|    Dec 16 Sat, 2017 3:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആയുധങ്ങളുമായി മലയാളികള്‍ പിടിയിലായ സംഭവം: പ്രതികളെ ചോദ്യം ചെയ്യാന്‍ പോലിസ് കൊല്‍ക്കത്തയിലേക്ക്

Published : 13th October 2016 | Posted By: SMR

കാസര്‍കോട്: ആയുധങ്ങളുമായി കൊല്‍ക്കത്തയില്‍ പിടിയിലായ കൊലക്കേസ് പ്രതികളെ ചോദ്യം ചെയ്യാന്‍ മഞ്ചേശ്വരം എസ്‌ഐ പി പ്രമോദും സംഘവും കൊല്‍ക്കത്തയിലേക്ക് തിരിച്ചു. ജില്ലാ പോലിസ് ചീഫിന്റെ കീഴിലുള്ള ക്രൈം സ്‌ക്വാഡാണ് ഇദ്ദേഹത്തോടൊപ്പം യാത്ര തിരിച്ചത്. കേരള പോലിസിനെ കൂടാതെ ദേശീയ അന്വേഷണ ഏജന്‍സികളും കൊല്‍ക്കത്തയില്‍ പ്രതികളെ ചോദ്യം ചെയ്യും. അധോലോക സംഘത്തില്‍പെട്ട പൈവളിഗെ കായര്‍ക്കട്ടയിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന നൂര്‍ഷ, ശിഹാബുദ്ദീന്‍ എന്ന ഹാരിസ് എന്നിവരാണ് കൊല്‍ക്കത്തയില്‍ പിടിയിലായത്.
ഉപ്പളയിലെ ബാളിഗെ അസീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. 2015 സപ്തംബറില്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ കനാനയില്‍ ബൈക്ക് തടഞ്ഞ് യുവാവിനെ വെട്ടിക്കൊന്ന കേസിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കൊല്‍ക്കത്ത നഗരത്തിലെ തന്ത്രപ്രധാന സ്ഥലമായ ഹൗറ പാലത്തിനു മുകളില്‍ വച്ചാണ് ഇവര്‍ കൊല്‍ക്കത്ത പോലിസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും ഏഴ് എംഎം പിസ്റ്റളുകളും മലയാളത്തിലുള്ള ലഘുലേഖകളും കണ്ടെത്തിയിരുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു. പോലിസ് ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇരുവരും ആദ്യം പറഞ്ഞത്.
ഇതോടെ പ്രതികള്‍ കൊല്‍ക്കത്തയില്‍ എത്തിയതിന്റെ അസ്വാഭാവികതകള്‍ കണക്കിലെടുത്ത് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തതോടെ കൃത്യമായ മേല്‍ വിലാസങ്ങള്‍ നല്‍കുകയായിരുന്നു. എന്നാല്‍, കൊല്‍ക്കത്തയില്‍ എത്തിയതിന്റെ നിജസ്ഥിതി എന്താണെന്ന് വ്യക്തമല്ല. ഉപ്പള കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണ് ഇരുവരും.
ബാളിഗെ അസീസ് കൊലക്കേസില്‍ റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും കുറച്ചുകാലം നാട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിനിടയില്‍ ഇരുവരുടെയും എതിര്‍ ഗ്രൂപ്പിന്റെ നേതാവും കാപ്പാ കേസില്‍ പ്രതിയുമായ ഒരാള്‍ അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇതോടെ ഗുണ്ടാ സംഘത്തിന്റെ ഇരു ഗ്രൂപ്പുകളും വീണ്ടും കൊമ്പുകോര്‍ക്കുകയും ചെയ്തു. ഇതോടെ ആയുധം വാങ്ങാനാണ് കൊല്‍ക്കത്തയില്‍ എത്തിയതെന്നാണ് ഇരുവരും കൊല്‍ക്കത്ത സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് നല്‍കിയ മൊഴി. കേരള പോലിസിന്റെ ചോദ്യം ചെയ്യലിനു ശേഷമേ ഇവര്‍ കൊല്‍ക്കത്തയില്‍ എത്തിയതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ കഴിയൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക