|    Jan 19 Thu, 2017 2:17 pm
FLASH NEWS

ആയുര്‍വേദ ആശുപത്രിയിലെ വയല്‍ നികത്തല്‍: ആരോപണം ശക്തം

Published : 13th October 2016 | Posted By: Abbasali tf

എടപ്പാള്‍: കാലടി കാവില്‍പടിയിലെ സ്വകാര്യ ആശുപത്രി ഉടമകള്‍ വയല്‍ നികത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന സാമ്പത്തിക ആരോപണങ്ങള്‍ ശക്തമായിരിക്കെ വയല്‍ നികത്തലിനെതിരേ ശക്തമായ പ്രക്ഷോഭമുയര്‍ത്താന്‍ എല്‍ഡിഎഫും കോണ്‍ഗ്രസ്സും തീരുമാനിച്ചു.ആയുര്‍വേദ ആശുപത്രിയോട് ചേര്‍ന്ന മാണൂര്‍ കായലിലെ കോള്‍ നിലമാണ് ആശുപത്രി അധികൃതര്‍ മണ്ണിട്ട് നികത്തിയത്. കൂടാതെ കായലിനോട് ചേര്‍ന്ന് ഏക്കര്‍കണക്കിനു കോള്‍നിലവും ഇവര്‍ വാങ്ങിയിട്ടുണ്ട്. വയല്‍ നികത്തുന്നതിനെതിരേ പഞ്ചായത്ത്-വില്ലേജ് അധികൃതര്‍ക്ക് മുന്‍പ് പരാതികള്‍ നല്‍കിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും ഇതിനെതിരെ കാര്യമായ നടപടികളൊന്നുമുണ്ടായിരുന്നില്ല.അതിനിടെയാണ് അടുത്തിടെയുണ്ടായ അവധി ദിവസങ്ങളില്‍ അന്‍പത് സെന്റ് വയല്‍ നികത്തിയത്.വയല്‍ നികത്തലിനെതിരേ പ്രമുഖ രാഷ്ട്രീയ കക്ഷികളാരും രംഗത്ത് വരാത്തതിനു പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും വിവിധ പാര്‍ട്ടികളിലെ ഒരു വിഭാഗം നേതാക്കളെ ആശുപത്രി അധികൃതര്‍ പണം കൊടുത്ത് സ്വാധീനിച്ച് നിശബ്ദരാക്കിയെന്നുമുള്ള ആരോപണം ശക്തമായി പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.ആരോപണം ശക്തമായതോടെ കഴിഞ്ഞ ദിവസം സിപിഎം നേതൃത്വത്തില്‍ നികത്തിയ വയലിലേക്ക് മാര്‍ച്ച് നടത്തി കൊടികുത്തുകയും ചെയ്തു.തൊട്ടടുത്ത ദിവസം തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നികത്തിയ വയലിലേക്ക് മാര്‍ച്ച് നടത്തി അവിടെ കൊടി നാട്ടി. നികത്തിയ മണ്ണ് എടുത്തുമാറ്റി വയല്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. എന്നാല്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ആശുപത്രി ഉടമകളെ സഹായിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി ജലീല്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ഈ ആശുപത്രിയിലെ നിത്യസന്ദര്‍ശകനായിരുന്നെന്നുമുള്ള ആരോപണവും ശക്തമാണ്.യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രദേശത്തെ നേതാക്കള്‍ പങ്കെടുക്കാതെ മാറി നിന്നത് സാമ്പത്തിക ആരോപണം ശരിവയ്ക്കുന്നതെന്നും ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. സാമ്പത്തിക അഴിമതി ആരോപണം ശക്തമായതോടെയാണ് പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്ത് വരാന്‍ എല്‍ഡിഎഫും കോണ്‍ഗ്രസ്സും തയ്യാറായിട്ടുള്ളത്.യൂത്ത് കോണ്‍ഗ്രസ് തവനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന 15ന് ആശുപത്രിക്കു മുന്നില്‍ ഉപവാസം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.രാവിലെ 10ന് ആരംഭിക്കുന്ന സമരം കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.എല്‍ഡിഎഫ് ഇത് സംബന്ധിച്ച് വിപുലമായ സമര സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് രൂപം നല്‍കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 20ന് വൈകീട്ട് ആശുപത്രി പരിസരത്ത് വിശദീകരണ പൊതുയോഗം നടത്താനുമുള്ള തീരുമാനത്തിലാണ്.അതേസമയം, ആശുപത്രിക്കു വേണ്ടി വ്യാപകമായി നെല്‍വയല്‍ നികത്തിയെന്ന രീതിയിലുള്ള ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും വെറും 34 സെന്റ് സ്ഥലം മാത്രമാണ് നികത്തിയിട്ടുള്ളതെന്നും ഇതു തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുവാദത്തോടുകൂടിയാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന സാമ്പത്തിക ആരോപണം വെറും പ്രചരണമാണെന്നും ഒരു രാഷ്ട്രീയ കക്ഷിക്കും തങ്ങള്‍ അവിഹിതമായ പണം നല്‍കിയിട്ടില്ലെന്നും മന്ത്രി ജലീലുമായി ബന്ധപ്പെടുത്തി ആശുപത്രിയുമായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക