കൂട്ടത്തില്‍ പിണറായി കൂടി ഉണ്ടാവണേ എന്ന മലയാളികളുടെ പ്രാര്‍ഥനയ്ക്കാണ് ഇവിടെ ഭംഗം വന്നിരിക്കുന്നത്. അതുകൊണ്ട് നമുക്കു പുറത്ത് കാത്തിരിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss