|    Sep 22 Sat, 2018 1:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആയിരങ്ങള്‍ കൈകോര്‍ത്ത് മഹാശുചീകരണ യജ്ഞം

Published : 29th August 2018 | Posted By: kasim kzm

ആലപ്പുഴ: പ്രളയം ജീവിതം തകര്‍ത്ത കുട്ടനാടന്‍ ജനതയെ തിരികെയെത്തിക്കാന്‍ കേരളമൊന്നടങ്കം കൈകോര്‍ത്തു. ഇന്നലെ നടന്ന മഹാശുചീകരണ യജ്ഞത്തിലാണ് കാസര്‍കോട് മുതല്‍ പാറശാല വരെയുള്ളവര്‍ ഒറ്റക്കെട്ടായി അണിനിരന്നത്. മന്ത്രിമാര്‍ മുതല്‍ സാധാരണക്കാരന്‍ വരെയുള്ള ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ കുട്ടനാടിനായി കൈകോര്‍ത്തു.
നാലുദിവസം മുമ്പു മാത്രം ആസൂത്രണം ചെയ്ത പദ്ധതി സംസ്ഥാനമാകെ ഏറ്റെടുത്തെന്നു തെളിയിക്കുന്നതായിരുന്നു ജനപങ്കാളിത്തം. വിവിധ സംഘടനാ പ്രവര്‍ത്തകര്‍, ക്ലബ് അംഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുമായെത്തിയ വാഹനങ്ങള്‍ രാവിലെ ഏഴുമണിയോടെ തന്നെ നഗരത്തിലെത്തി. സ്വാതന്ത്ര്യദിനാഘോഷത്തിനു ശേഷം കുട്ടനാട് ശുചീകരണത്തിനു നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും മഹാപ്രളയത്തോടെ ഇനിയെന്ന് എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. എങ്കിലും മഴയുടെ ശക്തി കുറഞ്ഞതോടെ കഴിഞ്ഞ 24നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത, ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ധനമന്ത്രി ഡോ. ടി എം തോമസ് ഐസകും ചേര്‍ന്ന് കുട്ടനാട് ശുചീകരണ യജ്ഞം പ്രഖ്യാപിച്ചത്.
കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴ കാര്യങ്ങള്‍ വീണ്ടും അവതാളത്തിലാക്കുമോ എന്ന ആശങ്ക ഉയര്‍ത്തി. അപ്പോഴേക്കും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി അരലക്ഷത്തിലേറെ സന്നദ്ധ ഭടന്മാരാണ് നഗരത്തിലേക്കെത്തിയത്. മഹാ യജ്ഞത്തിന്റെ പ്രഖ്യാപനത്തോടെ തന്നെ സന്നദ്ധ സേവകര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ആരംഭിച്ചു. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളും നല്‍കി.
നവമാധ്യമങ്ങളില്‍ സന്ദേശം വൈറലായതോടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ കുട്ടനാടിനായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഇന്നലെ തുടങ്ങിയ യജ്ഞം വരുംദിവസങ്ങളിലും തുടരുമെന്നതിനാല്‍ അതിനു സന്നദ്ധരായാണ് ഭൂരിഭാഗവും കുട്ടനാട്ടിലെത്തിയിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss