|    Nov 19 Mon, 2018 10:26 am
FLASH NEWS

ആയിരങ്ങളുടെ കുടിവെള്ളം മുടങ്ങാതെ കാത്തത് നാവികസേനയുടെ സാഹസികത

Published : 25th August 2018 | Posted By: kasim kzm

കണ്ണൂര്‍: മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പഴശ്ശി കുടിവെള്ള പദ്ധതിയിലെ ജലവിതരണം മുടങ്ങിയപ്പോള്‍ രക്ഷയായത് നാവിക സേനയുടെ സാഹസിക ദൗത്യം. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ വളപട്ടണം പുഴയിലേക്ക് ഒഴുകിയെത്തിയ കല്ലും മണ്ണും മരങ്ങളും കാരണം പഴശ്ശി പമ്പ് ഹൗസിലേക്കുള്ള ചേംബര്‍ അടഞ്ഞുപോയതായിരുന്നു പ്രശ്നം. പയ്യന്നൂര്‍, തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലും 11 പഞ്ചായത്തുകളിലും മൂന്നുദിവസം ഇതുകാരണം കുടിവെള്ളം മുടങ്ങുന്ന സ്ഥിതിയുണ്ടായി.
പഴശ്ശി അണക്കെട്ടിന് 400 മീറ്റര്‍ മുകളിലായി വളപട്ടണം പുഴയുടെ അടിത്തട്ടില്‍ സ്ഥാപിച്ച മൂന്നുമീറ്റര്‍ ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ചേംബര്‍ വഴിയാണ് പഴശ്ശി പദ്ധതിയുടെ പമ്പ് ഹൗസിലേക്ക് വെള്ളം ലഭ്യമാക്കുന്നത്. തുടക്കത്തില്‍ ചെറിയ തോതിലുണ്ടായ തടസ്സം ശനിയാഴ്ചയോടെ പൂര്‍ണമാവുകയായിരുന്നു. തുടര്‍ന്നാണ് പമ്പിങ് നിര്‍ത്തിവയ്—ക്കേണ്ടി വന്നത്. ഇക്കാര്യം ജലവകുപ്പ് അധികൃതര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നാവിക സേനയുടെ സഹായം തേടുകയായിരുന്നു.
നാവികസേനയുടെ വിദഗ്ധ സംഘം സര്‍വസജ്ജരായി ഐഎന്‍ ഡോണിയര്‍ വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി. വൈകീട്ടോടെ ലഫ്. കമാന്‍ഡര്‍ രാജീവ് ലോച്ചന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം പഴശ്ശി പദ്ധതി പ്രദേശത്തെത്തി. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നു കല്ലും മണ്ണും മരങ്ങളുമായി കുതിച്ചൊഴുകുന്ന പുഴയില്‍ അപ്പോള്‍ ആറു മീറ്റര്‍ ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. കലങ്ങിയ വെള്ളത്തില്‍ പുഴയുടെ അടിത്തട്ടിലുള്ള ചേംബറിലെ തടസ്സങ്ങള്‍ നീക്കുകയയെന്നത് അത്യന്തം ദുഷ്‌കരവുമായി. അതിസാഹസികമായാണ് മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന മറൈന്‍ കമാന്‍ഡോകള്‍ ദൗത്യത്തിനായി ഇറങ്ങിത്തിരിച്ചത്. ഏഴിമല നാവിക അക്കാദമിയില്‍നിന്നും കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്‍ഡില്‍ നിന്നുമുള്ള രണ്ട് ഡൈവിങ് ഓഫിസര്‍മാര്‍, എട്ട് മുങ്ങല്‍ വിദഗ്ധര്‍, ഒരു മെഡിക്കല്‍ ഓഫിസര്‍, ഒരു മെഡിക്കല്‍ അസിസ്റ്റന്റ് എന്നിവരടങ്ങിയതായിരുന്നു പ്രത്യേക സംഘം. വെള്ളം കലങ്ങിയതും മണ്ണ് മൂടിക്കിടന്നതിനാലും ചേംബറിന്റെ ശരിയായ സ്ഥാനം കണ്ടെത്താന്‍ പ്രയാസപ്പെട്ടതായി ലഫ്. കമാന്‍ഡര്‍ രാജീവ് ലോച്ചന്‍ പറഞ്ഞു.
ചളിയും കല്ലും നിറഞ്ഞ് പൂര്‍ണമായി മൂടിയ നിലയിലായിരുന്നു ഇന്‍ലെറ്റ് ചേംബറിന്റെ മുഖം. ഭാഗികമായി തടസ്സങ്ങള്‍ നീക്കി പമ്പിങ് പുനരാരംഭിക്കാന്‍ പാകത്തിലാക്കാന്‍ രണ്ടുദിവസത്തിലേറെ കഷ്ടപ്പെടേണ്ടിവന്നു. ചേംബര്‍ മുഖത്ത് വിലങ്ങനെ കിടന്ന കൂറ്റന്‍ മരമാണ് ഓപറേഷന്‍ പൂര്‍ണ വിജയത്തിലെത്തിക്കാന്‍ വിലങ്ങുതടിയായത്. ആഴവും കാഴ്ചാതടസ്സവും നേവിയുടെ മുമ്പില്‍ പ്രശ്നമായില്ലെങ്കിലും ശക്തമായ കുത്തൊഴുക്ക് വിഘാതം സൃഷ്ടിച്ചു. താല്‍കാലികമായി അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി ഒഴുക്കിന്റെ ശക്തി കുറയ്ക്കാനായാല്‍ മരം നീക്കാമെന്നായിരുന്നു നാവിക സേനയുടെ കണക്കുകൂട്ടല്‍.
പക്ഷെ, ശക്തമായ മഴ തുടരുന്ന സമയത്ത് ഷട്ടര്‍ അടക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാല്‍ തല്‍ക്കാലം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് അണക്കെട്ടിന്റെ ചുമതലയുള്ള ജലവകുപ്പ് അസിസ്റ്റന്റ് എക്—സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ സുദീപ് പറഞ്ഞു. മഴ കുറയുന്നതോടെ ജലനിരപ്പ് താഴ്ന്നാല്‍ മരം നീക്കം ചെയ്യാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഏതായാലും ജില്ലയിലെ ആയിരക്കണക്കിന് ആളുകള്‍ക്കുള്ള കുടിവെള്ള വിതരണം പുനരാരംഭിക്കാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് നാവികസേനാ സംഘം മടങ്ങിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss