|    Oct 18 Wed, 2017 4:56 pm
FLASH NEWS

ആയിരം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും: സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെ പദ്ധതിക്ക് സര്‍വകലാശാലയില്‍ തുടക്കം

Published : 12th August 2017 | Posted By: fsq

 

തേഞ്ഞിപ്പലം:  ആയിരം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്ന സംസ്ഥാന സാമൂഹികവനവല്‍ക്കരണ വകുപ്പിന്റെ പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ തുടക്കമായി. ഔഷധ സസ്യമായ ലക്ഷ്മിതരു നട്ടുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായാണ് മലപ്പുറം സാമൂഹിക വനവല്‍ക്കരണ ഡിവിഷന്റെ സഹകരണത്തോടെ പരിപാടി നടപ്പാക്കുന്നത്. നെല്ലി, ഉറുമാമ്പഴം, സീതപഴം, ഞാവല്‍, പുളി, പേര, ഉങ്ങ്, നീര്‍മരുത് തുടങ്ങിയ വൃക്ഷത്തൈകളാണ് നടുന്നത്. സാമൂഹികവനവല്‍ക്കരണ വിഭാഗത്തിന്റെ നിലമ്പൂരിലെ നഴ്‌സറിയില്‍ വളര്‍ത്തിയ രണ്ട് വര്‍ഷം പ്രായമായ ആയിരം തൈകളാണ് നടുന്നത്. ചെടിക്ക് ചുറ്റും ട്രീ ഗാര്‍ഡും സാമൂഹിക വനവല്‍ക്കരണ വകുപ്പ് ലഭ്യമാക്കും. കാംപസുകളിലെ സോഷ്യല്‍ സയന്‍സ് പഠനവിഭാഗങ്ങളിലെ കെട്ടിടത്തിന്റെ പരിസരത്താണ് തൈകള്‍ നടാനാരംഭിച്ചിട്ടുള്ളത്. കാംപസുകളിലെ ചില പ്ലോട്ടുകളില്‍ നേരത്തെ വളര്‍ത്തിയ അക്കേഷ്യ മരങ്ങള്‍ മുറിച്ചുനീക്കാന്‍ നടപടിയെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. ചടങ്ങില്‍ ഡോ. പി മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ്, റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ ടി അബ്ദുല്‍ സമദ്, സുവര്‍ണ ജൂബിലി ഗ്രീന്‍ കാമ്പസ് കാംപയിന്‍ കണ്‍വീനര്‍ ഡോ. ജോണ്‍ ഇ തോപ്പില്‍, ലൈഫ്‌സയന്‍സ് പഠനവകുപ്പിലെ ഡോ. ഇ ശ്രീകുമാരന്‍, ബോട്ടണി പഠനവകുപ്പിലെ ഡോ. സി സി ഹരിലാല്‍, ഡോ.എ കെ പ്രദീപ്, യൂനിവേഴ്‌സിറ്റി എന്‍ജിനീയര്‍ കെ കെ അബ്ദുല്‍ നാസിര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക