|    Dec 14 Fri, 2018 10:36 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആന്ധ്രയില്‍ സിബിഐക്ക് വിലക്ക്‌

Published : 17th November 2018 | Posted By: kasim kzm

വിജയവാഡ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തു പ്രവേശിക്കുന്നതിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഏതു കേസും അന്വേഷിക്കുന്നതിന് സംസ്ഥാനത്തു പ്രവേശിക്കുന്നതിനുള്ള പൊതു അനുമതിയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പിന്‍വലിച്ചത്. ഇനി ഔദ്യോഗിക കാര്യങ്ങള്‍ക്ക് സംസ്ഥാനത്തു പ്രവേശിക്കണമെങ്കില്‍ സിബിഐക്ക് ആന്ധ്ര സര്‍ക്കാരിന്റെ അനുമതി തേടേണ്ടിവരും.
രാജ്യത്ത് ആദ്യമായാണ് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുന്നത്. 1946ലെ ഡല്‍ഹി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിലെ വകുപ്പ് ആറ് അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും സിബിഐക്ക് നല്‍കിയിട്ടുള്ള പൊതു അനുമതികള്‍ പിന്‍വലിക്കുന്നുവെന്നാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
കുറ്റകൃത്യങ്ങളും ഗൂഢാലോചനക്കേസുകളും അടക്കം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 187ഓളം വകുപ്പുകളുടെയും 63ഓളം കേന്ദ്ര നിയമങ്ങളുടെയും പരിധിയില്‍ വരുന്ന കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് അനുമതി നല്‍കുന്നതാണ് ഡല്‍ഹി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് പ്രകാരമുള്ള പൊതുസമ്മത അനുമതി.
കേന്ദ്രസര്‍ക്കാര്‍ സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയതാല്‍പര്യത്തിന് ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ നടപടി. ബിജെപിയും സംസ്ഥാനത്തെ പ്രതിപക്ഷനേതാവ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയും ചേര്‍ന്ന് സിബിഐയെയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും നായിഡു ആരോപിക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss