|    Jan 20 Fri, 2017 11:45 pm
FLASH NEWS

ആന്റിബയോട്ടിക് ഉപയോഗം: സര്‍ക്കാര്‍ കണക്കെടുക്കും

Published : 19th July 2016 | Posted By: sdq

കൊച്ചി: ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സംബന്ധിച്ച് കണക്കെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. സംസ്ഥാനത്ത് ആന്റിബയോട്ടിക് ഉപയോഗത്തിന്റെ കണക്കുകള്‍ ലഭ്യമാവാത്ത സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ തയ്യാറാക്കാന്‍ ശ്രമിക്കുന്നത്.
ആന്റിബയോട്ടിക് പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഇപ്പോള്‍ നിലനില്‍ക്കുന്ന ആന്റിബയോട്ടിക് പോളിസി പരിഷ്‌കരിക്കുകയാണ് ലക്ഷ്യം. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്ന രീതിക്ക് ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. എ വി ജയകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് കണക്കെടുപ്പിന്റെ ആദ്യഘട്ടത്തി ല്‍ നടത്തുന്നത്. ഇതിനായി വിവിധ രോഗങ്ങള്‍ക്ക് നിലവില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഏതാണെന്ന് കണ്ടെത്തും. പിന്നീട് ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും ഡോ. ജയകൃഷ്ണന്‍ പറഞ്ഞു.
ഇന്ത്യയില്‍ ആന്റിബയോട്ടിക് പോളിസി അംഗീകരിച്ച ഏക സംസ്ഥാനമാണ് കേരളം. എങ്കിലും രോഗികള്‍ക്ക് ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്ന കാര്യത്തില്‍ അടിസ്ഥാനതലം മുതല്‍ ആന്റിബയോട്ടിക് പോളിസിയിലെ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. കേരളത്തിലെ 89 ശതമാനത്തോളം ഡോക്ടര്‍മാരും ആണുബാധയ്ക്കും അലര്‍ജിക്കുമുള്‍പ്പെടെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു.
നിസ്സാര അസുഖങ്ങള്‍ക്കു പോലും ആന്റിബയോട്ടിക്കുകള്‍ നല്‍കുമ്പോള്‍ ഇവ കഴിക്കുന്ന രോഗിയുടെ ശരീരത്തിന് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശക്തി കൂടുകയും പിന്നീട് ഏത് രോഗത്തിനും ആന്റിബയോട്ടിക്കുകളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യുന്നുണ്ട്. അതേസമയം, രോഗം പെട്ടെന്നു ഭേദമാവാന്‍ രോഗികളുടെ തന്നെ സമ്മര്‍ദ്ദഫലമായി ഇത്തരം മരുന്ന് നല്‍കുന്ന ഡോക്ടര്‍മാരും കുറവല്ല. ഇത്തരത്തില്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കുമ്പോള്‍ അവ രോഗത്തിന് അനുസരിച്ചുള്ളവയാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. ആന്റിബയോട്ടിക്കുകളുടെ ഗുണനിലവാരം, ഇവ ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ എന്നിവയും വിശദമായ പഠനത്തിന് വിധേയമാക്കും.
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 20 ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ആന്റിബയോട്ടിക് സംബന്ധിച്ചുള്ള നിര്‍ദേശങ്ങളാണ് പരിശോധിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കാന്‍ പോവുന്ന സമഗ്ര ജനകീയ ആരോഗ്യ നയത്തിന്റെ ഭാഗമായാണ് ആന്റിബയോട്ടിക് ഉപയോഗം സംബന്ധിച്ച കണക്കുകള്‍ ശേഖരിക്കുന്നതെന്നാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക