|    Aug 21 Mon, 2017 10:20 am

ആന ചരിഞ്ഞത് വൈദ്യുതി ആഘാതമേറ്റ്; ഒരാള്‍ അറസ്റ്റില്‍

Published : 12th August 2017 | Posted By: fsq

 

അടിമാലി: ചിന്നക്കനാലിനു സമീപം തച്ചങ്കരി എസ്റ്റേറ്റ് കവാടത്തില്‍ കാട്ടാന വൈദ്യുതാഘാതമേറ്റാണ് ചരിഞ്ഞതെന്നു പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് എസ്റ്റേറ്റിലെ വന്യജീവികളെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച വൈദ്യുതവേലിയില്‍ കുരുങ്ങിയ നിലയില്‍ 20 വയസ്സിലധികം പ്രായമുള്ള പിടിയാനയുടെ ജഡം നാട്ടുകാര്‍ കണ്ടത്. സംഭവത്തില്‍ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ പാറത്തോട് മേത്തുരുത്തി ല്‍ ഷിജോ(34)യെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. എസ്റ്റേറ്റ് ഉടമ ടിസന്‍ തച്ചങ്കരിക്കെതിരെയും വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. എഡിജിപി ടോമിന്‍ തച്ചങ്കിരിയുടെ സഹോദരനാണ് ടിസന്‍. കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. സോളാര്‍ സംവിധാനത്തില്‍ നിന്നുള്ള ഡിസി വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരുമ്പു വേലിയിലൂടെ ഉയര്‍ന്ന തോതിലുള്ള എസി വൈദ്യുതി നേരിട്ടു കടത്തിവിട്ടതാണ് കാട്ടാനയ്ക്കു വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം. വനം വകുപ്പ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അബ്ദുല്‍ ഫത്തേഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ജഡം സമീപത്തെ വനമേഖലയില്‍ സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇന്നു മൂന്നാര്‍ ഡിഎഫ്ഒക്ക് സമര്‍പ്പിക്കും. രണ്ടു മാസത്തിനിടെ മൂന്നു കാട്ടാനകളാണ് മൂന്നാര്‍ മേഖലയില്‍ ചരിഞ്ഞത്. അതേസമയം, ഈ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. മൂന്നാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ മുതല്‍ തച്ചങ്കിരി എസ്റ്റേറ്റിനു കരം സ്വീകരിക്കുന്നില്ല. ഏലപ്പട്ടയ എസ്റ്റേറ്റിന്റെ രേഖകളില്‍ റവന്യൂ വകുപ്പിനു സംശയമുള്ളതിനാലാണ് കരം സ്വീകരിക്കാത്തതെന്ന് ഉടുമ്പന്‍ചോല അഡീഷനല്‍ തഹസില്‍ദാര്‍ ഷാജി അറിയിച്ചു. റവന്യൂ വകുപ്പിനെതിരേ ടിസണ്‍ തച്ചങ്കിരി നല്‍കിയ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുമുണ്ട്. തച്ചങ്കിരിയുടെ എസ്റ്റേറ്റ് ആനത്താരയിലാണു സ്ഥിതി ചെയ്യുന്നതെന്ന് ദേവികുളം ഫോറസ്റ്റ് റേഞ്ചറായിരുന്ന വി കെ ഫ്രാന്‍സിസ് ഏഴു വര്‍ഷം മുമ്പ് റിപോര്‍ട്ട് നല്‍കിയിരുന്നു. എസ്റ്റേറ്റിലെ ഏലച്ചെടികള്‍ കാട്ടാന നശിപ്പിച്ചതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് എസ്റ്റേറ്റ് മാനേജര്‍ വനം വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഇതേ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് എസ്റ്റേറ്റിനുള്ളില്‍ ആനകള്‍ സഞ്ചരിക്കുന്നതായി റേയ്ഞ്ചര്‍ റിപോര്‍ട്ട് നല്‍കിയത്. ഈ റിപോര്‍ട്ട് നിലനില്‍ക്കെയാണ് എസ്റ്റേറ്റിനു ചുറ്റും സോളാര്‍ വേലി നിര്‍മിച്ച് ആനത്താര അടച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക