|    Jan 19 Thu, 2017 10:45 pm
FLASH NEWS

ആബിദയുടെ നോമ്പ്

Published : 1st August 2015 | Posted By: admin

അഹ്മദ് ശരീഫ് പി


 

ഒരു അവധിക്കാലത്ത് അതിശൈത്യം മൂലം വിറയ്ക്കുന്ന ഊട്ടിയിലെ നസ്രേത്ത് സ്‌കൂളിനു മുമ്പില്‍ ചവിട്ടുപടിയില്‍ താടിക്കു കൈകൊടുത്ത് വിഷണ്ണരായി ഇരിക്കുന്നതായിട്ടാണ് ഞാന്‍ ആദ്യം അവരെ കണ്ടത്. എല്ലാ കുട്ടികളെയും രക്ഷിതാക്കള്‍ കാറുമായി വന്നു കൂട്ടിക്കൊണ്ടുപോവുന്നു. ഈ കൊച്ചുസഹോദരിമാരാകട്ടെ, സങ്കടക്കടലിലാണ്. അവരുടെ മാതാപിതാക്കള്‍ വരില്ല.
പോകാന്‍ വീടില്ലാഞ്ഞിട്ടല്ല. മാതാവും പിതാവും ഇല്ലാഞ്ഞിട്ടല്ല. രണ്ടു പേരും തെറ്റിപ്പിരിഞ്ഞതിനാല്‍ മാതാവിന് ഇവരെ കൊണ്ടുപോവാന്‍ അവകാശമില്ല. പിതാവാകട്ടെ, ഹോസ്റ്റലില്‍ തന്നെ കഴിച്ചുകൂട്ടിക്കൊള്ളാന്‍ ഉത്തരവിട്ടിരിക്കുന്നു. അങ്ങനെ 10 വര്‍ഷം നസ്രേത്തിലെ വിദ്യാഭ്യാസം. ഇപ്പോള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ ആബിദ ഊട്ടിയിലെ ഫ്‌ളാറ്റില്‍നിന്ന് ഉമ്മയെ വിളിച്ചു: ”മുസല്ലയില്ലാതെ നമസ്‌കരിച്ചാല്‍ ശരിയാവുമോ?”
ഉമ്മ: ”മുസല്ലക്കെന്തു പറ്റി?”
ആബിദ: ”മുസല്ല അപ്പുറത്ത് ഡാഡിയുടെ മുറിയിലായിപ്പോയി. അതെടുക്കാന്‍ ചെന്നാല്‍ നമസ്‌കരിക്കുന്ന വിവരം ഡാഡി അറിയും. പിന്നെ എന്തു സംഭവിക്കുമെന്നു പറയാനില്ല.”
പേരിനു മുസ്‌ലിംതന്നെയായ സ്വന്തം പിതാവ് അറിയാതെ നോമ്പും നമസ്‌കാരവും നിര്‍വഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവമാണിത്. പിതാവിന്റെ മതവിരുദ്ധതമൂലം വര്‍ഷങ്ങള്‍ക്കു മുമ്പ് മാതാവ് വിവാഹബന്ധം വേര്‍പെടുത്തിയതാണ്. ഭാര്യതന്നെ ചോദിച്ചുവാങ്ങിയ വിവാഹമോചനമായതിനാല്‍ കുട്ടികളെ വിട്ടുതരില്ലെന്ന ഭര്‍ത്താവിന്റെ നിബന്ധന അംഗീകരിക്കേണ്ടിവന്നു. വര്‍ഷത്തില്‍ ഒരുതവണ രണ്ടു പെണ്‍മക്കളെയും ഒരാഴ്ച കൂടെ താമസിപ്പിക്കാം. വര്‍ഷത്തിലെ ആ ഒരാഴ്ചയാണ് ആബിദയ്ക്കും അനിയത്തിക്കും ലഭിച്ച മതശിക്ഷണം.
ആധുനികരീതിയില്‍ സ്ലീവ്‌ലെസ് വസ്ത്രം ധരിക്കണമെന്നാണ് പിതാവിന്റെ ശാസന. ഇല്ലെങ്കില്‍ വഴിമുട്ടും, പഠിപ്പു മുടങ്ങും- ഭീഷണികള്‍ പലതാണ്. അതിനെയെല്ലാം അതിജീവിച്ച് നോമ്പും നമസ്‌കാരവും നിലനിര്‍ത്താന്‍ പാടുപെടുന്ന ഈ സഹോദരിമാര്‍ക്ക് മറ്റുള്ളവര്‍ക്കു ലഭ്യമാവുന്ന അത്താഴവും കിട്ടുന്നില്ല. കോണ്‍വെന്റ് വിദ്യാഭ്യാസമാണ് ആധുനിക ഫാഷന്‍ എന്നതിനാല്‍ കുട്ടികളെ തദനുസൃതമായി പാകപ്പെടുത്തുകയാണ് പിതാവിന്റെ ലക്ഷ്യം. അയാളുടെ രണ്ടാം ഭാര്യയാവട്ടെ, മതപരമായ യാതൊരു താല്‍പ്പര്യവുമില്ലാത്തവളും. പുലര്‍ച്ചെ ഉമ്മയുടെ മൊബൈല്‍ വിളി വരുമ്പോള്‍ പാത്തും പതുങ്ങിയും അടുക്കളയില്‍ ചെന്ന് കട്ടന്‍ചായ കുടിച്ച് ഇവര്‍ നോമ്പെടുക്കുന്നു.
ഇത്തരം പരിതസ്ഥിതികളിലും നോമ്പെടുക്കുന്ന ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. നമ്മുടെ പതിവുനോമ്പിനേക്കാള്‍ പതിനായിരം മടങ്ങ് ഉല്‍കൃഷ്ടമാണ് അവരുടേത്. ഈ സഹോദരിമാരെപ്പോലെ മാതൃ-പിതൃസംഘര്‍ഷത്തില്‍ പെട്ടുഴലുന്ന, മനസ്സംഘര്‍ഷം വിട്ടൊഴിയാത്ത നോമ്പുകാര്‍ നിരവധിയുണ്ട്. അവര്‍ക്കാണ് അല്ലാഹുവിന്റെ കൃപാകടാക്ഷങ്ങളത്രയും ഉണ്ടാവുക.
പ്രതികൂല സാഹചര്യങ്ങളില്‍ ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ച് നോമ്പ് നിലനിര്‍ത്തുന്നവരെക്കുറിച്ച് അവനവന്റെ വീടുകളില്‍ സൗകര്യങ്ങളോടെ കഴിയുകയും പ്രാര്‍ഥനകളില്‍ മുഴുകുകയും ചെയ്യുന്നവര്‍ക്കു മനസ്സിലാകണമെന്നില്ല.
ഇപ്പോള്‍ കുട്ടികളെല്ലാം മല്‍സരിച്ചു പഠിക്കുന്ന കാലമാണ്. അതിനാല്‍ത്തന്നെ വിദൂരദേശങ്ങളില്‍ പോയി പഠിക്കുന്ന പതിനായിരക്കണക്കിന് കുട്ടികള്‍ എങ്ങനെ നോമ്പെടുക്കുന്നു? അവരുടെ ഇഫ്താറും അത്താഴവും എങ്ങനെയാണ്? വളരെ ബുദ്ധിമുട്ടി നോമ്പെടുക്കുന്ന ഈ വിദ്യാര്‍ഥികള്‍ വന്‍ പ്രതിഫലത്തിന് അര്‍ഹരാണ്. വീടുകളിലെ ഉത്സവാന്തരീക്ഷത്തില്‍ നോമ്പുതുറയും മുത്താഴവും അത്താഴവും ഇവര്‍ക്കിപ്പോള്‍ അന്യം. പള്ളികളാണ് മിക്കവരുടെയും ആശ്രയം.
ഗള്‍ഫിലെ ലേബര്‍ ക്യാംപുകളില്‍ ഈ അതിതാപകാലത്തു പണിയെടുക്കുന്ന നോമ്പുകാരുമായി, അല്ലലില്ലാതെയും പുറത്തിറങ്ങുക പോലും ചെയ്യാതെയും വ്രതമനുഷ്ഠിക്കുന്ന നമ്മുടെ നോമ്പിനെ താരതമ്യപ്പെടുത്താനാവില്ല. ലണ്ടന്‍ പോലുള്ള യൂറോപ്യന്‍ നഗരങ്ങളില്‍ പഠിക്കുന്ന നമ്മുടെ നാട്ടുകാരായ കുട്ടികള്‍ കഷ്ടപ്പെട്ടു വ്രതമനുഷ്ഠിക്കുന്നവരാണ്. പൗണ്ടുമായുള്ള മല്‍പ്പിടിത്തത്തിനിടയില്‍ നല്ല ആഹാരം അവര്‍ക്ക് അപ്രാപ്യമായിരിക്കും. ചില ഗള്‍ഫ്‌രാജ്യങ്ങളടക്കം പലയിടങ്ങളിലും 18 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ഈ വര്‍ഷത്തെ റമദാന്‍. ഐസ്‌ലാന്‍ഡ്, ഫിന്‍ലാന്‍ഡ് പോലുള്ള പ്രദേശങ്ങളില്‍ 22 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വ്രതമാണ് മുസ്‌ലിംകള്‍ അനുഷ്ഠിക്കുന്നത്.
ഇത്രയൊക്കെ പ്രയാസപ്പെട്ട് വ്രതം നിലനിര്‍ത്തുന്ന ഒരു തലമുറ നമുക്കുണെ്ടന്നതില്‍ അഭിമാനിക്കുക. പത്തര മാറ്റ് തങ്കപ്പെട്ടതാണ് ഇവരുടെ വ്രതമെന്നതില്‍ സംശയമില്ല. തൊഴിലിടങ്ങളില്‍ അസ്വതന്ത്രരായി നോമ്പും നമസ്‌കാരവും അനുഷ്ഠിക്കുന്നവരുടേതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ നമ്മുടെ ഈ മഴക്കാലത്തെ വ്രതം എത്രയോ പ്രയാസരഹിതമാണ് എന്നു ബോധ്യപ്പെടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക