|    May 21 Mon, 2018 12:55 pm
FLASH NEWS
Home   >  Sports  >  Cricket  >  

ആയിരം അംലയ്ക്ക് അര ബട്‌ലര്‍; പഞ്ചാബിനെതിരേ മുംബൈ ജയം 8 വിക്കറ്റിന്‌

Published : 20th April 2017 | Posted By: ev sports

ഇന്‍ഡോര്‍: ആയിരം അംലയ്ക്ക് അര ബട്‌ലര്‍ എന്ന് പഞ്ഞാല്‍ അതൊരു തെറ്റാകില്ല. കാരണം സ്വന്തം മൈതാനത്ത് ഹാംഷിം അംല(104) അടിച്ചെടുത്ത സെഞ്ച്വറിയെ നിര്‍വീര്യമാക്കുന്ന പ്രകടനമാണ് ജോസ് ബട്‌ലറും നിധീഷ് റാണയും പുറത്തെടുത്തത്. ഇന്‍ഡോറിലെ മൈതാനത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് അടിച്ചെടുത്തപ്പോള്‍ വെറും 15.3 പന്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി മുംബൈ വിജയം കൈപ്പിടിയിലൊതുക്കി. ജോസ് ബട്‌റുടേയും(77) നിധീഷ് റാണയുടേയും(62*) അര്‍ധ സെഞ്ച്വറിയാണ് മുംബൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. പാര്‍ഥിവ് പട്ടേലും(37) മുംബൈയ്ക്കുവേണ്ടി കരുത്തുറ്റ പ്രകടനമാണ് പുറത്തെടുത്തത്.
ടോസ് ലഭിച്ച് ഫീല്‍ഡ് ചെയ്യാനുള്ള മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം തെറ്റാണെന്ന് തോന്നിക്കുന്ന പ്രകടനമാണ് പഞ്ചാബ് ഓപണര്‍മാര്‍ പുറത്തെടുത്തത്. മികച്ച ഫോമില്‍ കളിക്കുന്ന മനാന്‍ വോറയെ പുറത്തിരുത്തി പകരം ഷോണ്‍ മാര്‍ഷിന് അവസരം നല്‍കിയാണ് പഞ്ചാബ് മുംബൈയ്‌ക്കെതിരേ ഇറങ്ങിയത്. മികച്ച തുടക്കം തന്നെയാണ് അംലയും മാര്‍ഷും ചേര്‍ന്ന്് പഞ്ചാബിന് സമ്മാനിച്ചത്. ഹാഷിം അംല കരുതലോടെ ബാറ്റ് വീശിയപ്പോള്‍ മാര്‍ഷ് തല്ലിതകര്‍ത്ത് കളിച്ചു. മഗ്ലെങ്ങനുമുന്നില്‍ കീഴടങ്ങി മാര്‍ഷ് (26) മടങ്ങുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 5.5 ഓവറില്‍ ഒരു വിക്കറ്റിന് 46 എന്ന നിലയിലായിരുന്നു. രണ്ടാം വിക്കറ്റില്‍ വൃധിമാന്‍ സാഹ(11) വീണ്ടും പരാജയപ്പെട്ടു. 15 പന്തില്‍ 11 റണ്‍സെടുത്ത സാഹയെ ക്രുണാല്‍ പാണ്ഡ്യ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. മൂന്നാം വിക്കറ്റിലൊത്തുചേര്‍ന്ന മാക്‌സ്‌വെല്ലും അംലയും ചേര്‍ന്ന് പഞ്ചാബ് സ്‌കോര്‍ബോര്‍ഡിനെ ടോപ് ഗിയറിലാക്കി. പതിയെ തുടങ്ങിയ മാക്‌സ്‌വെല്‍ അവസാന ഓവറുകളില്‍ കൊടുങ്കാറ്റായപ്പോള്‍ മുംബൈ ബൗളര്‍മാര്‍ തലങ്ങും വിലങ്ങും പറന്നു. 18 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 40 റണ്‍സെടുത്ത മാക്‌സ്‌വെല്‍ ജസ്പ്രീത് ബൂംറയ്ക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 163 എന്ന മികച്ച നിലയിലായിരുന്നു.


മാക്‌സ്‌വെല്‍ മടങ്ങിയതോടെ ആക്രമണത്തിന്റെ ഉത്തരവാധിത്വം ഏറ്റെടുത്ത അംല അവസാന ഓവറില്‍ ലസിത് മലിംഗയെ തുര്‍ച്ചയായി രണ്ട് സിക്‌സറുകളില്‍ പറത്തിയാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 60 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സറും അടങ്ങിയ തകര്‍പ്പന്‍ ഇന്നിങ്‌സാണ് അംല ഇന്‍ഡോറില്‍ കാഴ്ചവെച്ചത്. മുംബൈ നിരയില്‍ ലസിത് മലിംഗ നാല് ഓവറില്‍ 58 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല.
199 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് അതിവേഗം ബാറ്റ് വീശിയ മുംബൈയ്ക്ക് വേണ്ടി പട്ടേലും ബട്‌ലറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 37 പന്തില്‍ ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി 77 റണ്‍സെടുത്ത ബട്‌ലര്‍ കളിക്കളം കൈയ്യടക്കിയതോടെ മല്‍സരം അനായാസം മുംബൈയ്‌ക്കൊപ്പം നിന്നു. 34 പന്തില്‍ ഏഴ് സിക്‌സറുകള്‍ അടക്കം നിധീഷ് റാണ പുറത്താവാതെ 62 റണ്‍സ് നേടി. ജോസ് ബട്‌ലറാണ് കളിയിലെ താരം. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയുടെ തലപ്പത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss