|    Apr 27 Fri, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആഭ്യന്തരമന്ത്രിക്കെതിരേയുള്ള കുറ്റപത്രം: കോടിയേരി

Published : 17th October 2015 | Posted By: RKN

കൊച്ചി: കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരേ മല്‍സരിക്കാന്‍ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. നേതാക്കളുടെ പ്രസ്താവനകള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേയുള്ള കുറ്റപത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനസഭ-2015 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന അമ്പതിനായിരം പോലിസുകാര്‍ ഉണ്ടായിട്ടും പത്തു കോണ്‍ഗ്രസ്സുകാര്‍ക്കു സംരക്ഷണം കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇവര്‍ എന്തിനാണ് കേരളം ഭരിക്കുന്നതെന്ന് കോടിയേരി ചോദിച്ചു. പത്രിക നല്‍കാന്‍പോലും ആളെ കിട്ടാതെ വന്നതിലുള്ള ജാള്യം മറയ്ക്കാനാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത്.

ഏതെങ്കിലും സ്ഥലത്ത് ഇത്തരത്തില്‍ പ്രശ്‌നമുണ്ടെന്നു കണ്ടെത്തിയാല്‍ അവര്‍ പരാതി നല്‍കുകയാണു ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ വിവിധ കേസുകളില്‍ പ്രതികളായിട്ടുള്ള 4,60,000 ആളുകള്‍ സിപിഎമ്മില്‍ ഉണ്ടെന്നാണ് നിയമസഭയില്‍ പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേസുകളില്‍ പ്രതികളാണെന്ന കാരണത്താല്‍ മല്‍സരിക്കാന്‍ പാടില്ലെന്ന അഭിപ്രായം സിപിഎമ്മിനില്ല. നിലവിലെ നിയമത്തിലും അത്തരത്തില്‍ വ്യവസ്ഥയില്ല. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കു മാത്രമാണ് മല്‍സരിക്കാന്‍ കഴിയാത്തത്. ആരെയും പ്രതിചേര്‍ക്കാം എന്നാല്‍, കുറ്റം തെളിയുന്നതുവരെ അയാള്‍ കുറ്റവാളിയല്ല. കാരായി രാജനും ചന്ദ്രശേഖരനും മല്‍സരിക്കുന്നതിനെതിരേയാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇവര്‍ രണ്ടുപേരും തലശ്ശേരിയിലെ കൊലപാതകക്കേസില്‍ പ്രതികളാണ്.

എന്നാല്‍, ഇവര്‍ക്ക് ഇതില്‍ യാതൊരു ബന്ധവുമില്ല. ആര്‍എസ്എസ് നടത്തിയ കൊലപാതകം ഇവരുടെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസുമായി കൂട്ടുചേരാനുള്ള വെള്ളാപ്പള്ളി നടേശന്റെ തീരുമാനം ആത്മഹത്യാപരമാണ്. എസ്എന്‍ഡിപിക്കുള്ളിലെ സാധാരണക്കാര്‍ ഇത് അംഗീകരിക്കില്ല. സംവരണത്തെക്കുറിച്ച് എസ്എന്‍ഡിപിക്ക് നേരത്തെ ഉണ്ടായിരുന്ന നിലപാട് ഇന്ന് അവര്‍ക്കില്ല. മുസ്‌ലിംലീഗ് സംവരണ സംരക്ഷണ മുന്നണിയുണ്ടാക്കി പ്രവര്‍ത്തിച്ചവരാണ്. ഇന്ന് സംവരണ പ്രശ്‌നത്തില്‍ ലീഗിന് പഴയ ആവേശമില്ലെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസും ബിജെപിയും ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുകയാണ്. സ്വന്തം മതത്തില്‍പ്പെട്ടവരെ കൊല്ലുന്ന ഐഎസിന്റെ ഇന്ത്യന്‍ രൂപമാണ് ആര്‍എസ്എസ്. ഹൈന്ദവ എഴുത്തുകാരെയും സാഹിത്യകാരന്മാരെയും ആര്‍എസ്എസ് വേട്ടയാടുകയാണ്- കോടിയേരി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss