|    Feb 21 Tue, 2017 4:28 am
FLASH NEWS

ആയുധങ്ങള്‍ തോല്‍ക്കുന്ന കശ്മീര്‍…

Published : 21st November 2016 | Posted By: SMR

slug-kashmirറെനി ഐലിന്‍

വിമാനത്താവളത്തില്‍നിന്ന് സുഹൃത്തിന്റെ വീട്ടിലേക്കു പോവുമ്പോള്‍ ടാക്‌സി ഡ്രൈവര്‍ ചോദിച്ചു, നിങ്ങള്‍ ദക്ഷിണേന്ത്യക്കാരനാണോ? അതേ എന്നു മറുപടി നല്‍കിയപ്പോള്‍ പിന്നെ അയാള്‍ നടത്തിയത് ഒരഭ്യര്‍ഥനയാണ്: ‘നിങ്ങളെല്ലാവരും ഞങ്ങളെ കരുതുന്നത് പാകിസ്താനികളായിട്ടാണ്. ദയവായി മനസ്സിലാക്കുക, ഞങ്ങള്‍ പാകിസ്താനികളല്ല; കശ്മീരികളാണ്. ഇവിടെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണ്. അഹ്മദ് എന്ന ടാക്‌സി ഡ്രൈവര്‍ വാചാലനായി. ഡിഗ്രി പാസായിട്ടും തൊഴിലില്ലാതെ അലഞ്ഞ കഥകള്‍ അയാള്‍ പറഞ്ഞു. ഇപ്പോള്‍ അല്‍പം കൃഷിയും ഈ ടാക്‌സിയുമാണ് എന്റെ വരുമാനം. ഇപ്പോഴാണെങ്കില്‍ ആകെ പ്രശ്‌നവും. ജീവിക്കാന്‍ തന്നെ വയ്യ.’
ഹുര്‍രിയത്ത് നേതാവ് അലിഷാ ഗിലാനി താമസിക്കുന്ന ഹൈദര്‍പുര റോഡിന് സമീപം എന്റെ സുഹൃത്ത് വരാമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ അവിടെ ഇറങ്ങി. കഴിഞ്ഞ തവണ കണ്ടതിലേറെ പട്ടാളവും അര്‍ധസൈനികരും. സ്വകാര്യ വാഹനങ്ങള്‍ വളരെ കുറവ്. കവചിത വാഹനങ്ങള്‍ ചീറിപ്പായുന്നു. നഗരത്തിലെ ഏറ്റവും പ്രശ്‌നബാധിത പ്രദേശമായ ഭാഗത്താണ് ഞാന്‍ താമസിച്ചത്. പോവുന്ന വഴിക്ക് അടഞ്ഞുകിടക്കുന്ന കടകളുടെ ഷട്ടറുകളില്‍ ബുര്‍ഹാന്‍വാനിയെ പുകഴ്ത്തിയും ഇന്ത്യയെ വെല്ലുവിളിച്ചുമുള്ള മുദ്രാവാക്യങ്ങള്‍ ധാരാളം കണ്ടു. പക്ഷേ, മുദ്രാവാക്യങ്ങളില്‍ ഒന്ന് എന്റെ ശ്രദ്ധയെ വല്ലാതെ ‘ആകര്‍ഷിച്ചു.’ ഗോ ഇന്ത്യ എന്നെഴുതിയിടത്ത് ഇന്ത്യന്‍ സേന വന്ന് ഒ, ഡി എന്നീ അക്ഷരങ്ങള്‍ ചേര്‍ത്ത് ‘ഗുഡ്’ എന്ന് തിരുത്തിയിരിക്കുന്നു. ഏതു കൊച്ചുകുട്ടിക്കും മനസ്സിലാവുന്ന രീതിയിലാണ് സേനയുടെ ‘തിരുത്ത്.’
ഷട്ടറില്‍ തിരുത്താന്‍ കഴിഞ്ഞാലും കശ്മീരികളുടെ മനസ്സില്‍ ഇത്തരമൊരു തിരുത്തല്‍ നടത്താന്‍ സേനയുടെ പെയിന്റിനോ തോക്കുകള്‍ക്കോ കഴിയില്ല എന്നത് 47 മുതല്‍ ലോകം കണ്ടുകൊണ്ടിരിക്കുകയാണ് എന്നത് മറ്റൊരു യാഥാര്‍ഥ്യം. ഞാന്‍ കാമറയെടുത്ത് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടുകാരന്‍ വിലക്കിയിട്ട് പിന്നിലേക്ക് നോക്കാന്‍ പറഞ്ഞു. രണ്ട് സിആര്‍പിഎഫ് ഭടന്‍മാര്‍ കാറിനെ ലക്ഷ്യമാക്കി നടന്നുവരുന്നു. ഞാന്‍ കാമറ വീണ്ടും ഉള്ളിലേക്കു വച്ചു. അലി എന്റെ സുഹൃത്ത്. ഒരു ഫോട്ടോ ജേണലിസ്റ്റാണ്. പട്ടാളത്തിന്റെ അതിക്രമങ്ങള്‍ പകര്‍ത്തിയതിന് കാമറ മാത്രമല്ല, അദ്ദേഹത്തിന്റെ ഒരു കണ്ണും പെല്ലറ്റ്‌കൊണ്ട് തകര്‍ത്തു.
കാറ് വീട്ടിലെത്തിയപ്പോള്‍ വേറെയും ചുവരെഴുത്തുകള്‍. ‘ദാനിഷ് ഈസ് ഔര്‍ ഹീറോ.’ ആരാണ് ദാനിഷ്? ഞാന്‍ ചോദിച്ചു. അലി പറഞ്ഞു, അയാള്‍ എന്റെ അയല്‍വാസിയാണ്. പെല്ലറ്റ് കൊണ്ട് രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണില്‍നിന്ന് ഏതാണ്ട് കൈപ്പത്തി വലുപ്പത്തിലുള്ള ചീളാണ് ഓപറേഷന്‍ ചെയ്തു പുറത്തെടുത്തത്. വൈകീട്ട് അയാളെ കാണാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അലി പറഞ്ഞു, ദാനിഷ് ഇപ്പോള്‍ ബന്ധുവീട്ടിലാണ് താമസം. ഇവിടെയല്ല. ജീവിതമാകെ തകര്‍ന്ന് ഇരുട്ടിലായ ആ ചെറുപ്പക്കാരന്‍ ആത്മഹത്യാവാസന കാണിച്ചപ്പോഴാണ് ബന്ധുവീട്ടിലേക്കു മാറ്റിയതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.
ചെറിയ കോണ്‍ട്രാക്ട് ജോലികള്‍ നടത്തുന്ന തന്‍വീര്‍ എന്ന ചെറുപ്പക്കാരനെ കാണാനിടയായി. സൗമ്യനും മൃദുഭാഷിയുമായ അയാള്‍ പറഞ്ഞു: സംസ്ഥാന സര്‍ക്കാര്‍ കടുത്ത അഴിമതിയില്‍ മുഴുകിയിരിക്കുകയാണ്. അതിപ്പോഴല്ല, മിക്കപ്പോഴും അങ്ങനെ തന്നെ. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ പോലും ഇവിടെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. എത്ര കോടിയാണ് പ്രതിരോധത്തിനായി ചെലവഴിക്കുന്നത്. കൂടുതലൊന്നും പറയാന്‍ താല്‍പര്യമില്ലാതെ തന്‍വീര്‍ എഴുന്നേറ്റ് ഒരു സിഗരറ്റിന് തീ കൊളുത്തി ശൂന്യതയിലേക്ക് വെറുതെ നോക്കിനിന്നു.
വിധവകളും അര്‍ധവിധവകളും എന്ന വിഖ്യാത പുസ്തകം എഴുതിയ അഫ്‌സാന റഷീദിനെ കാണാന്‍ ഞാന്‍ പോയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം ലാല്‍ചൗക്കിനടുത്ത് ഒരു സ്ഥലത്തു വച്ചു കാണാം എന്നു സമ്മതിച്ചിരുന്നു. എപ്പോഴും എന്തും സംഭവിക്കാവുന്ന ഇടമാണ് ലാല്‍ചൗക്ക്.
കശ്മീര്‍ ലോകത്തിലെ പ്രവചനാതീതമായ ഒരു പ്രദേശമാണ്- അഫ്‌സാന പറയാന്‍ തുടങ്ങി.  കഴിഞ്ഞയാഴ്ച ഞാനും എന്റെ സഹോദരിയും ബസാറില്‍ പോയി. കടകള്‍ വളരെ കുറച്ചു മാത്രമേ തുറന്നുള്ളൂ. കഷ്ടിച്ച് അഞ്ചു മിനിറ്റുപോലും ഞങ്ങള്‍ കടയില്‍ ചെലവഴിച്ചില്ല. വന്ന വഴിയിലൂടെ തിരികെ വരാന്‍ ശ്രമിച്ചപ്പോള്‍ വഴി അടച്ചുകഴിഞ്ഞിരുന്നു. പതിവിലേറെ സിആര്‍പിഎഫ് ഭടന്മാര്‍. ആകെ ബഹളവും പുകയും. പിന്നെ കിലോമീറ്ററുകള്‍ താണ്ടിയാണ് ഞങ്ങള്‍ വീട്ടിലെത്തിയത്. ഇതേ അവസ്ഥ തന്നെയാണ് പല സ്ഥലത്തും.
രാവിലെ ജോലിക്ക് പോവുന്നയാള്‍ വൈകീട്ട് വരുമ്പോള്‍ കാണുന്നത് ഒരുപക്ഷേ, കമ്പിവേലിയും കവചിത വാഹനങ്ങളും നിരത്തി വഴി അടച്ചിരിക്കുന്നതാണ്. കല്ലെറിഞ്ഞു എന്നതായിരിക്കും കാരണം. നഗരത്തിലെ മറ്റു ചില സ്ഥലങ്ങളില്‍ അര്‍ധസൈനികര്‍ കയറാറില്ല. റോഡിന്റെ അറ്റത്തു വേണമെങ്കില്‍ നിന്നോളൂ. പക്ഷേ, ഗലിയില്‍ കയറിയാല്‍ കളി മാറും എന്ന അലിഖിത കരാര്‍ ഇരുകൂട്ടര്‍ക്കുമിടയിലുണ്ട്. അഫ്‌സാനയുമായുള്ള ഞങ്ങളുടെ സംസാരം തുടരുന്നതിനിടയില്‍ സാധാരണ വേഷം ധരിച്ച ഒരാള്‍ ഞങ്ങളുടെ അടുത്ത് വന്നുനിന്നു. കുറിപ്പുകളെഴുതിയ എന്റെ നോട്ട് പുസ്തകത്തില്‍ നോക്കി തിരികെ പോയി. ഇതെന്താ ഇങ്ങനെ എന്ന മട്ടില്‍ ഞാന്‍ അഫ്‌സാനയെ നോക്കി. ഇതൊക്കെയാണ് ഇവിടത്തെ അവസ്ഥയും രീതിയും. പുറത്തുള്ള ആളായതിനാല്‍ നിങ്ങള്‍ കുറേക്കൂടി സൂക്ഷിക്കണം. പരിഭ്രമം മുഖത്ത് വരാതിരിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് അഫ്‌സാന പറഞ്ഞു, നമുക്കു പിരിയാം. ആരാണ് ശത്രു, ആരാണ് മിത്രം എന്ന് തിരിച്ചറിയാനാവില്ല.
ബുര്‍ഹാന്‍ വാനിയെ ഒറ്റിക്കൊടുത്തത് പ്രദേശത്തെ തന്നെ സര്‍ക്കാര്‍ ഏജന്റുമാരാണെന്ന് ഞാന്‍ കേട്ടത് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഭരണകൂടം കൊല്ലുന്നതും കൊല്ലിക്കുന്നതിന് ഉപയോഗിക്കുന്നതും കശ്മീരികളെയാണ്. പെല്ലറ്റ് ഉപയോഗിക്കുന്നതിനു പകരം ഇപ്പോള്‍ എന്തോ ഒരു പ്രത്യേകതരം ഗ്യാസ് ഷെല്‍ ആണത്രെ പൊട്ടിക്കുന്നത്.
(അവസാനിക്കുന്നില്ല)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 537 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക