|    Dec 12 Wed, 2018 2:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആന്റണിക്ക് ആര്‍എസ്എസ് തലവന്റെ ശബ്ദം: കോടിയേരി ബാലകൃഷ്ണന്‍

Published : 27th May 2018 | Posted By: kasim kzm

ചെങ്ങന്നൂര്‍/കോട്ടയം/കൊച്ചി: ബിജെപിക്കാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ പരാജയപ്പെടുത്തണമെന്ന എ കെ ആന്റണിയുടെ പരസ്യമായ നിലപാട് കോണ്‍ഗ്രസ്സിന്റേതാണോ എന്ന് എഐസിസി പ്രസിഡന്റ് രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസ് തലവന്റെ ശബ്ദമാണ് ആന്റണിയുടേത്. കമ്മ്യൂണിസ്റ്റുകാരെ ഉന്‍മൂലനം ചെയ്യണമെന്നു പ്രഖ്യാപിച്ച ആര്‍എസ്എസ് സര്‍സംഘ് ചാലകിന്റെ ശബ്ദത്തിലാണ് ആന്റണി സംസാരിക്കുന്നത്. ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടും. വോട്ടും ഭൂരിപക്ഷവും വര്‍ധിക്കും. എല്‍ഡിഎഫിന്റെ ജയം ഉറപ്പായെന്നു തെളിഞ്ഞപ്പോള്‍ ബിജെപിക്കാരുടെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ട ആന്റണിയുടേത് കോണ്‍ഗ്രസ് ചെന്നുപെട്ടിരിക്കുന്ന രാഷ്ട്രീയപാപ്പരത്തത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നും കോടിയേരി പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയ നടപടി പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ആണെന്നും കോടിയേരി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിട്ടുള്ളത്. സേനാനായകന്‍ നഷ്ടപ്പെട്ട സേനപോലെയായി ബിജെപി. തിരഞ്ഞെടുപ്പ് ഫലം ദുരന്തമായിരിക്കുമെന്നു മനസ്സിലാക്കി സേനാ നായകനെ രക്ഷിച്ചുകൊണ്ടുപോവുകയാണ്. ആര്‍എസ്എസിലും ബിജെപിയിലുമുള്ള ആഭ്യന്തര പ്രശ്‌നത്തിന്റെ പേരിലാണ് കുമ്മനത്തിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ലഭിച്ചത്. ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ വിലയിരുത്തലാവുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന രമേശ് ചെന്നിത്തലയ്‌ക്കെതിരായ ഒളിയമ്പാണെന്നും കോടിയേരി പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാവുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏത് ഉപതിരഞ്ഞെടുപ്പും ആനുകാലിക രാഷ്ട്രീയം വിലയിരുത്തിക്കൊണ്ടായിരിക്കും. അതില്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തിനെയും വിലയിരുത്തും. കൂടാതെ, കേന്ദ്രസര്‍ക്കാരിനെയും വിലയിരുത്തും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ല. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സമാന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഉപതിരഞ്ഞെടുപ്പിനു ശേഷം ഇന്ധനനികുതി ഇളവു നല്‍കാമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് പരാജയഭീതിയിലാണ്. അതിനാലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ ചെയ്യുന്നത്. അയ്യപ്പസേവാ സംഘത്തെ വര്‍ഗീയ സംഘടനയായി ചിത്രീകരിച്ച കോടിയേരി നിലപാട് തിരുത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഈ പ്രസ്താവനയ്ക്ക് ഇടതുമുന്നണി വലിയ വില നല്‍കേണ്ടിവരും. തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്യുമെന്നും പിന്തുണ മുന്നണി പ്രവേശനത്തിന്റെ ഭാഗമാണെന്നു കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ കൂടി വിലയിരുത്തലാവുമെന്നു് ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ രണ്ടു വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ക്കു മുമ്പില്‍ വയ്ക്കുന്നത്. അത്ര ആര്‍ജവത്തോടെയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ കാണുന്നത്. വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ ജയിക്കും. ചെങ്ങന്നൂരില്‍ ത്രികോണ മല്‍സരമില്ല. ബിജെപി ഏറെ പിന്നിലാണ്. അതുകൊണ്ടാണ് എ കെ ആന്റണി ബിജെപിക്കാരുടെ വോട്ട് തേടിയതെന്നും തോമസ് ഐസക് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss