|    Jul 16 Mon, 2018 2:22 pm
FLASH NEWS

ആയിക്കരയിലെ ഡ്രഡ്ജിങ് നിലച്ചിട്ട് ഒരുവര്‍ഷം : ഫിഷറീസ് വകുപ്പ് അധികൃതര്‍ക്കു നിസ്സംഗത

Published : 8th August 2017 | Posted By: fsq

 

കണ്ണൂര്‍: ആയിക്കര ഹാര്‍ബറി ല്‍ മല്‍സ്യബന്ധന ബോട്ടുകള്‍ സുരക്ഷിതമായി കരക്കടുപ്പിക്കുന്നതിന് ആരംഭിച്ച ഡ്രഡ്ജിങ് നിലച്ചിട്ട് ഒരുവര്‍ഷം പിന്നിട്ടു. ഡ്രഡ്ജ് ചെയ്ത് കൂട്ടിയിട്ട മണല്‍ നീക്കം ചെയ്യാനാവുന്നില്ലെന്നും ഉപയോഗിക്കുന്ന യന്ത്രം മാറ്റി പുതിയത് കൊണ്ടുവരണമെന്നും പറഞ്ഞ് നിര്‍ത്തിവച്ച മണല്‍നീക്കമാണ് അനിശ്ചിതമായി നീളുന്നത്. ഒന്നര വര്‍ഷം കൊണ്ട് ഡ്രഡ്ജിങ് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത് ഇപ്പോള്‍ മൂന്നുതവണ കാലാവധി നീട്ടിനല്‍കിയിരിക്കുകയാണ്. 2014 ജൂണ്‍ ആറിനു ടെന്‍ഡര്‍ ചെയ്തപ്പോള്‍ 500 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നാണു നിര്‍ദേശിച്ചത്. പിന്നീട് 2017 മാര്‍ച്ച് 31വരെയും അതിനും പൂര്‍ത്തിയാവാത്തതിനാല്‍ 2018 ഏപ്രില്‍ 30 വരെയുമാണു നീട്ടിനല്‍കിയത്. ഈ കാലാവധിക്കു കീഴിലും പ്രവൃത്തി പൂര്‍ത്തീകരിക്കാനായില്ലെങ്കില്‍ ഡ്രഡ്ജിങിന് അനുവദിച്ച ലക്ഷങ്ങള്‍ പാഴായിപ്പോവുമെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്. ആയിക്കര ഹാര്‍ബറിന് ആഴം കൂട്ടാന്‍ 6.70 കോടി രൂപയ്ക്കാണ് കൊച്ചിയിലെ വെസ്റ്റ്‌കോസ്റ്റ് ഏജന്‍സി കരാറെടുത്തത്. എന്നാല്‍, നീക്കം ചെയ്യുന്ന മണല്‍ കൊണ്ടുപോവാന്‍ അരുമെത്താത്തതാണു തുടക്കത്തില്‍ പ്രതിസന്ധിയുണ്ടാക്കിയത്. ആദ്യഘട്ടത്തില്‍ ഒരു ചതുരശ്ര അടി മണലിന് 616 രൂപയ്ക്കു മണല്‍ നല്‍കാന്‍ ടെന്‍ഡര്‍ നല്‍കിയെങ്കിലും ആരുമെത്തിയില്ല. തുടര്‍ന്ന് 416ലേക്കും 228ലേക്കും കുറച്ചെങ്കിലും ഉപ്പുരസം കലര്‍ന്ന മണലിനു ആവശ്യക്കാരില്ലാത്തതാണു തിരിച്ചടിയായത്. തുടര്‍ന്ന് ആറ് സ്ഥലത്തായാണ് മണല്‍ കൂട്ടിയിട്ടിരുന്നത്. ഇരിണാവില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിയുടെ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനാല്‍ നിര്‍മാണം മുടങ്ങിയതോടെ മണല്‍ നീക്കം പ്രതിസന്ധിയിലായി.ഇതോടെ കരാറുകാരനും പിന്‍വാങ്ങി. മണല്‍തിട്ടയില്‍ തട്ടി ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നതു പതിവായതോടെ മല്‍സ്യത്തൊഴിലാളികള്‍ ജീവന്‍ പണയം വച്ചാണ് തൊഴിലെടുക്കുന്നത്. ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പ് അധികൃതരും മൗനം പാലിക്കുകയാണ്. നേരത്തേ, രത്തന്‍ ഖേല്‍ക്കര്‍ ജില്ലാ കലക്്ടറായിരുന്ന സമയത്ത് ട്രോളിങ് സംബന്ധിച്ച യോഗത്തില്‍ മല്‍സ്യത്തൊഴിലാളികളും സംഘടനാ നേതാക്കളും ഇക്കാര്യത്തില്‍ വ്യക്തമായ നി ര്‍ദേശം വച്ചിരുന്നു. കാലവര്‍ഷ സമയത്ത് ജീവന്‍രക്ഷാ ബോട്ടുകള്‍ക്കു പോലും കടക്കാനാവാത്ത വിധം അപകടകരമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന്, തോട്ടപ്പള്ളിയില്‍ നിന്നു യന്ത്രമെത്തിച്ച് ഡ്രഡ്ജിങ് കാര്യക്ഷമമാക്കുമെന്ന് അറിയിച്ചിരുന്നു. മാത്രമല്ല, എല്ലാ മാസവും പുരോഗതി വിലയിരുത്തുമെന്നും അറിയിച്ചെങ്കിലും എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. ആയിക്കരയില്‍ ഡ്രഡ്്ജിങ് നടത്തുന്ന യന്ത്രം ഒരാഴ്ച പ്രവൃത്തി നടത്തിയാല്‍ രണ്ടാഴ്ച കട്ടപ്പുറത്താവുന്ന അവസ്ഥയിലുള്ളതായിരുന്നു. തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെയാണ് നന്നാക്കാനായി കൊണ്ടുപോവുകയാണെന്നു പറഞ്ഞ് ഒരുവര്‍ഷം മുമ്പ് യന്ത്രം കൊണ്ടുപോയത്. എന്നാല്‍, പുതിയ യന്ത്രമോ നന്നാക്കിയതോ ഒന്നും ഇതുവരെ ആയിക്കരയിലെത്തിയില്ല. ആയിക്കരയിലെ ഡ്രഡ്ജിങ് അശാസ്ത്രീയമാണെന്ന് തുടക്കത്തില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഹാര്‍ബറിനോട് ചേര്‍ന്ന് പുലിമുട്ട് നിര്‍മിക്കാതെ മണല്‍ മാത്രം നീക്കം ചെയ്തിട്ടു കാര്യമില്ലെന്നായിരുന്നു മല്‍സ്യത്തൊഴിലാളികളുടെ വാദം. പുലിമുട്ട് നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ 15 കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ 17 കോടിയെങ്കിലും അനുവദിച്ചാല്‍ മാത്രമേ പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാവൂ എന്നാണ് അധികൃതരുടെ വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss