|    Apr 26 Thu, 2018 8:25 pm
FLASH NEWS
Home   >  Common Man   >  

ആഫ്രിക്കന്‍ ഒച്ച് കറിയുടെ ചാറ് കൂട്ടാമോ? സംശയം തീരുന്നില്ല സാര്‍

Published : 13th July 2016 | Posted By: G.A.G

Common-man-725
ലക്ക വീണ് ചത്ത കോയിന്റെ ചാറ് കൂട്ടാമോ എന്ന നാടന്‍പാട്ടിനെ അനുസ്മരിപ്പിക്കുന്ന തര്‍ക്കമാണ് കേരളത്തില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ കാര്യത്തില്‍ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടുതുടങ്ങിയ ആഫ്രിക്കന്‍ ഒച്ചുകള്‍ ഭക്ഷ്യയോഗ്യമാണെന്നും കറിവെച്ചും പൊരിച്ചും ബിരിയാണിയുണ്ടാക്കിയുമൊക്കെ ഇവയെ അകത്താക്കാമെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ ഒച്ചിനെ തിന്നാല്‍ അപകടമാണെന്നാണ് മറ്റൊരുകൂട്ടര്‍ പറയുന്നത്. ഒച്ചിനെ തിന്നാന്‍ കൊള്ളുമെന്ന് പറയുന്നകൂട്ടര്‍ അച്ചാറും കട്‌ലറ്റും ചിപ്‌സുമൊക്കെയുണ്ടാക്കി ഒച്ചിനെ മൂല്യവര്‍ധിത ഉല്‍പന്നമാക്കിമാറ്റുന്നതിനെക്കുറിച്ച് ഗവേഷണം വരെ ആരംഭിച്ചുകഴിഞ്ഞപ്പോഴാണ് മറുവിഭാഗം ശാസ്ത്രജ്ഞര്‍ ഇതിലെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് തരുന്നത്.

african-snail

കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനം( സി.എം.എഫ്.ആര്‍.ഐ), കേരള സമുദ്ര പഠന സര്‍വകലാശാല എന്നിവയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലാണ് വിഷയം. നമ്മുടെ നാട്ടില്‍ പലരും ഞവണിക്ക,(നമഞ്ചി,നത്തയ്ക്ക) കല്ലുമ്മേക്കായ തുടങ്ങിയവയെ കഴിക്കുന്നതുപോലെ ആഫ്രിക്കന്‍ ഒച്ചിനെയും  ഭക്ഷണമാക്കാന്‍ കൊള്ളുമെന്നാണ് ഈ സ്ഥാപനങ്ങളിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ കഴിഞ്ഞദിവസം അറിയിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഒച്ചുകളെ തിന്നുന്നത് അപകടകരമാണെന്ന് കേരള വനം ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ആഫ്രിക്കന്‍ ഒച്ച് ഭക്ഷ്യയോഗ്യമല്ലെന്നും ഇവയെ തിന്നുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പീച്ചി കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും ഏഷ്യാപസഫിക് ഫോറസ്റ്റ് ഇന്‍വേസീവ് സ്പീഷീസ് നെറ്റ്‌വര്‍ക്ക് (എപിഎഫ്‌ഐഎസ്എന്‍) കോര്‍ഡിനേറ്ററുമായ ഡോ. ടി വി സജീന്ദ്രന്‍ പറയുന്നു. മനുഷ്യരില്‍ മസ്തിഷ്‌ക്ക ജ്വരത്തിന് കാരണമാകുന്ന ആഞ്ചിയോസ്‌ട്രോംഗ്‌ലിസ് കന്റോണന്‍സിസ് എന്ന ചെറുവിരകളുടെ വാഹകരാണ് ആഫ്രിക്കന്‍ ഒച്ചുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ശല്യമായിത്തുടങ്ങിയ ആഫ്രിക്കന്‍ ഒച്ചുകളെ എങ്ങനെ തുരത്താം എന്ന മാര്‍ഗം തേടി കൊച്ചിയില്‍ നടത്തിയ ശില്‍പ്പശാലയിലാണ് ഒച്ചിനെ തിന്നാമെന്നും വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്ത് ഭക്ഷണ ആവശ്യത്തിനായി കയറ്റി അയയ്ക്കാമെന്നുമൊക്കെ നിര്‍ദേശമുയര്‍ന്നത്.ഒച്ചിനെ  മത്സ്യങ്ങള്‍ക്കും താറാവുകള്‍ക്കും തീറ്റയാക്കാമെന്നും ശില്‍പശാലയില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിരുന്നു.

snail-curryഇതേത്തുടര്‍ന്ന് ആഫ്രിക്കന്‍ ഒച്ചിനെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കുന്നതിനെ കുറിച്ചുള്ള പഠനത്തിന് സി.എം.എഫ്.ആര്‍.ഐ, കുഫോസ് എന്നീ സ്ഥാപനങ്ങളെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഒച്ചിനെ നേരിട്ട് തിന്നാന്‍ ബുദ്ധിമുട്ടുള്ളവര്‍ താറാവിനെ വളര്‍ത്തിയാല്‍ മതിയെന്നാണ് ശില്‍പശാലയില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒച്ച് മാരകരോഗങ്ങളെ വഹിക്കുന്നുവെന്ന മറുവിഭാഗത്തിന്റെ കണ്ടെത്തല്‍ ശരിവെച്ചാല്‍ ഇത്തരത്തില്‍ താറാവിനെ വളര്‍ത്തിയാല്‍ അവയെ തിന്നുന്നതും അപകടമാവില്ലേ എന്ന ചോദ്യവും ഉയരുന്നു.

ഉടുമ്പുകളെ ഭക്ഷിക്കുന്നത് അപകടകരമാണെന്ന് ചില ശാസ്ത്രജ്ഞര്‍ ഏറെമുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. അന്നും ഇതിന് കാരണമായിപ്പറയുന്നതും ഇതേ തിയറിയാണ്. ഉടുമ്പുകളുടെ പ്രധാന ഭക്ഷണം ഒച്ചുകളാണ്.ഒച്ചുകള്‍ മാരകരോഗങ്ങള്‍ വഹിക്കുന്നവയാണ്. അതിനാല്‍ ഉടുമ്പിറച്ചി തിന്നുന്നതും കൈകാര്യം ചെയ്യുന്നതുമെല്ലാം അപകടമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേ തിയറി ഇവിടെയും ബാധകമാവില്ലേ എന്നാണ് ചോദ്യം. ഒച്ചിനെ ഇല്ലാതാക്കാന്‍ വളര്‍ത്തിയ താറാവിനെ മാത്രമല്ല, നാട്ടിലെ കുണ്ടാമണ്ടികളൊക്കെ തിന്നുന്നകൂട്ടത്തില്‍ ഒച്ചുകളെയും അകത്താക്കുന്ന മറ്റു താറാവുകളെ തിന്നുന്നതും അവയുടെ ഇറച്ചി കൈകാര്യം ചെയ്യുന്നതും മുട്ട കഴിക്കുന്നതുമൊക്കെ അപകടമാവില്ലേ? സംശയം ബാക്കി. ഭക്ഷണക്കാര്യത്തിലെ സംശയങ്ങളുടെ കാര്യമൊക്കെ ഇങ്ങിനെ തന്നെയാണ്. ചായകുടിക്കുന്നതും കാപ്പികുടിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണോ എന്നു പോലും ശാസ്ത്രലോകം തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ചായകുടി നല്ലതാണെന്ന് വാര്‍ത്തവന്നാല്‍ പിറ്റേന്ന് ചായകുടിച്ചാല്‍ അറ്റാക്ക് വരുമെന്നാകും കേള്‍ക്കുക. കാപ്പിയുടെ കാര്യത്തിലും ഇതു തന്നെ സ്ഥിതി. ഇക്കാര്യത്തില്‍ ആദ്യം തീരുമാനമായിട്ടാകാം ഒച്ചിനെ പൊരിച്ചടിക്കുന്നത്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss