|    Jun 25 Mon, 2018 1:52 pm
Home   >  Todays Paper  >  page 12  >  

ആഭ്യന്തരവകുപ്പില്‍ നിന്നുള്ള കത്ത്

Published : 1st December 2016 | Posted By: SMR

slug-navas-aliകേന്ദ്ര ആഭ്യന്തരവകുപ്പിലെ ദേശീയോദ്ഗ്രഥന വിഭാഗത്തിലെ ഡയറക്ടര്‍ ഒപ്പുവച്ച് കേരള ആഭ്യന്തരവകുപ്പിനയച്ച കത്ത് തേജസിന് പരസ്യം നിഷേധിക്കാന്‍ മാത്രം ഗൗരവമുള്ളതായിരുന്നുവോ? കേന്ദ്ര അഭ്യന്തര മന്ത്രാലയത്തില്‍ നിന്നും 2009 നവംബര്‍ 18നാണ് കേരള ചീഫ് സെക്രട്ടറിക്ക് രഹസ്യം എന്ന മുദ്ര പതിപ്പിച്ചുള്ള കത്ത് ലഭിക്കുന്നത്. തേജസിലെ പ്രകോപനപരമായ വാ ര്‍ത്തകള്‍ എന്ന തലക്കെട്ടിലുള്ള കത്തില്‍ തേജസ് ദൈ്വവാരികയിലും പത്രത്തിലും മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രകോപനപരമായ വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തുന്നതായി കണ്ടെത്തി എന്നാണ് ആമുഖമായി പറയുന്നത്. ചില സംഘടനകളുടെ മതപരമായ അജണ്ടകള്‍ നടപ്പാക്കാനുള്ള പാന്‍ ഇസ്‌ലാമിക് ശൃംഖലയുടെ ഭാഗമായുള്ള പ്രസിദ്ധീകരണമാണ് തേജസ് എന്ന ‘രഹസ്യ’ വിവരവും ആഭ്യന്തര മന്ത്രാലയം കൈമാറുന്നുണ്ട്. രാജ്യത്ത് മുസ്‌ലിംകളുടെ അവസ്ഥ, കശ്മീര്‍ പ്രശ്‌നം, ഇസ്രായേലുമായും അമേരിക്കയുമായുമുള്ള ഇന്ത്യയുടെ ബന്ധം എന്നീ വിഷയങ്ങളില്‍ ദേശവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നാണ് തേജസിനെതിരേയുള്ള പ്രധാന ആരോപണമായി ഉന്നയിച്ചത്. ഭരണകൂട ഭീകരതയെക്കുറിച്ച് തേജസില്‍ വാര്‍ത്ത വരുന്നതായും ആരോപിക്കുന്നു. എല്ലാറ്റിലും ഉപരിയായി രാജ്യത്തെ നിലവിലുള്ള അവസ്ഥ വര്‍ഗീയപരമായ കാഴ്ചപ്പാടോടെയാണ് തേജസ് അവതരിപ്പിക്കുന്നത് എന്നും അഭ്യന്തര മന്ത്രാലയം പറയുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളായതിനാല്‍ പിന്നീട് പിഅര്‍ഡി ചെയ്ത പോലെ വാര്‍ത്തകളുടെ സാംപിള്‍ അയക്കുക എന്ന വിഡ്ഢിത്തമൊന്നും ദേശീയോദ്ഗ്രഥനവിഭാഗം ചെയ്തിട്ടില്ല.
തേജസിന് സാമ്പത്തിക പിന്തുണ നല്‍കുന്നവരെക്കുറിച്ച് കത്തില്‍ പരാമര്‍ശിച്ചതില്‍ നെടുങ്കന്‍ അബദ്ധങ്ങളാണുള്ളത്. ഇന്ത്യയിലും വിദേശത്തുമുള്ള ധനിക വ്യവസായികളും കേരളത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയുമാണ് തേജസ് നടത്തിപ്പിന് സാമ്പത്തിക സഹായം നല്‍കുന്നത് എന്ന ആരോപണവും രഹസ്യ കത്തിലുണ്ട്. തേജസ് പത്രത്തിന്റെ നടത്തിപ്പുമായി ഒരു ബന്ധവുമില്ലാത്ത പ്രമുഖ ട്രാവല്‍ ഏജന്‍സിയാണ് പത്രത്തിന്റെ പ്രധാന സാമ്പത്തിക ഉറവിടം എന്ന അബദ്ധജഡിലമായ കണ്ടെത്തല്‍ പോലെ തന്നെയാണ് പത്രത്തിനെതിരേ ഉയര്‍ത്തിയ മറ്റ് ആരോപണങ്ങളും. രാജ്യതാല്‍പര്യങ്ങള്‍ക്കെതിരേയുള്ള ഒരു വരിപോലും തേജസില്‍ വന്നതായി ആരോപണം ഉന്നയിച്ചവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം മറ്റു പത്രങ്ങളില്‍ വന്ന വാര്‍ത്ത തേജസിലും വരുമ്പോള്‍ അതില്‍ രാജ്യദ്രോഹം ആരോപിക്കുക എന്ന മുന്‍വൈരാഗ്യത്തോടു കൂടിയുള്ള നടപടികളെടുക്കാന്‍ ഒരു അമാന്തവും കാണിക്കാറുമില്ല.
കേന്ദ്ര അഭ്യന്തര മന്ത്രാലയം കേരളാ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലെ ഫയല്‍ നമ്പര്‍ പ്രകാരം 2007 ജനുവരിയില്‍ തന്നെ തേജസിനെതിരേയുള്ള നീക്കങ്ങള്‍ അഭ്യന്തര മന്ത്രാലയം തുടങ്ങിയെന്ന് വ്യക്തമാണ്. മാത്രമല്ല ഇങ്ങിനെയൊരു കത്തയക്കാന്‍ ദേശീയോദ്ഗ്രഥന വിഭാഗത്തിന്റെ മേല്‍ കേരളത്തില്‍ നിന്നുള്ള ഒരു എംപി നിരന്തരമായി  സമര്‍ദം ചെലുത്തിയെന്നും തേജസിന് പരസ്യം നിഷേധിക്കാനുള്ള ശ്രമം അങ്ങിനെ തുടങ്ങിയതാണെന്നും പിന്നീട് വ്യക്തമായി. കേന്ദ്രസര്‍ക്കാര്‍ വക പരസ്യം നിഷേധിക്കാന്‍ ഡിഎവിപിക്ക് കത്തയക്കുന്നത് കേരളത്തിലെ ആഭ്യന്തരവകുപ്പായിരുന്നു.
പത്രം തുടങ്ങി ഒരു വര്‍ഷത്തിനകം തന്നെ നടപടികളും ആരംഭിച്ചുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. തേജസിനെതിരേ നടപടിയെടുക്കണമെന്ന ആരുടെയൊക്കെയോ തീരുമാനം നടപ്പിലാക്കാ ന്‍ വേണ്ടിയുള്ള ആരോപണങ്ങളാണ് പിന്നീട് കേന്ദ്ര അഭ്യന്തര മന്ത്രാലയവും കേരള പിആര്‍ഡിയും ഉന്നയിച്ചത്. സര്‍ക്കാരിന്റെ എല്ലാവിധ നിബന്ധനകളോടെയും പ്രവര്‍ത്തിക്കുന്ന ഒരു പത്ര സ്ഥാപനത്തെ തകര്‍ക്കാന്‍, കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ വ്യാജ ആരോപണങ്ങള്‍ പടക്കുന്നതിന്റെയും അത് മറയാക്കി നടപടിയെടുക്കുന്നതിന്റെയും ഉത്തമ ഉദാഹരണമാണ് തേജസിന് പരസ്യം നിഷേധിക്കുന്നതും തത്തുല്യമായ മറ്റ് നടപടികളും. പക്ഷേ 13000ത്തോളം ഷെയര്‍ ഉടമകളും ലക്ഷക്കണക്കിന് വായനക്കാരുമുള്ള ഈ പത്രത്തെ പരസ്യ നിഷേധത്തിലൂടെ സാമ്പത്തികമായി തളര്‍ത്തി ഇല്ലാതാക്കാനുള്ള ശ്രമം വിജയിക്കില്ല എന്നതിന് തേജസിന്റെ പിന്നിട്ട കാലങ്ങള്‍ സാക്ഷിയാണ്. ഭരണകൂടത്തിന്റെ വിമര്‍ശനം തങ്ങള്‍ക്ക് അലങ്കാരമാണെന്ന് പ്രഖ്യാപിക്കുന്ന ഒരു പത്രത്തിന് അതിനെ നിലനിര്‍ത്താന്‍ തയ്യാറുള്ള ലക്ഷക്കണക്കിന് വായനക്കാരുള്ളപ്പോള്‍ ഏത് ഭീഷണിയെയും അതിജീവിക്കാനാവും എന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും.

(അവസാനിച്ചു)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss