|    Mar 27 Mon, 2017 10:25 am

ആയുഷ് മന്ത്രാലയത്തിന്റെ മുസ്‌ലിം വിരോധം: കൂടുതല്‍ രേഖകള്‍ പുറത്ത്

Published : 25th August 2016 | Posted By: SMR

ന്യൂഡല്‍ഹി: തദ്ദേശീയ വൈദ്യശാസ്ത്ര മേഖലകളെ പരിപോഷിപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ആയുഷ് മന്ത്രാലയത്തില്‍ മുസ്‌ലിംകളെ ജോലിക്കെടുക്കുന്നതില്‍ കടുത്ത പക്ഷപാതം കാണിക്കുന്നുവെന്നു രേഖകള്‍. മന്ത്രാലയത്തിലെ വിവിധ വകുപ്പുകള്‍ക്കു കീഴിലുള്ള 196 ജീവനക്കാരില്‍ വെറും ആറുപേര്‍ മാത്രമാണ് മുസ്‌ലിംകള്‍. അതായത് 3.1 ശതമാനം. ഇതിന്‍ യൂനാനി വിഭാഗത്തിലെ മുസ്‌ലിംകളെ ഒഴിവാക്കിയാല്‍ 0.86 ശതമാനമായി കുറയുമെന്നു വിവരാവകാശ നിയമപ്രകാരം മന്ത്രാലയത്തില്‍ നിന്നു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം യോഗ പ്രോഗ്രാമിനോടനുബന്ധിച്ച് ലഭിച്ച വിവരാവകാശ മറുപടിയില്‍, സെലക്ഷന്‍ കമ്മിറ്റിയിലോ അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാര്‍ഥികളിലോ മുസ്‌ലിംകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു വെളിപ്പെട്ടത് ഏറെ വിവാദമായതിനു പിന്നാലെയാണു പുതിയ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.
അഭിഭാഷകനായ നദീം അഹ്മദ് സമര്‍പ്പിച്ച അപേക്ഷയില്‍ രണ്ടു മറുപടികളാണ് ആയുഷ് മന്ത്രാലയത്തില്‍ നിന്നു ലഭിച്ചത്. 2016 ജൂലൈ 15നും 20നും. മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി രാമാനന്ദ് മീണ നല്‍കിയ ആദ്യ മറുപടിയില്‍ താങ്കള്‍ ആവശ്യപ്പെട്ടപോലെ മുസ്‌ലിം ജീവനക്കാരുടെ കണക്കില്ലെന്നാണു പറയുന്നത്. ഡയറക്ടര്‍ ഡാനിയല്‍ ഇ റിച്ചാര്‍ഡ്‌സ് നല്‍കിയ മറ്റൊരു മറുപടിയില്‍ മന്ത്രാലയത്തിലെ ആയുര്‍വേദം, യൂനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരുടെ നാലു പട്ടികകള്‍ വിശദീകരിച്ചിട്ടുണ്ട്. ആയുര്‍വേദ വിഭാഗത്തില്‍ 84 ജീവനക്കാരും യൂനാനിയില്‍ 34 പേരും സിദ്ധയില്‍ 55 പേരും ഹോമിയോപ്പതിയില്‍ 23 പേരുമാണുള്ളത്.
ഇതുപ്രകാരം ആയുഷ് മന്ത്രാലയത്തിന്റെ പ്രധാന ഓഫിസില്‍ 196 ജീവനക്കാരുണ്ട്. ഇതില്‍ 115 പേര്‍ സ്ഥിരം ജീവനക്കാരാണ്. 76 കരാറുകാരും. സ്ഥിരം ജീവനക്കാരില്‍ ആകെ നാല് മുസ്‌ലിംകള്‍ മാത്രമാണുള്ളത്. മൂന്ന് പേര്‍ യൂനാനിയിലാണ്. കരാര്‍ ജോലിക്കാരിലുള്ള രണ്ട് മുസ്‌ലിം ജീവനക്കാരാവട്ടെ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരാണ്. 23 വിദഗ്ധ പരിശോധകരില്‍ ഒരു മുസ്‌ലിമിനെ പോലും നിയമിച്ചിട്ടില്ല. ഉന്നത റാങ്കിലുള്ള സെക്രട്ടറിമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, സെക്ഷന്‍ ഓഫിസര്‍മാര്‍ എന്നിവരിലൊന്നും മുസ്‌ലിംകളില്ല.
ഗാസിപൂരിലെ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ ശംസ് തബ്‌രിസിന് കഴിഞ്ഞമാസം 13നാണു മന്ത്രാലയത്തില്‍ നിന്നു മറുപടി ലഭിച്ചത്. മന്ത്രാലയത്തിന് കീഴില്‍ യോഗകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് നല്‍കിയ മറുപടിയില്‍ കഴിഞ്ഞവര്‍ഷം വിദേശത്തെ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കു യോഗാധ്യാപകരെ തിരഞ്ഞെടുത്ത രീതി വിശദീകരിക്കുന്നു. ഈ പോസ്റ്റുകളിലേക്ക് അപേക്ഷിച്ചവരുടെ മുഴുവന്‍ പേരുകള്‍ ബന്ധപ്പെട്ട വകുപ്പ് നല്‍കിയില്ല.
152 പേര്‍ മാത്രമേ അപേക്ഷിച്ചുള്ളൂവെന്നും 2015 മാര്‍ച്ചില്‍ മൂന്നു ദിവസങ്ങളിലായി നടന്ന അഭിമുഖത്തിന് 111 പേരെ ക്ഷണിച്ചുവെന്നും മറുപടിയിലുണ്ട്. എട്ടുപേരടങ്ങിയ സെലക്ഷന്‍ സമിതിയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആരുമുണ്ടായിരുന്നില്ല. 25 പേരെ സ്ഥിരമായും 36 പേരെ താല്‍ക്കാലികമായും നിയമിക്കാന്‍ സമിതി ശുപാര്‍ശ ചെയ്തു. ഇവരെല്ലാം തന്നെ ഉയര്‍ന്ന ജാതിക്കാരാണ്.
അന്താരാഷ്ട്ര യോഗദിനത്തില്‍ വിവിധ രാജ്യങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയാണ് ഇവരുടെ ചുമതലയെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. ആയുഷ് മന്ത്രാലയത്തില്‍ നടക്കുന്ന ഇത്തരം ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ റിപോര്‍ട്ട് ചെയ്ത മില്ലി ഗസറ്റിനും പുഷ്പ് ശര്‍മയ്ക്കുമെതിരേ സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക