|    Dec 17 Mon, 2018 5:38 am
FLASH NEWS

ആന്ത്രോപ്പോളജി ദക്ഷിണേന്ത്യന്‍ മേഖലാ ഓഫിസ് ജില്ലയില്‍ തുടങ്ങും: മന്ത്രി ബാലന്‍

Published : 21st May 2018 | Posted By: kasim kzm

കല്‍പ്പറ്റ: പാരമ്പര്യ രോഗമായ സിക്കിള്‍സെല്‍ അനീമിയ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ആന്ത്രോപ്പോളജി ദക്ഷിണേന്ത്യന്‍ മേഖലാ ഓഫിസ് വയനാട്ടില്‍ തുടങ്ങുമെന്നു പട്ടികജാതി-പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രി എ കെ ബാലന്‍. അനുബന്ധ ഉപകരണങ്ങളും ജില്ലയിലൊരുക്കും. ഇതിന്റെ ഉപശാഖ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയില്‍ സാക്ഷരരായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും രണ്ടാംഘട്ടം ഉദ്ഘാടനവും കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അരിവാള്‍ രോഗം തടയാന്‍ ശാസ്ത്രീയ പരിഹാര മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് നടപടി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടതായും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒട്ടേറെ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി. അതില്‍ പ്രധാനപ്പെട്ടതാണ് ലൈഫ് പദ്ധതി. ഇതില്‍ മുന്തിയ പരിഗണന കൊടുക്കുന്ന വിഭാഗമാണ് ആദിവാസികള്‍. കേന്ദ്ര വനാവകാശ നിയമപ്രകാരം ജില്ലയില്‍ 5500ഓളം ആദിവാസികള്‍ക്ക് ഭൂമി നല്‍കി. ആറായിരത്തോളം ആദിവാസികള്‍ക്ക് ഇനിയും ഭൂമി കിട്ടണം. കേരളത്തില്‍ 11,500 കുടുംബങ്ങള്‍ക്കു ഭൂമി കിട്ടേണ്ടതുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ ഇവര്‍ക്കു ഭൂമി ലഭ്യമാക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 17,000ത്തോളം പണി പൂര്‍ത്തീകരിക്കാത്ത വീടുകളുണ്ടായിരുന്നു. ഇതില്‍ ആറായിരം വീടുകള്‍ പൂര്‍ത്തീകരിച്ചു. ശേഷിക്കുന്ന വീടുകളുടെ പണി പുരോഗമിക്കുന്നു. ഇതിനു പുറമെ ആറായിരത്തോളം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് സര്‍ക്കാര്‍. സ്ഥലമുണ്ടായിട്ടും വീടില്ലാത്ത 16,000ത്തോളം ആദിവാസി കുടുംബങ്ങളുണ്ട്. സ്ഥലമില്ലാത്ത 11,500 കുടുംബങ്ങളാണ് സംസ്ഥാനത്ത്. ഇക്കാര്യങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുത്തു കഴിഞ്ഞു. കൊഴിഞ്ഞുപോക്ക് പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപം നല്‍കിയ പ്രധാന പദ്ധതിയാണ് ഗോത്രബന്ധു.
പഠനം അരോചകമാവുന്ന സാഹചര്യത്തിലാണ് ഗോത്രഭാഷ അറിയാവുന്ന വിദ്യാസമ്പന്നരെ അധ്യാപകരായി നിയമിക്കാന്‍ നടപടിയെടുത്തത്. ഇതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കില്ലാതായി. തൊഴിലവസരങ്ങള്‍ കൂടി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി 241 അഭ്യസ്തവിദ്യര്‍ക്കാണ് ഇത്തരത്തില്‍ ജോലി നല്‍കിയത്. ഗോത്രബന്ധു പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ ആദിവാസി വിഭാഗത്തിലെ അഭ്യസ്തവിദ്യര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥ ഒഴിവാകും. ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലിസ്, എക്‌സൈസ് വകുപ്പുകളില്‍ 100 പേരെ നിയമിച്ചു. പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്കാണ് ഇതില്‍ പ്രാമുഖ്യം നല്‍കിയത്. ജില്ലയില്‍ 69 പേര്‍ക്ക് അവസരം ലഭിച്ചു. ഗോത്രജീവിക പദ്ധതി പ്രകാരം നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആദിവാസി വിഭാഗത്തിന് പരിശീലനം നല്‍കിവരികയാണ്. ഇതിലൂടെ മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി. 40 കോടി രൂപ ചെലവില്‍ സുഗന്ധഗിരി പ്രൊജക്റ്റ് വിഭാവനം ചെയ്തു. റോഡ്, കൃഷി, കുടിവെള്ളം, വന്യമൃഗശല്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതിയാണിത്.
ആരോഗ്യരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. പോഷകാഹാരം കിട്ടാത്താതു മൂലം ഒരാള്‍ പോലും സംസ്ഥാനത്ത് മരിച്ചിട്ടില്ല. പാരമ്പര്യ ധാന്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിവരികയാണ്. വാല്‍സല്യനിധി പദ്ധതി പ്രകാരം പട്ടികജാതി-വര്‍ഗ പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍ മൂന്നു ലക്ഷം രൂപ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങി. രാജ്യത്ത് തന്നെ ആദ്യമാണ് ഇത്തരമൊരു പദ്ധതി.
ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആദ്യം വേണ്ടത് ഭൂമിയും തൊഴിലും വിദ്യാഭ്യാസവുമാണ്. ഈ മേഖലകള്‍ക്കു സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സാക്ഷരതാ പ്രേരക്മാര്‍, പട്ടികജാതി-വര്‍ഗ മേഖലയിലെ വോളന്റിയര്‍മാര്‍ എന്നിവരുടെ വേതനം വര്‍ധിപ്പിക്കും. ഇക്കാര്യങ്ങളില്‍ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനാ പ്രവര്‍ത്തകരുടെ യോഗം രണ്ടുതവണ ഇതിനകം ചേര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss