|    Feb 28 Tue, 2017 6:39 pm
FLASH NEWS

ആഭ്യന്തരവകുപ്പിലെ അടുക്കളപ്പോരാട്ടം

Published : 25th October 2016 | Posted By: SMR

നാട്ടില്‍ ക്രമസമാധാനപാലനവും സൈ്വരജീവിതവും ഉറപ്പാക്കേണ്ട ബാധ്യത ആഭ്യന്തരവകുപ്പിലാണ് നിക്ഷിപ്തമായിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഭരണകൂടത്തിന്റെ ഉരുക്കുചട്ടയാണ് ആഭ്യന്തരവകുപ്പ്. അതിനകത്തെ ഉള്‍പ്പോരുകളും തൊഴുത്തില്‍ക്കുത്തും സമൂഹത്തില്‍ കടുത്ത പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കുക. അതിനാല്‍ത്തന്നെ ആഭ്യന്തരവകുപ്പില്‍ അച്ചടക്കമെന്നത് എല്ലാ ഭരണകൂടങ്ങളും ശക്തമായി പരിപാലിച്ചുവരുന്ന പാരമ്പര്യമാണ്.
എന്നാല്‍, ഇന്നു കേരളത്തിലെ ആഭ്യന്തരവകുപ്പില്‍നിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സാധാരണ ജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠയാണു നല്‍കുന്നത്. ഇന്ത്യന്‍ പോലിസ് സര്‍വീസിലെ മിടുക്കന്‍മാരായ ഓഫിസര്‍മാരാണ് പോലിസ് വിഭാഗത്തെ നയിക്കുന്നത്. ഐഎഎസിലെ പ്രഗല്ഭരായ ഓഫിസര്‍മാര്‍ക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല. സാധാരണ നിലയില്‍ അവര്‍ തമ്മിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഭരണകൂടത്തിനകത്ത് സംവിധാനങ്ങളുമുണ്ട്. എന്നാല്‍, കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയാണെന്നും ചങ്ങലയ്ക്കുതന്നെ ഭ്രാന്തുപിടിക്കുകയാണെന്നുമാണ് വകുപ്പില്‍നിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. തന്റെ ഇ-മെയിലും ഫോണും ചോര്‍ത്തുന്നതായി വിജിലന്‍സ് ഡയറക്ടറും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് പരാതി നല്‍കിയതായാണ് വാര്‍ത്ത വന്നത്. അങ്ങനെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അതുസംബന്ധിച്ചു വന്ന വാര്‍ത്തകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരിക്കുന്നു.
ആരാണ് ഫോണും ഇ-മെയിലും ചോര്‍ത്തുന്നത്? അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഒരു കൃത്യമായ നിയമസംവിധാനമുണ്ട്. അത് ആഭ്യന്തരവകുപ്പിനു കീഴില്‍ തന്നെയാണു പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ ജേക്കബ് തോമസിന്റെ ഫോണും ഇ-മെയിലും ചോര്‍ത്തിയെങ്കില്‍ അതിന് ആരാണ് ഉത്തരവാദി എന്നറിയാന്‍ ആരും വാഴൂര്‍പ്പടിക്കല്‍ വരെ പോവേണ്ട കാര്യമില്ല. മാത്രമല്ല, സംഭവം സംബന്ധിച്ച പരാതി വിജിലന്‍സ് തലവന്‍ ആഭ്യന്തര സെക്രട്ടറിക്കു കൊടുക്കുന്നതിനു പകരം ഡിജിപിക്ക് നേരിട്ടു കൈമാറുകയായിരുന്നു. അദ്ദേഹം ആരെയാണ് ലക്ഷ്യമിടുന്നത് എന്ന് വളരെ വ്യക്തം.
കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടുന്ന വിവിധ സംഘങ്ങളുണ്ട് എന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. വിജിലന്‍സ് മേധാവി തന്റെ അധികാരം പലതരത്തിലുള്ള മുന്‍കാല വൈരാഗ്യങ്ങള്‍ തീര്‍ക്കാനായി ഉപയോഗിക്കുന്നു എന്ന ആരോപണവും വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. അത്തരം പരാതികള്‍ സ്വാഭാവികമാണ്. മുമ്പും അത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുകയുണ്ടായി.
എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ എല്ലാ സീമകളും കടന്നുപോവുന്നതായാണു കാണാന്‍ കഴിയുന്നത്. വകുപ്പില്‍ ശക്തമായ നിയന്ത്രണവും ആഭ്യന്തര അച്ചടക്കവും കൈവരിക്കാന്‍ ഭരണനേതൃത്വം ബാധ്യസ്ഥമാണ്. മുഖ്യമന്ത്രി അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണ്ടിവരും. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സര്‍ക്കാരിന് ഒട്ടും ശുഭകരമല്ല എന്നു തീര്‍ച്ച.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day