|    Dec 17 Mon, 2018 11:18 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആന്റണി സെബാസ്റ്റ്യന് നാടിന്റെ യാത്രാമൊഴി

Published : 15th November 2018 | Posted By: kasim kzm

തൃപ്പൂണിത്തുറ: പാക് സൈന്യത്തിന്റെ വെടിയേറ്റു മരിച്ച സൈനികന്‍ ആന്റണി സെബാസ്റ്റ്യന് നാടിന്റെ യാത്രാമൊഴി. ഉദയംപേരൂര്‍ മണകുന്നം കറുകയില്‍ വീട്ടില്‍ ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചശേഷം ഇരിങ്ങാലക്കുട മുരിയാട് ബ്രറര്‍ എമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ വൈകീട്ടോടെ സംസ്‌കരിച്ചു. ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ഉദയംപേരൂര്‍ സ്റ്റെല്ല മേരീസ് കോണ്‍വെന്റിന് സമീപം കറുകയില്‍ വീട്ടില്‍ 9.50ഓടെ എത്തിച്ച മൃതദേഹം 10.30ഓടെ സഹോദരീഭര്‍ത്താവായ അഡ്വ. ജോണ്‍സിന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. മന്ത്രി എ സി മൊയ്തിന്‍, മുന്‍ മന്ത്രി കെ ബാബു, കണയന്നൂര്‍ തഹസില്‍ദാര്‍ പി ആര്‍ രമാദേവി, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ ചന്ദ്രികാദേവി, വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ അടക്കം വന്‍ ജനാവലിയാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി എസ്‌ഐ എ ജി ശ്രീവല്‍സന്റെ നേതൃത്വത്തിലാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നടത്തിയത്. കര-വ്യോമ-നാവിക സേനകള്‍ക്കു വേണ്ടി ലഫ്. കമാന്‍ഡര്‍ കെ വി പോളിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കേണല്‍ മാരായ കെ കെ കിരണ്‍, പി ജി എസ് നായര്‍, എന്‍സിസി കേണല്‍ തോമസ് മാത്യു, മേജര്‍ രാജീവ് എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ആന്റണി സെബാസ്റ്റ്യന്റെ ഭൗതികശരീരത്തില്‍ പുതപ്പിച്ചിരുന്ന ദേശീയപതാക ലഫ്. കമാന്‍ഡര്‍ കെ വി പോള്‍ ജവാന്റെ ഭാര്യ അന്ന ഡയാനയ്ക്കു കൈമാറി. തുടര്‍ന്ന് 3.45ഓടെ ആന്റണിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss