|    Jul 21 Fri, 2017 2:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആന്ധ്ര ബില്ല്: രാജ്യസഭ സ്തംഭിച്ചു; എതിര്‍പ്പുമായി അരുണ്‍ ജയ്റ്റ്‌ലി

Published : 6th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതിനുള്ള പുനസ്സംഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി രാജ്യസഭയില്‍ ബഹളം. കോണ്‍ഗ്രസ് എംപി കെവിപി രാമചന്ദ്ര റാവു അവതരിപ്പിച്ച ബില്ല് ധന ബില്ലാണെന്നു ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ പാസാക്കുന്നതിനോട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിയോജിപ്പു പ്രകടിപ്പിച്ചു. എന്നാല്‍, നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസ്സിന്റെ ആവശ്യം തള്ളി രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ ഇതു ധന ബില്ലാണോ എന്ന് വ്യക്തത വരുത്താന്‍ ലോക്‌സഭാ സ്പീക്കറുടെ പരിഗണനയ്ക്കു വിടുകയാണെന്ന് റൂളിങ് നല്‍കി.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അരുണ്‍ ജെയ്റ്റ്‌ലിയുടെ സമ്മതത്തോടെയാണ് താന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ തീരുമാനിച്ചതെന്ന് ഓര്‍മിപ്പിച്ചു. തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനം പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് നടപ്പാക്കാന്‍ കഴിയാതെ പോയത്. അതിനാല്‍ അന്ന് സഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ ഇപ്പോള്‍ ധനമന്ത്രിയും സഭാനേതാവുമായ ജെയ്റ്റ്‌ലി തയാറാവണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. എന്നാല്‍, ധനബില്ല് ആണോ എന്നു തീരുമാനിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ക്കു വിടണമെന്നും ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു. ഇതിനെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദ്യം ചെയ്തു.
പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും പ്രതിപക്ഷ കക്ഷികളും ഇതു ആവര്‍ത്തിച്ചു. തുടര്‍ന്ന് ഉപാധ്യക്ഷന്‍ ധനബില്ല് ആണോയെന്നറിയാന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് വിടുകയാണെന്ന് റൂളിങ് നല്‍കി.  നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് എംപിമാര്‍ സഭാ നടപടികള്‍ സ്തംഭിപ്പിച്ചു. ബഹളം രൂക്ഷമായതോടെസഭ പിരിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക