|    Oct 18 Thu, 2018 12:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആയിരങ്ങള്‍ അണിനിരന്നു; മാര്‍ച്ച് ആവേശക്കടലായി

Published : 28th August 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഏകസിവില്‍കോഡിനും രാജ്യമൊട്ടാകെ നടമാടുന്ന മുസ്‌ലിം വേട്ടയ്ക്കുമെതിരേ മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് അനന്തപുരിയെ ആവേശക്കടലാക്കി. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുമ്പില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിനിരന്നത്. രാവിലെ 10.30ന് ആരംഭിച്ച മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് രാവിലെമുതല്‍ ആളുകളുടെ ഒഴുക്കായിരുന്നു.
വിവിധ മുസ്‌ലിം സംഘടനാപ്രവര്‍ത്തകരാണ് ഐക്യമനസ്സാലെ ആവേശത്തോടെ മാര്‍ച്ചില്‍ പങ്കെടുത്തത്. 130 കോടി ജനങ്ങള്‍ ഏകോദരസഹോദങ്ങളെപ്പോലെ ജീവിക്കുന്ന ഇന്ത്യയില്‍ മുസ്‌ലിം സമൂഹത്തെ ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി മാറ്റിനിര്‍ത്താനാണു മോദി സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് മാര്‍ച്ചില്‍ സംസാരിച്ച മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.
മതേതര-ജനാധിപത്യ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബിജെപി-ആര്‍എസ്എസ് ശക്തികളെ കേവലം പ്രസംഗത്തിലൂടെ മാത്രമല്ല, പൂര്‍ണമായും മാറ്റിനിര്‍ത്തുമെന്ന നിലപാട് സ്വീകരിക്കണം. രാജ്യത്തെ താക്കോല്‍സ്ഥാനങ്ങളില്‍ ആര്‍എസ്എസ് നേതാക്കളെ തിരുകിക്കയറ്റാനാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. മുസ്‌ലിം സമൂഹത്തെ തീവ്രവാദികളാക്കി അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ അതിനെതിരേ സിപിഎം എന്നും നിലകൊള്ളും. ഏകസിവില്‍കോഡ് വിഷയത്തില്‍ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍, മതസംഘടനകള്‍, പണ്ഡിതര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിക്കുകയും വിശദമായ ചര്‍ച്ച നടത്തുകയും വേണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായ ഇന്ത്യയില്‍ ഏകസിവില്‍കോഡ് വാദവുമായി എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ വിവിധ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ഇടതു-വലതു മുന്നണികള്‍ ഒറ്റക്കെട്ടായി ഇതിനെതിരേ രംഗത്തുവരണമെന്ന് പോപുലര്‍ഫ്രണ്ട് ദേശീയ ഉപാധ്യക്ഷന്‍ കരമന അഷ്‌റഫ് മൗലവി പറഞ്ഞു.
രാജ്യസ്‌നേഹമെന്നാല്‍ ജനങ്ങളെ സ്‌നേഹിക്കലാണ്. അല്ലാതെ മൃഗസ്‌നേഹമല്ല, അത്തരക്കാര്‍ രാജ്യവിരുദ്ധപ്രവര്‍ത്തകരാണ്. ഇത്തരം ദേശവിരുദ്ധശക്തികള്‍ക്കെതിരേ നിരന്തരം ജാഗ്രതപാലിക്കാന്‍ മുസ്‌ലിം സമൂഹം തയ്യാറാവണം. കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല, കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളും മുസ്‌ലിം-ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അത്തരം സമീപനങ്ങളും അവസാനിപ്പിക്കണം. പശുവിനെ കൊന്നെന്ന പേരില്‍ രാജ്യത്ത് മുസ്‌ലിം-ദലിത് വിഭാഗത്തില്‍പ്പെട്ട ആളുകളെ തല്ലിക്കൊന്ന വര്‍ഗീയവാദികള്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യ ഇന്ത്യ രൂപപ്പെട്ടതുമുതല്‍ മതേതരത്വം ഇല്ലാതാക്കാനുള്ള ഫാഷിസ്റ്റ് ശ്രമം പലവുരു ഉണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ ആ നീചശ്രമം നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്തിനു വെല്ലുവിളിയാണെന്നും ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
പൊതുതാല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപ്പാക്കേണ്ട മാര്‍ഗനിര്‍ദേശകതത്വങ്ങള്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരേ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്ന മാധ്യമങ്ങള്‍ മുസ്‌ലിം വിരുദ്ധ നീക്കത്തില്‍നിന്നു പിന്‍മാറണമെന്ന് എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് നേമം സിദ്ദീഖ് സഖാഫി ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss