|    Dec 16 Sun, 2018 8:23 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ആന്റണിയുടെ സവിശേഷതകള്‍

Published : 29th December 2015 | Posted By: SMR

കെ ബാബു

എ കെ ആന്റണി ഒരു രാഷ്ട്രീയനേതാവ് മാത്രമല്ല, തലമുറകളെ പ്രചോദിപ്പിച്ച ഒരു വികാരമാണ്. മൂല്യച്യുതിയുടെ കാലത്തും മൂല്യങ്ങളെ പിന്തുടര്‍ന്ന് വിജയിക്കാനാവുമെന്നു തെളിയിച്ച കര്‍മയോഗിയാണ്. വിശ്വാസ്യതയും സത്യസന്ധതയുമാണ് ഒരു നേതാവിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് കാണിച്ചുതന്ന വ്യക്തിയാണ്.
രാഷ്ട്രീയനേതാക്കളെപ്പറ്റിയുള്ള പൊതുധാരണകള്‍ക്കെല്ലാം വിരുദ്ധമാണ് എകെയുടെ വ്യക്തിത്വം. അദ്ദേഹം ഒരു തീപ്പൊരി പ്രസംഗകനല്ല, ബുദ്ധിജീവി പരിവേഷമില്ല, ഒരു സമുദായവും സ്‌പോണ്‍സര്‍ ചെയ്യുന്നില്ല, ഫണ്ട് പിരിവില്‍ നിപുണനല്ല, പണച്ചാക്കുകളുടെ പിന്തുണയില്ല, കോര്‍പറേറ്റുകളുടെ വാല്‍സല്യതോഴനല്ല. എന്നിട്ടും മുഖ്യമന്ത്രിയായി, കേന്ദ്രമന്ത്രിയായി. ഈ രംഗത്തെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.
കെഎസ്‌യു പ്രവര്‍ത്തന കാലയളവിലാണ് ഞാന്‍ എകെയെ അടുത്തറിയുന്നത്. എറണാകുളം കെപിസിസി ഓഫിസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ ഞങ്ങള്‍ ഒരുമിച്ച് ധാരാളം സിനിമകള്‍ കണ്ടിട്ടുണ്ട്. സാധാരണക്കാര്‍ കയറുന്ന ക്ലാസിലാണ് അദ്ദേഹം കയറുക. മലയാള സിനിമകളാണ് ഞങ്ങള്‍ കൂടുതലും കണ്ടിട്ടുള്ളത്. ശിവാജി ഗണേശന്റേതാണെങ്കില്‍ മാത്രം തമിഴ് സിനിമകളും കാണാറുണ്ട്.
36ാം വയസ്സില്‍ മുഖ്യമന്ത്രിയായ എ കെ ആന്റണി, പദവി ഒഴിഞ്ഞതിനുശേഷവും തന്റെ ജീവിതശൈലിയില്‍ മാറ്റംവരുത്തിയില്ല. വിദ്യാര്‍ഥിജീവിതകാലം മുതല്‍ താമസിച്ചിരുന്ന മാസ് ഹോട്ടലിലെ കുടുസ് മുറിയില്‍ വീണ്ടും താമസമാരംഭിച്ചു. ബസ്സിലും ഓട്ടോയിലും യാത്രചെയ്യാന്‍ മടിയില്ലാതിരുന്ന അദ്ദേഹത്തിനൊപ്പം അക്കാലത്ത് ഞാന്‍ ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ട്.
അമ്മയെ കാണാന്‍ ആഴ്ചയിലൊരിക്കല്‍ അദ്ദേഹം ചേര്‍ത്തലയ്ക്കു പോവുക പതിവായിരുന്നു. അമ്മയായിരുന്നു അദ്ദേഹത്തിന് എല്ലാം. അമ്മയോട് അത്രയ്ക്ക് ഇഷ്ടമായിരുന്നു. അമ്മയുടെ ഓര്‍മദിവസം എ കെ ചേര്‍ത്തലയിലുള്ള അമ്മയുടെ കുഴിമാടത്തില്‍ എത്തിയിരിക്കും. അക്കാലത്ത് കെപിസിസി ഓഫിസിലെ നാരായണ്‍ജിയെക്കൊണ്ടാണ് കെഎസ്ആര്‍ടിസി ബസ്സില്‍ അദ്ദേഹം ചേര്‍ത്തലയ്ക്ക് സീറ്റ് റിസര്‍വ് ചെയ്യുക. സീറ്റ് റിസര്‍വ് ചെയ്യണമെന്നത് എകെയ്ക്ക് നിര്‍ബന്ധമായിരുന്നു. എന്തിനാണ് ഇതിലിത്ര വാശിയെന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു. ”ഞാന്‍ നിന്ന് യാത്രചെയ്താല്‍ ഇരിക്കുന്നവര്‍ എഴുന്നേറ്റ് എനിക്ക് സീറ്റ് തരും. അതവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും”- എ കെ പറഞ്ഞു. അത് ഒഴിവാക്കുന്നതിനാണ് ഈ റിസര്‍വേഷന്‍. 1982ല്‍ പാര്‍ട്ടി ലയനം കഴിഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം ചെയ്തത് താന്‍ ഉപയോഗിച്ചിരുന്ന കെപിസിസിയുടെ കാര്‍ തിരിച്ചേല്‍പിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ യാത്രകള്‍ ബസ്സിലും ഓട്ടോറിക്ഷയിലുമായിരുന്നു.
എകെയുടേത് രജിസ്റ്റര്‍ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ഉടന്‍ ഡല്‍ഹിയിലേക്കു പോയ അദ്ദേഹം ഒരു മാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. തൊടുപുഴയ്ക്കടുത്ത് നെയ്യ്‌ശ്ശേരിയിലാണ് എല്‍സിയുടെ വീട്. ആദ്യമായി ഭാര്യവീട്ടിലേക്കു പോയപ്പോള്‍ അദ്ദേഹം എന്നെയും കൂടെ കൂട്ടി. മുതലക്കോടം പള്ളിയുടെ മുമ്പിലെത്തിയപ്പോള്‍ വണ്ടി നിര്‍ത്തണമെന്ന് എല്‍സി ആവശ്യപ്പെട്ടു. കുറേ നാണയങ്ങളെടുത്ത് എല്‍സി എകെയുടെ നേര്‍ക്കു നീട്ടി. ഇതെല്ലാം നേരത്തേ പറഞ്ഞിട്ടുള്ളതാണല്ലോ എന്ന് പറഞ്ഞ് നാണയങ്ങള്‍ വാങ്ങാതിരുന്ന എ കെ, എല്‍സിയോട് പള്ളിയില്‍ കയറി പ്രാര്‍ഥിച്ചുകൊള്ളാന്‍ പറഞ്ഞു. ഞങ്ങള്‍ കാറിലിരുന്നു. നെയ്യ്‌ശ്ശേരിയില്‍നിന്നു നേരെ പോയത് അങ്കമാലിയിലുള്ള സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസാമ്മയുടെ അടുത്തേക്കാണ്. അവിടെ ചെന്നപ്പോള്‍ പള്ളിയില്‍ വച്ച് വിവാഹം നടത്തണമെന്ന് ഇന്‍ഫന്റ് ട്രീസാമ്മ എകെയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എകെയെ നിര്‍ബന്ധിക്കാന്‍ എന്നോടും പറഞ്ഞു. ഇതൊക്കെ കേട്ട എ കെ പൊട്ടിച്ചിരിക്കുക മാത്രം ചെയ്തു. അവിടെനിന്നു പറവൂരുള്ള സഹോദരിയുടെ വീട്ടിലേക്കാണു പോയത്. അവിടെ ചെല്ലാന്‍ എകെയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം, അവരെ വിവാഹം അറിയിച്ചിരുന്നില്ല. പത്രങ്ങളിലൂടെയാണ് സഹോദരന്റെ വിവാഹ വിവരം അവര്‍ അറിയുന്നത്.
സന്തോഷ്‌ട്രോഫി പോലുള്ള ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണാന്‍ എകെയോടൊപ്പം പലതവണ ഞാന്‍ പോയിട്ടുണ്ട്. എപ്പോഴും സാധാരണ ഹോട്ടലുകളില്‍ കയറാനാണ് എ കെ ഇഷ്ടപ്പെട്ടിരുന്നത്. ലളിതമായ ഭക്ഷണരീതി അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. എന്‍ജിനീയറിങ് പഠനം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതില്‍നിന്നു സഹോദരന്‍ ജോസിനെ എ കെ വിലക്കിയിരുന്നു. മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോര്‍ഡിലാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.
ആന്റണിയില്‍ ജനങ്ങള്‍ വിശ്വസിക്കുന്നു; ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ ഒരു രാഷ്ട്രീയകക്ഷിയും ആന്റണി കളങ്കിതനാണെന്ന് ഇതേവരെ ആക്ഷേപിച്ചിട്ടില്ല. ഈ ചേര്‍ത്തലക്കാരന്‍ എക്കാലവും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.
ഞാന്‍ കെഎസ്‌യുവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എ കെ ആന്റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. 1967ലെ ഇഎംഎസ് സര്‍ക്കാരിനെതിരേ നടത്തിയ വെളുത്തുള്ളിക്കായല്‍ സമരത്തിലൂടെയാണ് ആന്റണി കേരളത്തിന് പരിചിതനാവുന്നത്. 1968ല്‍ അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി. 1970ല്‍ 30ാം വയസ്സില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി. 1973ല്‍ കെപിസിസി പ്രസിഡന്റായി; ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി പ്രസിഡന്റ്. 1984 നവംബര്‍ 12ന് അദ്ദേഹം എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗമായി. 1987ല്‍ അദ്ദേഹം വീണ്ടും കെപിസിസി പ്രസിഡന്റായി. 1992ല്‍ വയലാര്‍ രവിയോട് മല്‍സരിച്ച് 18 വോട്ടിന് തോറ്റു. കോണ്‍ഗ്രസ്സിന്റെ തിരുപ്പതി സമ്മേളനത്തില്‍ എഐസിസി പ്രവര്‍ത്തകസമിതിയിലേക്ക് മല്‍സരിച്ചു ജയിച്ചു.
2001ലെ ആന്റണി സര്‍ക്കാര്‍ സ്വീകരിച്ച സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം സംസ്ഥാനത്ത് സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്. രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന സൂത്രവാക്യം ആന്റണിയുടേതാണ്. യുവാക്കള്‍ക്ക് തൊഴിലില്ലായ്മാ വേതനം നല്‍കാനുള്ള തീരുമാനം ആന്റണിയുടേതാണ്. പോലിസുകാര്‍ക്ക് സംഘടനാസ്വാതന്ത്ര്യം അനുവദിച്ചത് അദ്ദേഹമാണ്. സംവരണതത്ത്വം നടപ്പാക്കി ദലിത്-പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കത്തക്കവിധം സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയാക്കാന്‍ ഉത്തരവിട്ടത് എ കെ ആന്റണിയുടെ ഭരണകാലത്താണ്. പഞ്ചായത്തീരാജ് നിയമമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. മാത്രവുമല്ല, 33 ശതമാനം വനിതാസംവരണവും 10 ശതമാനം പട്ടികജാതി സംവരണവും ഉറപ്പാക്കുകയും ചെയ്തു. 1996 ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ചാരായനിരോധനം ഏര്‍പ്പെടുത്തിയ എ കെ ആന്റണി മദ്യത്തിന് എന്നും എതിരായിരുന്നു.
ഡല്‍ഹിയിലെത്തിയപ്പോഴും എ കെ കേരളത്തെ മറന്നില്ല. എ കെ ആന്റണിയെന്ന രാജ്യരക്ഷാമന്ത്രി കേരളത്തിനു നല്‍കിയ സംഭാവനകള്‍ ഏറെയുണ്ട്. തിരുവനന്തപുരത്തെ ബ്രഹ്‌മോസ്, കാസര്‍കോട്ട് ആരംഭിച്ച എച്ച്എഎല്‍, ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, പാലക്കാട്ടെ ബിഇഎംഎല്‍, ബേപ്പൂരിലെ ‘നിര്‍ദേശ്,’ കല്യാശ്ശേരിയിലെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് എന്നിവയോടൊപ്പം ഏഴിമല നാവിക അക്കാദമിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതും എ കെ ആന്റണി കേരളത്തിനു നല്‍കിയ സംഭാവനകളാണ്.
എ കെ ആന്റണിയുടെയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെയും ജന്മദിനം ഒരേ ദിവസമായത് യാദൃച്ഛികമാണെങ്കിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് എ കെ ആന്റണി എന്ന പ്രവര്‍ത്തകന്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ എ കെ ആന്റണിയുടെ പങ്ക് വളരെ വലുതാണ്. ജനങ്ങള്‍ക്ക് എ കെ ആന്റണിയിലുള്ള വിശ്വാസ്യതയാണ് ഇതു തെളിയിക്കുന്നത്. എഴുപത്തഞ്ചിലെത്തിയ എകെയ്ക്ക് ആശംസകള്‍.

(ഫിഷറീസ്-തുറമുഖ-എക്‌സൈസ് വകുപ്പ് മന്ത്രിയാണ് ലേഖകന്‍.) $

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss