|    Oct 19 Fri, 2018 12:24 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ആന്‍ഗല മെര്‍ക്കലിന്റെ നാലാമൂഴം

Published : 26th September 2017 | Posted By: fsq

 

ഞായറാഴ്ച നടന്ന ജര്‍മന്‍ ദേശീയ തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍ നയിക്കുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് കക്ഷിയും അവരുടെ സഖ്യകക്ഷികളും തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ 12 വര്‍ഷമായി ജര്‍മനിയെ നയിക്കുന്ന മെര്‍ക്കല്‍ തന്നെയായിരിക്കും യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനിയെ അടുത്ത നാലു വര്‍ഷം കൂടി നയിക്കുകയെന്നും തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കി. നിലവിലുള്ള ആഗോള രാഷ്ട്രീയ കാലാവസ്ഥയില്‍ മെര്‍ക്കലിന്റെ വിജയം ലോകത്തിന് ആശ്വാസമാവേണ്ടതാണ്. അമേരിക്കയില്‍ തീവ്രവലതുപക്ഷ ശക്തികള്‍ ഡോണള്‍ഡ് ട്രംപിന്റെ അധികാരാരോഹണത്തോടെ ആധിപത്യം നേടിയ അവസരമാണിത്. മുസ്‌ലിംകള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെതിരേയുള്ള കടന്നാക്രമണങ്ങള്‍ അമേരിക്കയില്‍ വര്‍ധിച്ചുവരുകയാണ്. ട്രംപ് വന്നയുടനെ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അമേരിക്കന്‍ കോടതികള്‍ യാത്രാവിലക്കിനു തടയിട്ടുവെങ്കിലും കഴിഞ്ഞ ദിവസം അമേരിക്കന്‍ ഭരണകൂടം വീണ്ടും അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികരെ തടയാനാണ് പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. ഇസ്‌ലാംഭീതി അമേരിക്കയില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. പശ്ചിമ യൂറോപ്പിലെമ്പാടും അതൊരു മാരക രോഗം പോലെ പടര്‍ന്നുപിടിച്ച സന്ദര്‍ഭമാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഉത്തരാഫ്രിക്കയിലെയും സിറിയ അടക്കമുള്ള മറ്റു രാജ്യങ്ങളിലെയും ആഭ്യന്തര യുദ്ധങ്ങളെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് അഭയാര്‍ഥികളായി യൂറോപ്പില്‍ എത്തിയത്. അവരെ സ്വാഗതം ചെയ്യാന്‍ തയ്യാറായ ഒരേയൊരു പശ്ചിമ യൂറോപ്യന്‍ ഭരണാധികാരിയായിരുന്നു ആന്‍ഗല മെര്‍ക്കല്‍. ഒരു ദശലക്ഷത്തോളം അറബ്-ആഫ്രിക്കന്‍ അഭയാര്‍ഥികളെ അവര്‍ ജര്‍മനിയില്‍ സ്വീകരിക്കുകയുണ്ടായി. എന്നാല്‍, ഈ തിരഞ്ഞെടുപ്പ് തെളിയിക്കുന്നത് ജര്‍മനിയിലും തീവ്രവലതുപക്ഷം ശക്തി നേടുകയാണെന്ന ആശങ്കാജനകമായ വസ്തുതയാണ്. ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡോയിഷ്‌ലാന്‍ഡ് അഥവാ എഎഫ്ഡി എന്ന രാഷ്ട്രീയകക്ഷി സമീപകാലത്താണ് ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മുസ്‌ലിംവിരുദ്ധതയും തീവ്രവലതുപക്ഷ നയങ്ങളുമാണ് അവരുടെ മുഖ്യ അജണ്ട. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ജര്‍മനിയുടെ പങ്കാളിത്തത്തില്‍ അഭിമാനം കൊള്ളുന്ന നേതൃത്വമാണ് അവരുടേത്. ഹിറ്റ്‌ലറുടെ ഹീനമായ വംശീയവാദത്തിനും തീവ്രവലതുപക്ഷ ആശയങ്ങള്‍ക്കും സൈനികമായ അതിക്രമങ്ങള്‍ക്കും ന്യായീകരണം കണ്ടെത്തുന്ന ഈ പുതിയ പ്രസ്ഥാനം ആദ്യമായി ജര്‍മന്‍ പാര്‍ലമെന്റില്‍ അംഗത്വം നേടുകയാണ്. മൊത്തം വോട്ടിന്റെ 14 ശതമാനത്തോളം അവര്‍ നേടി എന്നാണ് പ്രാഥമികമായ വിലയിരുത്തലുകള്‍. അതു ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ ഉണ്ടാക്കുന്നത് സ്വാഭാവികം. ഇങ്ങനെ കലുഷമായ അന്തരീക്ഷത്തില്‍ മെര്‍ക്കല്‍ ലോകത്തിനു നേതൃത്വം നല്‍കാന്‍ എത്രമാത്രം ഉല്‍സുകയാവുമെന്ന ചോദ്യം പ്രസക്തമാണ്. മറ്റു ലോകനേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന പ്രായോഗികതയും ചിന്താശീലവും പ്രകടിപ്പിക്കുന്ന നേതൃത്വമാണ് അവരുടേതെന്നു തീര്‍ച്ചയായും പറയാന്‍ കഴിയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss