|    Jan 21 Sat, 2017 6:51 pm
FLASH NEWS

ആയിരത്തിലധികം ഏക്കര്‍ നെല്‍കൃഷി നാശത്തിന്റെ വക്കില്‍

Published : 12th October 2016 | Posted By: Abbasali tf

കേച്ചേരി: മഴ ലഭ്യത കുറഞ്ഞ തും വാഴാനി ഡാമില്‍ നിന്ന് വെള്ളം ലഭിക്കാത്തതും മൂലം ഇയ്യാല്‍-പാറന്നൂര്‍ പാടശേഖരങ്ങളിലെ ആയിരം ഏക്കറിലധികം കൃഷി നാശത്തിന്റെ വക്കില്‍.  ഉഴുത് നിരത്തിയിട്ട പാടശേഖരങ്ങളില്‍ വെള്ളമില്ലാത്തത് മൂലം നടാന്‍ കഴിയാത്ത അവസ്ഥയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് നടീല്‍ പൂര്‍ത്തിയാക്കിയ പാടങ്ങളില്‍ ഞാറ് ഉണങ്ങുന്ന അവസ്ഥയാണ്. പലയിടങ്ങളിലും നടാനായി ഒരുക്കിയ ഞാറ്റടികളും ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇത് മൂലം പണം പലിശക്ക് വായ്പയെടുത്ത് കൃഷി നടത്തുന്ന കര്‍ഷകരടക്കം നിരവധി കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. വാഴാനി ഡാമില്‍ വെള്ളം കുറവായതിനാല്‍ പാറന്നൂര്‍ ചിറയിലും കൂമ്പുഴയിലും നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. വാഴാനി ഡാമിലെ വെള്ളത്തെ ആശ്രയിച്ച് ഇത്തവണ കൃഷിയിറക്കാനാവില്ലെന്നാണ് അധികൃതരും പറയുന്നത്. പഴുന്നാന പാടശേഖരങ്ങളില്‍ വെളളമില്ലാത്തതിനാല്‍ മുണ്ടകന്‍ കൃഷി ഉണങ്ങി നശിക്കുന്നു. ചൊവ്വന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പഴുന്നാന, ചെമ്മന്തിട്ട, പുതുശ്ശേരി, പാടശേഖരങ്ങളിലെ 500 ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ഉണങ്ങിയത്. പത്ത് മുതല്‍ 25 ദിവസം വരെ പ്രായമായ ഉമ, ജ്യോതി, കനക, കാഞ്ചന, ഞവര തുടങ്ങിയ നെല്ലിനങ്ങള്‍ ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. മഴയെ ആശ്രയിച്ചും,വാഴാനി ഡാമിലെ വെളളം ഉപയോഗിച്ചാണ് പാടശേഖരങ്ങളില്‍ കൃഷി ചെയ്തിരുന്നത്. വെള്ളം കുറവായതിനാല്‍ ഇത്തവണ വാഴാനി ഡാമില്‍ നിന്ന് പാടശേഖരങ്ങളിലേക്ക് ആവശ്യത്തിന് വെള്ളം ലഭിച്ചില്ല. ഡാമില്‍ നിന്ന് വെളളം ഒഴുകിയെത്തുന്ന പുഴയുടെയും ജലം സംഭരിക്കുന്ന ചിറകളുടെയും അറ്റകുറ്റപ്പണികള്‍ നടത്താത്തതും പായലും മറ്റും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതും മൂലം വെള്ളം സംഭരിക്കാന്‍ കഴിയുന്നില്ല. തകര്‍ന്ന് കിടക്കുന്ന ചീപ്പുകളും ഷട്ടറുകളും ജലം സംഭരിക്കാന്‍ ആവശ്യമായ രീതിയില്‍ പുനരുദ്ധാരണം ചെയ്യാത്തതിനാല്‍ ഡാമില്‍ നിന്ന് തുറക്കുന്ന വെള്ളം യഥാ സമയം പാടശേഖരങ്ങളില്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. അടിയന്തിരമായി പാടശേഖരങ്ങളില്‍ ജലസേചനസൗകര്യങ്ങളൊരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക