|    Jun 27 Tue, 2017 7:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആയുര്‍വേദ വിദ്യാര്‍ഥികളുടെ പരിശീലനം: ഉത്തരവ് ശരിവച്ചു

Published : 25th October 2016 | Posted By: SMR

കൊച്ചി: ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അലോപ്പതി ആശുപത്രികളില്‍ ഗൈനക്കോളജിയില്‍ പരിശീലനം നല്‍കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ നിര്‍ദേശമനുസരിച്ച് ബിഎഎംഎസ് വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശീലനം നല്‍കാന്‍ അനുമതി നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്നീട് പിന്‍വലിച്ചത് ചോദ്യംചെയ്ത് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി നല്‍കിയ ഹരജിയിലാണ് ഇവര്‍ക്ക് അനുകൂലമായി സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ ഉത്തരവിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നല്‍കിയ അപ്പീല്‍ തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.
ഐഎംഎയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ആദ്യത്തെ അനുമതി പിന്നീട് സര്‍ക്കാര്‍ പിന്‍വലിച്ചതെന്നായിരുന്നു ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഒാഫ് ഇന്ത്യയുടെ ആരോപണം. ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികള്‍ക്കാണ് അലോപ്പതി ആശുപത്രികളില്‍ ഗൈനക്കോളജിയില്‍ പരിശീലനത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്.
ആയുര്‍വേദ, ഹോമിയോപതിക് വിദ്യാര്‍ഥികളുടെ പഠന വിഷയത്തിന്റെ പരിധിയില്‍ ഗൈനക്കോളജി വരുന്നില്ലെന്നും പ്രസവമുറിയില്‍ ഇവരെ അനുവദിക്കുന്നത് രോഗം പകരാനും അണുബാധയ്ക്കും കാരണമാവുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഐഎംഎയുടെ ഹരജി. രോഗിയുടെ സ്വകാര്യതയ്ക്കു തടസ്സം വരുമെന്നും അപ്പീല്‍ ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, വിജ്ഞാപനം പുറത്തിറക്കുന്ന സമയത്ത് ബന്ധപ്പെട്ട അധികൃതരാണ് ഇക്കാര്യം നോക്കേണ്ടിയിരുന്നതെന്നും കോടതിയുടെ പരിഗണനയിലെടുക്കേണ്ട കാര്യമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചില മാര്‍ഗനിര്‍ദേശങ്ങള്‍ വിജ്ഞാപനസമയത്ത് തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ആയുര്‍വേദ, ഹോമിയോ ബിരുദധാരികള്‍ ഗൈനക്കോളജിയുടെ ശാസ്ത്രീയവശങ്ങള്‍ അറിഞ്ഞിരിക്കണമെന്നാണ് പ്രഥമദൃഷ്ട്യാ അഭിപ്രായമെന്നും കോടതി വ്യക്തമാക്കി.
ഗൈനക്കോളജിയിലെ പരിശീലനം അവര്‍ക്ക് സഹായകരമാവും. അതിനാല്‍, ആറുമാസം നിര്‍ബന്ധമാക്കിയിട്ടുള്ള സര്‍ക്കാര്‍ അലോപ്പതി ആശുപത്രിയിലെ പരിശീലനം ഏറെ ഗുണകരമാണ്. അതേസമയം ഇത്തരമൊരു പരിശീലനം ലഭിച്ചതുകൊണ്ട് ഗൈനക്കോളജിയില്‍ ബിരുദം നേടിയെന്ന തരത്തില്‍ അലോപ്പതി ചികില്‍സയ്ക്ക് മുതിരരുത്. അക്കാര്യം സര്‍ക്കാര്‍ ഉത്തരവിലൂടെയും വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക