|    Feb 20 Mon, 2017 11:38 pm
FLASH NEWS

ആയിക്കരയില്‍ ഡ്രഡ്ജിങ് പുനരാരംഭിക്കാന്‍ നടപടിയില്ല; മല്‍സ്യത്തൊഴിലാളികളുടെ ദുരിതം തുടരുന്നു

Published : 7th November 2016 | Posted By: SMR

കണ്ണൂര്‍: ആയിക്കര മാപ്പിള ബേ ഹാര്‍ബര്‍ ആഴംകൂട്ടുന്ന ഡ്രഡ്ജിങ് ജോലികള്‍ തടസ്സപ്പെട്ടതോടെ മല്‍സ്യമേഖല കടുത്ത പ്രതിസന്ധിയിലായി. ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ കാലാവധി അവസാനിക്കുമ്പോഴും 20 ശതമാനം പോലും നടന്നിട്ടില്ല. ഡ്രഡ്ജിങ് യന്ത്രം കേടായതോടെ അഞ്ചുമാസമായി ജോലികള്‍ നിലച്ചിരിക്കുകയാണ്.  ഇക്കാര്യം മല്‍സ്യത്തൊഴിലാളികള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തുടര്‍നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.
ഹാര്‍ബറില്‍ മീന്‍പിടിത്ത ബോട്ടുകള്‍ സുരക്ഷിതമായി കരയ്ക്കടുപ്പിക്കുന്നതിനു വേണ്ടി 2015 ജനുവരി ഒന്നിനാണ് ആഴംകൂട്ടുന്ന പ്രവൃത്തി തുടങ്ങിയത്. 6.7 കോടി രൂപയ്ക്ക് 500 ദിവസം കൊണ്ട് ഡ്രഡ്ജിങ് പൂര്‍ത്തീകരിക്കണമെന്നായിരുന്നു കൊച്ചിയിലെ വെസ്റ്റ് ഹോസ്റ്റ് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍.
ആഴം കൂട്ടുന്നതിനായി എടുത്ത മണല്‍ ഹാര്‍ബറില്‍ കൂട്ടിയിട്ടിരിക്കുകയാണ്. മഴപെയ്താലോ ശക്തമായി തിരയടിച്ചാലോ ഇതു വീണ്ടും കടലിലെത്തും. മണല്‍ നീക്കാത്തതിനാല്‍ തുറമുഖത്ത് ബോട്ടുകള്‍ അടുപ്പിക്കാനാവുന്നില്ല. 150 മീറ്റര്‍ അകലെ ബോട്ടുകള്‍ നിര്‍ത്തിയിടേണ്ട അവസ്ഥയാണ്.
ചെറുവള്ളങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോഴും ബോട്ടുകളില്‍നിന്നു മല്‍സ്യം കരയ്‌ക്കെത്തിക്കുന്നത്. മണല്‍ നീക്കംചെയ്യാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കരാറുകാരന്‍ പറയുന്നു. കടലില്‍നിന്ന് എടുക്കുന്ന മണല്‍ ജില്ലാ കലക്ടറുടെ ഇ-മണല്‍ പദ്ധതി വഴി വില്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഗുണനിലവാരം കുറഞ്ഞ മണല്‍ വലിയ വിലനല്‍കി വാങ്ങാന്‍ ആരും തയ്യാറല്ല. ഉപ്പു കലര്‍ന്ന മണലായതിനാല്‍ നിര്‍മാണപ്രവൃത്തികള്‍ക്ക് ഉപയോഗിക്കാനും കഴിയില്ല. ഇക്കാരണത്താല്‍ ഇതിന്റെ ടെന്‍ഡര്‍ ആരും ഏറ്റെടുക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മല്‍സ്യത്തൊഴിലാളികള്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. അതേസമയം, പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നും മണല്‍ നീക്കം ചെയ്തയുടന്‍ ഡ്രഡ്ജിങ് പൂര്‍ത്തിയാക്കുമെന്നും ഹാര്‍ബര്‍ എന്‍ജിനീയര്‍ വ്യക്തമാക്കി.
35 വലിയ വള്ളങ്ങളും 350 ചെറിയ വള്ളങ്ങളും ആയിക്കരയില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോവുന്നുണ്ട്. ഡ്രഡ്ജിങ് പ്രശ്‌നം മൂലം മല്‍സ്യവിപണനം പ്രതിസന്ധിയിലായതോടെ കടലിനെ നേരിട്ട് ആശ്രയിക്കുന്ന അയ്യായിരത്തിലധികം പേരുടെ ജീവിതമാണ് വഴിമുട്ടിയത്. മല്‍സ്യം കുറഞ്ഞതും വലിയ ചെലവും മൂലം മല്‍സ്യബന്ധനം ലാഭകരമല്ലാതായതോടെ ആയിക്കരയിലെ ഐസ് പ്ലാന്റുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക