|    Jun 24 Sun, 2018 6:49 pm
FLASH NEWS
Home   >  Fortnightly   >  

ആന്തരവിമര്‍ശനത്തെ അസാധുവാക്കുന്ന ഭരണകൂട ഭീകരത

Published : 20th November 2015 | Posted By: G.A.G

ഡോ. അനില്‍ കെഎം
രാജ്യത്ത് അനുദിനം ശക്തിപ്പെട്ടുവരുന്ന വിദ്വേഷപ്രചരണത്തെയും ആക്രമണങ്ങളെയും അതിശക്തമായി അപലപിച്ചുകൊണ്ട്  ഇന്ത്യയിലെ ധൈഷണികലോകം കടുത്ത പ്രതികരണം അറിയിച്ചിരിക്കുകയാണ്. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും അവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉപഹാരങ്ങളും പദവികളും തിരിച്ചുനല്‍കിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ അനുഭവമാണിത്. ചരിത്രകാരന്മാര്‍ ഒന്നടങ്കം മോദിയുടെ ഭരണത്തിന്‍കീഴില്‍ അരങ്ങേറുന്ന നുണപ്രചരണത്തെയും ചരിത്രനിരപേക്ഷമായ ആശയരൂപീകരണത്തെയും കടുത്ത ഭാഷയില്‍ അപലപിച്ചു. ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ ചില ഇടതുപക്ഷക്കാര്‍ മാത്രമാണെന്ന് പറഞ്ഞ് പ്രശ്‌നത്തിന്റെ ഗൗരവം കുറക്കാനാണ് ആര്‍എസ്എസ്സിന്റെ ശ്രമം. എന്നാല്‍ ഇത് ഏതെങ്കിലും കക്ഷിയുടെ പിന്തുണയോടെ ബുദ്ധിജീവികള്‍ നടത്തുന്ന പ്രതികരണമല്ല. ഒരു രാഷ്ട്രീയച്ചായ്‌വുമില്ലാത്ത ശാസ്ത്രജ്ഞന്‍ ഡോ. പിഎം ഭാര്‍ഗ്ഗവ പത്മഭൂഷണ്‍ ബഹുമതി തിരിച്ചു നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തിലെങ്കിലും ആര്‍എസ്എസ് അവരുടെ നിലപാട് പുനഃപരിശോധിക്കാന്‍ തയ്യാറാവുകയും മോഡി മൗനം വെടിയുകയും വേണം. ഇന്ത്യന്‍ ജനതയുടെ ഐക്യം, ഉന്നതമായ ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളുടെ സംരക്ഷണം എന്നിവയോട് പ്രതിബദ്ധതയുള്ളവരാണ് ഇന്ത്യന്‍ kalburgiഭരണകൂടത്തിനെതിരെ ശക്തമായ ഭാഷയില്‍  പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇതിനെ കക്ഷിരാഷ്ട്രീയത്തിന്റെ കൊട്ടത്താപ്പില്‍ അളക്കാനാവില്ല.ബുദ്ധിജീവികള്‍ ആന്തരവിമര്‍ശകര്‍ എന്ന നിലയില്‍ എന്തിനാണ് ഇന്ത്യന്‍ ബുദ്ധിജീവികള്‍ അന്യാദൃശമായ രീതിയില്‍ പ്രതികരിച്ചത്? കന്നഡയിലെ പ്രശസ്ത എഴുത്തുകാരന്‍ പ്രഫ. എംഎം കല്‍ബുര്‍ഗിയെ ഹിന്ദുതീവ്രവാദികള്‍ 2015 ആഗസ്ത് 30ന് വെടിവെച്ച് കൊന്നു. വിഗ്രഹാരാധനക്കെതിരെ ആശയപ്രചാരണം നടത്തിയതിന്റെ പേരിലാണ് ഈ അരുംകൊല നടത്തിയത്. ഈ കൊലപാതകത്തെ അപലപിക്കാനോ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനോ കേന്ദ്രസാഹിത്യ അക്കാദമിയോ കേന്ദ്രസര്‍ക്കാരോ തയ്യാറാകാത്ത സാഹചര്യത്തിലാണ് എഴുത്തുകാരും ചിന്തകരും തങ്ങളുടെ പ്രതികരണം അറിയിച്ചത്. എന്താണ് കല്‍ബുര്‍ഗി വിഗ്രഹാരാധനയെ വിമര്‍ശിക്കാന്‍ കാരണം? അദ്ദേഹം ഹിന്ദുമതവിരോധിയായതുകൊണ്ടോ അവിശ്വാസിയായതുകൊണ്ടോ അല്ല. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ജാതീയ ചൂഷണത്തിനുമെതിരെ എത്രയോ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആന്തരവിമര്‍ശനത്തിന്റെ ഒരു വലിയ പാരമ്പര്യം ഹിന്ദുമതത്തിലുണ്ട്. അക്കൂട്ടത്തിലെ ഒരു പ്രധാനധാരയാണ് 12-15 നൂറ്റാണ്ടിനിടയില്‍ ദക്ഷിണേന്ത്യയില്‍ ശക്തിപ്രാപിച്ച ഭക്തിപ്രസ്ഥാനം. ഒരുമിച്ച് ഭക്ഷണം കഴിക്കാനോ ദൈവത്തെ പ്രാര്‍ത്ഥിക്കാനോ വഴിനടക്കാനോ തൊഴിലെടുക്കാനോ കഴിയാത്ത ജാതിസമൂഹങ്ങളെ ഒറ്റ മതമായി പരിഗണിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ക്ഷേത്രകേന്ദ്രിതമായ സമൂഹവ്യവസ്ഥ, ബ്രാഹ്മണരും നാടുവാഴികളും ചേര്‍ന്ന് അധഃസ്ഥിത ജാതി വിഭാഗങ്ങളെ ചൂഷണം ചെയ്യുന്ന ഒന്നായിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ നിരവധി ആളുകള്‍ അക്കാലത്ത് രംഗത്തുവന്നു. അതിലൊരാളായിരുന്നു ബസവണ്ണ എന്ന് വിളിക്കുന്ന ബസവേശ്വരന്‍. basaveswaraകര്‍ണ്ണാടകത്തിലെ ബിജ്ജള രാജാവിന്റെ കൊട്ടാരത്തിലെ കണക്കുസൂക്ഷിപ്പുകാരനായിരുന്നു ബ്രാഹ്മണനായി ജനിച്ച ബസവേശ്വരന്‍. എന്നാല്‍ ആ ഗ്രാമത്തില്‍ നടന്ന ഒരു മിശ്രവിവാഹത്തെ ബസവേശ്വരന്‍ പരസ്യമായി പിന്തുണച്ചതോടെ രാജാവും ബസവേശ്വരനും തമ്മില്‍ ഇടഞ്ഞു. അദ്ദേഹം കൊട്ടാരംവിട്ടിറങ്ങി ജനങ്ങള്‍ക്കൊപ്പം ജീവിക്കാനാരംഭിച്ചു. ശൈവഭക്തനായിരുന്ന അദ്ദേഹം അധ്വാനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ജാതിവ്യവസ്ഥയുടെ നിരര്‍ത്ഥകത എത്രമാത്രമെന്നോര്‍മ്മിപ്പിച്ചു. എല്ലാ ജാതിവിഭാഗങ്ങളില്‍നിന്നും അദ്ദേഹത്തിന് ശിഷ്യന്മാരുണ്ടായി. ആത്മീയമായ കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാനായി അദ്ദേഹം അനുഭവമണ്ഡപം എന്ന പേരില്‍ ഒരു വേദിക്ക് തുടക്കമിട്ടു. തന്റെ ആശയങ്ങള്‍ ചെറിയ കാവ്യശകലങ്ങളായി അവതരിപ്പിച്ചു. ആ സാഹിത്യശാഖയെ സാമാന്യമായി വചനസാഹിത്യം എന്നാണ് പറയാറുള്ളത്. ക്ഷേത്രാരാധനയുടെ അര്‍ത്ഥശൂന്യതയാണ് അദ്ദേഹം പ്രധാനമായി വചനസാഹിത്യത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ധനികര്‍ ശിവനുവേണ്ടി അമ്പലം പണിയുന്നു/ ദരിദ്രനായ ഞാന്‍ എന്തുചെയ്യും?എന്റെ കാലുകള്‍ തൂണുകളും /എന്റെ ശരീരം ശ്രീകോവിലും /എന്റെ തല മകുടവുമാണ്ഒറ്റ നില്‍പ്പിലുള്ളവ തകര്‍ന്ന് നിലംപൊത്തും/എന്നാല്‍ ഇളകിക്കൊണ്ടിരിക്കുന്നവ നിലനില്‍ക്കുംഇത് ബസവേശ്വരന്റെ വചനമാണ്. ക്ഷേത്രം പണിയുന്നതിലെ അര്‍ത്ഥശൂന്യതയാണ് ഈ വരികളിലെ പ്രമേയം. ശരീരം തന്നെയാണ് ക്ഷേത്രമെന്നും അധ്വാനമാണ് അതിനെ നിലനിര്‍ത്തുന്നതെന്നും ബസവേശ്വരന്‍ പറയുന്നു. ബസവേശ്വരന്റെ മറ്റൊരു വചനം ഇങ്ങനെയാണ്:മനുഷ്യരെപ്പോലെ ഭക്ഷിക്കുന്ന/ തീയില്‍ വാടുന്ന ദൈവം എങ്ങനെ യഥാര്‍ത്ഥ ദൈവമാകും?നമുക്കാവശ്യമുള്ളപ്പോള്‍ വില്‍ക്കുകയും കള്ളന്മാരെപ്പേടിച്ച് കുഴിച്ചിടുകയും ചെയ്യുന്ന ദൈവത്തില്‍നിന്ന് എനിക്കെങ്ങനെ സത്യമറിയാന്‍ കഴിയും?അല്ലയോ കൂടാല സംഗമാ/ സ്വയംഭൂവായ ദൈവം മാത്രമാണ് യഥാര്‍ത്ഥദൈവം.വിഗ്രഹാരാധനയെയും ക്ഷേത്രാചാരങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നവയാണ് ബസവേശ്വരന്റെ വരികള്‍ എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാമല്ലൊ? vachanaബസവേശ്വരനെപ്പോലെ അക്കമഹാദേവി, വേമന എന്നിവരും വചന സാഹിത്യകാരന്മാരാണ്. വചനസാഹിത്യകാരന്മാരില്‍ അധികപേരും കീഴാള ജാതികളില്‍നിന്നും അധഃസ്ഥിത സമൂഹങ്ങളില്‍നിന്നും ഉയര്‍ന്നുവന്നവരാണ്. ചെരുപ്പുകുത്തികളും ഇടയന്മാരും കൈത്തൊഴില്‍ക്കാരുമെല്ലാം വചനകാരന്മാരായി  ഉയര്‍ന്നുവന്നു. അവരെല്ലാം ഒരേ സ്വരത്തില്‍ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥക്കെതിരെ, ക്ഷേത്രാചാരത്തിനെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്തി. ഇത് ദക്ഷിണേന്ത്യയിലെ സാമാന്യമനുഷ്യരില്‍ ഉയര്‍ന്ന ആത്മാഭിമാനം സൃഷ്ടിച്ചു. ഈ കാലഘട്ടത്തെക്കുറിച്ചും വചനസാഹിത്യത്തിന്റെ സവിശേഷതകളെക്കുറിച്ചുമാണ്  കല്‍ബുര്‍ഗി പഠിച്ചതും എഴുതിയതും. അതുകൊണ്ട് അദ്ദേഹം ക്ഷേത്രസംസ്‌ക്കാരത്തിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം ഹിന്ദുമതത്തിലെ ആന്തരിക വിമര്‍ശന പാരമ്പര്യത്തില്‍നിന്നുണ്ടാകുന്നതാണ്.  പ്രസ്തുത അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ സംഘപരിവാരശക്തികള്‍ കൊന്നുകളഞ്ഞു എന്നതിനര്‍ത്ഥം  ഒരു ആന്തരവിമര്‍ശനത്തെയും അവര്‍ അംഗീകരിക്കില്ല എന്നാണ്. ഹിന്ദുമതത്തിനകത്ത്  പല കാലങ്ങളില്‍ ഇത്തരം ആന്തരവിമര്‍ശകരുണ്ടായിട്ടുണ്ട്. ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും അങ്ങനെയുള്ള ആന്തരവിമര്‍ശകരാണ്. അവരെല്ലാം ജാതിവ്യവസ്ഥയെയും വിഗ്രഹാരാധനയെയും ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. അജ്ഞാനികള്‍ക്കുവേണ്ടിയാണ് നാം ക്ഷേത്രങ്ങള്‍ പണിയുന്നതെന്ന് ശ്രീനാരായണഗുരു പറഞ്ഞു. ജ്ഞാനികള്‍ക്ക് ക്ഷേത്രത്തിന്റെ ആവശ്യമില്ലെന്ന വാഗ്ഭടാനന്ദന്റെ അഭിപ്രായത്തോട് ഗുരു യോജിച്ചു. ഇന്ത്യയില്‍ ആര്‍എസ്സ്എസ്സിന്റെ വളര്‍ച്ച ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ്. ക്ഷേത്രസംരക്ഷണ സമിതി എന്ന പേരില്‍ ക്ഷേത്രങ്ങളെ ബ്രാഹ്മണാചാരവിധികളിലേക്ക് ഉള്‍ച്ചേര്‍ക്കുകയും കീഴാള പ്രപഞ്ചബോധത്തെ പുറന്തള്ളുകയും ചെയ്യുന്നത് കേരളത്തില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയാണ്. ക്ഷേത്രങ്ങളെയും പഴയ ആചാരങ്ങളെയും പുനരുദ്ധരിച്ച് ബ്രാഹ്മണ്യത്തെ കുടിയിരുത്തുമ്പോള്‍ ജാതിവ്യവസ്ഥയുടെ പുനഃസ്ഥാപനമാണ് നടക്കുന്നത്. ദളിതരെയും അധഃസ്ഥിതരെയും സാംസ്‌ക്കാരികമായി പ്രാന്തവല്‍ക്കരിക്കുന്ന ഈ ഏര്‍പ്പാട് ചൂഷണവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് തിരിച്ചറിയുന്നതുകൊണ്ടാണ് ഹിന്ദുമതത്തിലെ ആന്തരികവിമര്‍ശകര്‍ ക്ഷേത്രാചാരങ്ങളെയും വിഗ്രഹാരാധനയെയും വിമര്‍ശിച്ചത്. കല്‍ബുര്‍ഗി പ്രചരിപിച്ചതും ഇതേ ആശയമാണ്. കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്നവര്‍ ഇന്ത്യയിലെ ബ്രാഹ്മണ്യത്തെ പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞയെടുത്തവരാണ്. ദളിതരെ ചുട്ടുകൊല്ലുന്നതും കല്‍ബുര്‍ഗിയെ വെടിവെച്ചു കൊല്ലുന്നതും ഒരേ ആശയത്തിന്റെ പിന്‍ബലത്തിലാണ്. ആന്തരികവിമര്‍ശകര്‍  ഉന്നയിക്കുന്ന വസ്തുതകള്‍ ഹിന്ദുമതത്തെ അവഹേളിക്കുന്നു എന്നാണ് പരാതി. മലയാളത്തിലെ പ്രശസ്ത സാഹിത്യനിരൂപകന്‍, സാഹിത്യചരിത്രകാരന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ഡോ. എംഎം ബഷീര്‍ വാല്‍മീകിയുടെ രാമന് മനുഷ്യഗുണങ്ങളാണുള്ളത് എന്ന് പരാമര്‍ശിച്ചു. ഈ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സംഘപരിവാരം ഭീഷണി മുഴക്കി. യഥാര്‍ത്ഥത്തില്‍ വാല്‍മീകിയുടെ രാമന്‍ മനുഷ്യനെപ്പോലെ ശക്തി ദൗബല്യങ്ങളുള്ള കഥാപാത്രമാണെന്ന് ആദ്യം പറഞ്ഞത് ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഭവഭൂതിയാണ്. അദ്ദേഹത്തിന്റെ ഉത്തരരാമചരിതം സീതയെ കാട്ടിലുപേക്ഷിച്ച രാമനെ വിമര്‍ശിക്കുന്ന കൃതിയാണ്. ഭവഭൂതിയെ സംഘപരിവാരത്തിന് വെടിവെച്ചുകൊല്ലാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പില്‍ക്കാലത്ത് ബാബാ അംബേദ്കര്‍ വാല്‍മീകിരാമായണത്തിലെ ദളിത്-സ്ത്രീ വിരുദ്ധതയെക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ ശുദ്ധ ആസ്തികനായിരുന്ന കുട്ടികൃഷ്ണമാരാര്‍ വാല്‍മീകിയുടെ രാമന്‍ എന്ന ഒരു ലേഖനം എഴുതിയിട്ടുണ്ട്. രാമനെക്കുറിച്ചുള്ള നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നിലനില്‍ക്കേ ഡോ. എംഎം ബഷീറിനെതിരെ ഇപ്പോള്‍ ആക്രോശിക്കുന്നതിന്റെ ലക്ഷ്യം സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുക എന്നതുമാത്രമാണ്. മുസ്‌ലിം നാമധാരിയായ ഒരാള്‍ രാമനെ ആക്ഷേപിച്ചു എന്ന് പരാതിപ്പെട്ടാല്‍ വിഷയത്തിന്റെ സ്വഭാവം മാറി. സെക്കുലറായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഡോ. ബഷീറിനെ മുസ്‌ലിം തീവ്രവാദിയുടെ ഗണത്തില്‍ പെടുത്തി അദ്ദേഹത്തെ അപായപ്പെടുത്തുകയുമാണ് അവര്‍ ചെയ്യുന്നത്. ചരിത്രമറിയാത്ത, ഹിന്ദുമതത്തിലെ ആന്തരവിമര്‍ശനത്തെക്കുറിച്ച്  ധാരണയില്ലാത്ത സാമാന്യ മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനും സാമാധാനം തകര്‍ക്കാനുമാണ് സംഘപരിവാരത്തിന്റെ ശ്രമം. മനുഷ്യരുടെ മറവിയും അറിവില്ലായ്മയുമാണ് സംഘപരിവാരത്തിന്റെ  ശക്തി. പൊതുബോധത്തില്‍ നിലനില്‍ക്കുന്ന ചരിത്രനിരപേക്ഷമായ തെറ്റിദ്ധാരണകളെ സമര്‍ത്ഥമായി mm bashherഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. കടുത്ത വിജ്ഞാനവിരോധവും മുന്‍വിധികളും ഫാസിസത്തിന്റെ സവിശേഷതകളാണല്ലോ? പൊതുബോധത്തിലെ ധാരണകളെ ചരിത്രപരമായി അപനിര്‍മ്മിക്കുകയാണ് ബുദ്ധിജീവികള്‍ ചെയ്യുന്നത്. അതുകൊണ്ടാണ് ബുദ്ധിജീവികളെയും എഴുത്തുകാരെയും സംഘപരിവാരം ഇത്രമേല്‍ ഭയക്കുന്നത്. ഈ അര്‍ത്ഥത്തിലാണ് ബുദ്ധിജീവികളുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കാനും വികൃതമാക്കാനുമുള്ള ശ്രമത്തെ അവര്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് എഴുത്തുകാര്‍ ഒരു പ്രതിരോധനിര തീര്‍ക്കുന്നത്. അതിനെ കേവലം കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണടവെച്ചല്ല  വിലയിരുത്തേണ്ടത്.  സംഘപരിവാരം കരുതുന്നതുപോലെ അത്ര എളുപ്പത്തില്‍ ഇന്ത്യ എന്ന രാജ്യത്തെ ബ്രാഹ്മണിക്കല്‍ അധികാര ഘടനയിലേക്ക് പൂര്‍ണ്ണമായും വെട്ടി ഒതുക്കാന്‍ കഴിയില്ല. കാരണം അതിനകത്തെ ആന്തരവിമര്‍ശനം അത്രമേല്‍ ശക്തമാണ്. അതുകൊണ്ടുതന്നെയാണ് എഴുതുകയും വായിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളെ ആര്‍എസ്സ്എസ്സ് ഇത്രമാത്രം ഭയപ്പെടുന്നത്. ഇന്ത്യയുടെ ബൗദ്ധിക പാരമ്പര്യം മായാവാദത്തില്‍ മാത്രം അടിയുറച്ച ഒന്നല്ല. അതിനകത്ത് നിരവധി ധാരകള്‍ ഇടകലരുന്നുണ്ട്.

ഏകദൈവ വിശ്വാസികളും ബഹുദൈവവിശ്വാസികളും ആസ്തികരും നാസ്തികരും ഭൗതികവാദികളും ഇവിടെ ഉണ്ടായിട്ടുണ്ട്. പ്രേതത്തില്‍ വിശ്വസിക്കുന്നവരും ആത്മാവില്‍ വിശ്വസിക്കുന്നവരുമുണ്ട്. പുനര്‍ജ്ജന്മമുണ്ടെന്നും ഇല്ലെന്നും കരുതുന്നവരുണ്ട്. ഈ വിശ്വാസങ്ങള്‍ മുഴുവന്‍ ഇവിടെ സ്വയം ഉണ്ടായതല്ല. പലതും പലകാലങ്ങളില്‍ വന്നുചേര്‍ന്നതാണ്. ചിലത് വന്നതിനുശേഷം പ്രാദേശികവല്‍ക്കരണത്തിലൂടെ രൂപം മാറിയതാണ്. ഏറ്റവും ആധുനികമായ ഇസ്‌ലാം മതംപോലും വേറിട്ട് നില്‍ക്കുകയല്ല, ഇന്ത്യന്‍ ജനജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുകയും ഇന്ത്യന്‍ ജീവിതത്തിന്റെ അവിഭാജ്യഘടകമായിത്തീരുകയുമാണ് ചെയ്തത്. ഇന്ത്യന്‍ സംഗീതത്തിലും വാസ്തുവിദ്യയിലും ഭാഷാരൂപങ്ങളിലും സാഹിത്യത്തിലും അതിശക്തമായ സാന്നിധ്യമായി ഇസ്‌ലാം മതത്തിന് മാറാന്‍ കഴിഞ്ഞു. ഇങ്ങനെ വന്നതെല്ലാം കൂടിക്കലര്‍ന്ന് ആദിയുമന്തവും തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറിപ്പോയ ഒന്നാണ് ഇന്ത്യന്‍ സംസ്‌കാരം. indianഅത് ഏകശിലാത്മകമല്ല. ഒരോന്നിനും അതിനകത്തുനിന്നുതന്നെ ആന്തരവിമര്‍ശനമുണ്ടായിട്ടുണ്ട്. ആ വിമര്‍ശനം ഒരോ ബൗദ്ധികധാരയുടെയും സ്വരൂപത്തെ ഉള്‍പ്പരിവര്‍ത്തനത്തിന് വിധേയമാക്കിയിട്ടുണ്ട്.

അവയെല്ലാം കലര്‍ന്ന്, അനുനിമിഷം രൂപപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഇന്ത്യന്‍ ജീവിതം. അതിനെ തങ്ങളുടെ ഭാവനക്കൊത്ത ഒരു സാംസ്‌കാരികദേശീയതയിലേക്ക് ചുരുക്കാന്‍ നടത്തുന്ന ശ്രമം തീര്‍ത്തും ഹിംസാത്മകമാണ്. അതാണ് ഇപ്പോള്‍ നടക്കുന്നത്. കല്‍ബുര്‍ഗി കൊല്ലപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. എഴുത്തുകാര്‍ ഉല്‍ക്കണ്ഠപ്പെടുന്നതും അതുകൊണ്ടാണ്. ആന്തരവിമര്‍ശനത്തിന്റെജനകീയതലംആന്തരവിമര്‍ശനം ബുദ്ധിജീവികളുടെ മാത്രം അജണ്ടയല്ല. അതിനൊരു ജനകീയ തലമുണ്ട്.ഏതൊരു സംസ്‌ക്കാരവും അതിനെക്കാള്‍ വലുതും ബൃഹത്തുമായ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. ബൃഹത്തായ സംസ്‌ക്കാരത്തെക്കുറിച്ചുള്ള ജ്ഞാനം ലഘുസംസ്‌കൃതികളില്‍ ആന്തരികവിമര്‍ശനമായി രൂപപ്പെട്ട് വരുന്നത് സ്വാഭാവികം. അതുകൊണ്ട് ഹിന്ദു എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്‌കാരം -സത്യത്തില്‍ അങ്ങിനെയൊരു സംസ്‌ക്കാരം ഇല്ല- ലോകസംസ്‌കൃതികളുടെ പശ്ചാത്തലത്തില്‍ ആന്തരവിമര്‍ശനത്തിന് വിധേയമാകേണ്ടതുണ്ട്. അതിനെ ആക്രമണമായല്ല വിലയിരുത്തേണ്ടത്.  ബഹുസംസ്‌കൃതികള്‍ നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് ഓരോ സംസ്‌കാരവും മറ്റൊന്നിന്റെ ആന്തരവിമര്‍ശനമായി വികസിക്കാം. അടിമകളെ പോറ്റുന്ന ഒരു സമൂഹത്തിനുചുറ്റും അതിനെ വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യുന്ന സമൂഹങ്ങളുണ്ടെങ്കില്‍ അത് ആദ്യം പറഞ്ഞ സമൂഹത്തില്‍ ഒരാന്തരവിമര്‍ശനം രൂപപ്പെട്ട് വരാന്‍ ഇടയാക്കും. ഇത് ഇന്ത്യയിലും സംഭവിച്ചിട്ടുണ്ട്.

അനുദിനം പുതിയ സംസ്‌കാരരൂപങ്ങളും ആശയങ്ങളും സാര്‍വലൗകികതലത്തില്‍ രൂപപ്പെട്ട് വരുമ്പോള്‍ അവയൊക്കെ ഹിന്ദുമതത്തിനകത്തെ ആന്തരവിമര്‍ശനമായി വളര്‍ന്ന് വരും. ആ വിമര്‍ശനത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനുപകരം ഹിംസാത്മകമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അത് സമൂഹത്തിന്റെ തകര്‍ച്ചക്ക് വഴിവെക്കും. ഇന്ത്യയിലെ ഭീഷണമായ അന്തരീക്ഷം ഇതാണ്.  സംസ്‌ക്കാരത്തെ പുരസ്‌കരിച്ച് നടക്കുന്ന വിമര്‍ശനം എല്ലായ്‌പ്പോഴും പുറത്തുനിന്ന് വരുന്നതാണെന്ന് ആരോപിക്കുന്നത് അസഹിഷ്ണുതയുടെ ലക്ഷണമാണ്. അത് നിലനില്‍ക്കുന്ന സമൂഹത്തെ തകര്‍ത്തുതരിപ്പണമാക്കും.ബിജെപി അധികാരത്തില്‍ വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഗോവധം ദേശീയതലത്തില്‍ ചര്‍ച്ചയായി ഉയര്‍ന്നുവരാറുണ്ട്. ഇത്തവണയും അത് സംഭവിച്ചു. പശുവിനെ അമ്മയായിക്കരുതി പൂജിക്കുന്ന സംസ്‌ക്കാരം ഇന്ത്യയിലുണ്ട്. ആ വിശ്വാസം പങ്കിടാത്തവരും ഇന്ത്യയിലുണ്ട്. ഹിന്ദുക്കള്‍ എന്ന് സംഘപരിവാരം വിശേഷിപ്പിക്കുന്നവര്‍ക്കിടയില്‍ത്തന്നെ പശുവിനെ പൂജിക്കുന്നവരും പശുവിനെ കൊന്നുതിന്നുന്നവരും ഉണ്ട്. പശുവിനെ പൂജിക്കുകയോ കൊന്നുതിന്നികയോ ചെയ്യാത്തവരും ഉണ്ട്. ഇവരെല്ലാം ഇന്ത്യക്കാര്‍ തന്നെയാണ്. പയ്യന്നൂരിനടുത്ത് ഒരു ഗ്രാമത്തില്‍ ദേവതാരാധനയുടെ ഭാഗമായി മഞ്ഞളേട്ട എന്ന ഒരു മീനിനെ കൊല്ലാനും തിന്നാനും പാടില്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. ആ വിശ്വാസം ഇന്ത്യയില്‍ മറ്റെവിടെയും ഉള്ളതായി അറിവില്ല. ഇങ്ങനെ ജാതി, പ്രദേശം, ഗോത്രം എന്നീ വ്യത്യാസങ്ങള്‍ക്കനുസരിച്ച് തിന്നുകയും പൂജിക്കുകയും ചെയ്യുന്ന പക്ഷി മൃഗാദികള്‍ക്ക് വ്യത്യാസം വരും. ഈ വിശ്വാസത്തിനെല്ലാമനുസരിച്ച് നിയമം കൊണ്ടുവന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. അങ്ങനെയിരിക്കെ ഒരു ന്യൂനപക്ഷം വരുന്ന ജനതയുടെ വിശ്വാസം ഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ഭക്ഷണശീലം, തൊഴില്‍, സംസ്‌കാരം എന്നിവക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യം എന്ന സങ്കല്‍പ്പത്തിന് നിരക്കുന്നതാണോ എന്ന പ്രാഥമികമായ ചോദ്യമാണ് ഉയരുന്നത്. മനുഷ്യരുടെ ഭക്ഷണശീലം മാറുന്ന ഒന്നാണ്. അത് സംസ്‌കാരത്തിന്റെ ഭാഗമാണ്. ആരോഗ്യത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍, ഭക്ഷണത്തിലെ പുതിയ രീതികള്‍ എന്നിവയെല്ലാം നേരത്തേ സൂചിപ്പിച്ച ആന്തരവിമര്‍ശനത്തിന്റെ ഉള്ളടക്കമായി വരും. ഉള്ളി കഴിക്കരുതെന്ന് കരുതുന്ന ജാതികള്‍ ഇന്ത്യയിലുണ്ട്.  ഉഴുന്ന് കഴിക്കരുതെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ഇതൊന്നും ഗൗരവമായെടുക്കെണ്ടതില്ലെന്ന് തീരുമാനിച്ചത് അതേ ജനതതന്നെയാണ്.manjaletta മത്സ്യ മാംസങ്ങള്‍ക്ക് വിലക്കുള്ള സമുദായങ്ങള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അത് കഴിക്കുന്നതാണ് നല്ലത് എന്ന് തോന്നിയപ്പോള്‍ അവ സ്വീകരിച്ചു. ഇതെല്ലാം ഒരു ജനത സ്വയം നടത്തുന്ന ആന്തരികവിമര്‍ശനത്തിന്റെ ഫലമാണ്. ഹിന്ദുമതത്തിലെ എല്ലാ ജാതികളും അതിലെ വ്യക്തികളുടെ താല്‍പര്യപ്രകാരം മാട്ടിറച്ചി കഴിക്കുന്നവരായി മാറിയതും ഇങ്ങനെയാണ്. ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മാട്ടിറച്ചിയെ മുന്‍നിര്‍ത്തി പ്രത്യേകിച്ച് വിധികളോ വിലക്കുകളോ നിലനില്‍ക്കുന്നില്ല. ഇന്ത്യയിലെ മുസ്‌ലിംകളുടെ ഭക്ഷണരീതി  ഇവിടെ നിലനിന്നിരുന്ന ഭക്ഷണസമ്പ്രദായങ്ങളില്‍നിന്ന് ചിലത് സ്വീകരിച്ചും ചിലത് ഒഴിവാക്കിയും ചിലത് കൂട്ടിച്ചേര്‍ത്തും രൂപപ്പെട്ടതാണ്.

ഇന്ത്യയില്‍ നിലനിന്നിരുന്ന മാട്ടിറച്ചിയുടെ ഉപഭോഗം ഇവിടെയുണ്ടായിരുന്ന മുസ്‌ലിംകള്‍ സ്വീകരിച്ചു എന്നു മാത്രമെയുള്ളൂ. അത് അവര്‍ അവതരിപ്പിച്ച ഭക്ഷണമല്ല. മാട്ടിറച്ചി മുസ്‌ലിം ഐഡന്റിറ്റിയുടെ ഭാഗമായി പില്‍ക്കാലത്ത് ആരോപിക്കപ്പെട്ടതാണ്. ഗോവധത്തെ മുന്‍നിര്‍ത്തി നിരവധി കലാപങ്ങള്‍ ഇന്ത്യയിലുടനീളം ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ വര്‍ഗ്ഗീയ കലാപത്തിന്റെ ചരിത്രത്തില്‍ മാട്ടിറച്ചിയുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 1966 ലാണ് സംഘപരിവാരം ഗോവധം ജനങ്ങളെ ഇളക്കാനുള്ള ഒരു രാഷ്ട്രീയായുധമായി തെരഞ്ഞെടുത്തത്. എന്നാല്‍ അക്കാലത്ത് അത് വേണ്ടവിധം പ്രയോഗിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യയിലെ സെക്കുലര്‍ സമൂഹം അതിനെ ഏറെക്കുറേ ചെറുത്തുനിന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാബറി മസ്ജിദ് തര്‍ക്കവുമായി അവര്‍ രംഗപ്രവേശം ചെയ്തത്. ആധുനിക സന്ദര്‍ഭത്തില്‍ സംസ്‌ക്കാരങ്ങള്‍ പരസ്പരം ഇടകലരുമ്പോള്‍  ഒരോ ജനതയും കാലദേശങ്ങള്‍ക്കനുസരിച്ച് തങ്ങളുടെതായ ആന്തരവിമര്‍ശനം വികസിപ്പിച്ചുകൊണ്ടുവരികയും ഭക്ഷണം, വിശ്വാസം എന്നിവയില്‍ ചില നീക്കുപോക്കുകള്‍ ഉണ്ടാക്കുകയും ചെയ്യും.  അങ്ങനെയാണ് മാട്ടിറച്ചി ഇന്ത്യയിലെ സാമാന്യ ഭക്ഷണമായിത്തീര്‍ന്നത്. അത് ആരും ആരുടെമേലും അടിച്ചേല്‍പ്പിച്ചതല്ല. പൊടുന്നനെ ഗോവധം നിരോധിക്കുകയും അത് ഭക്ഷിക്കുന്നവരെ അടിച്ചുകൊല്ലുകയും ചെയ്യുമ്പോള്‍ ഒരു ജനത എത്രയോ കാലംകൊണ്ട് വികസിപ്പിച്ചെടുത്ത ആന്തരവിമര്‍ശനമാണ് അപ്രസക്തമാകുന്നത്. അത് ഹിന്ദുക്കളും മുസ്‌ലിംകളുമെല്ലാം ചേര്‍ന്ന ഒരു ജനതക്കുമേല്‍ നടത്തുന്ന അതിക്രമമാണ്. ഗോവധം നിരോധിച്ചുകൊണ്ട് പല സംസ്ഥാനളിലും നിയമം പാസാക്കിയിട്ടുണ്ട്. മധ്യപ്രദേശില്‍ 2012 ല്‍ത്തന്നെ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. മറ്റെല്ലാ നിയമങ്ങളെയുംപോലെ ഇതും ഭരണകൂടത്തെ ശക്തിപ്പെടുത്താനും പൗരാവകാശങ്ങളെ നിഷേധിക്കാനുമുള്ള നീക്കമായിരുന്നു. മാട്ടിറച്ചിയുടെ ഉപഭോഗം നിയന്ത്രിക്കുക എന്നതിനെക്കാള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ അടിച്ചമര്‍ത്താനുള്ള ഭരണകൂടഭീകരതയുടെ യുക്തിയായി ഈ നിയമം പ്രവര്‍ത്തിക്കുന്നു. ഒരു ജനതയുടെ നൈസര്‍ഗ്ഗികമായ ആന്തരവിമര്‍ശനത്തെ ഭരണകൂടഭീകരതകൊണ്ട് ആദേശം ചെയ്യുകയാണ് ഫാഷിസം ചെയ്യുന്നത്. മാടിനെ കൊല്ലുന്നതും പൂജിക്കുന്നതും ഒരു ജനത സഹസ്രാബ്ദങ്ങള്‍കൊണ്ട് വികസിപ്പിച്ചെടുക്കുന്ന ലോകബോധത്തിന്റെയും അതിന്റെ ആന്തരവിമര്‍ശനത്തിന്റെയും ഫലമാണ്. ആന്തരവിമര്‍ശനത്തിന്റെ യുക്തി നീതിയുടെ യുക്തിയാണ്. എന്നാല്‍ നിയമത്തിന്റെ യുക്തി അനീതിയുടെ യുക്തിയാണ്. അതുകൊണ്ടാണ് ‘മാടിനെ അറുക്കുന്ന മുസല്‍മാനില്‍നിന്ന് അതിനെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ നിങ്ങള്‍ പാപം ചെയ്തു എന്ന് വിചാരിക്കേണ്ടതില്ല.

എന്നാല്‍ അതിന്റെ പേരില്‍ നിങ്ങള്‍ ഒരു മുസല്‍മാനുമായി അടികലശലുണ്ടാക്കിയാല്‍ അത് കൊടിയപാപമായിരിക്കും’ എന്ന് മഹാത്മജി പറഞ്ഞത്. ഗോവിനെ ആരാധിക്കുകയും സനാതന ഹിന്ദുവാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവാണ് മഹാത്മജി. സ്വന്തം ആന്തരികവിമര്‍ശനത്തിന്റെ ഫലമാണ് ഗാന്ധിജിയുടെ നിലപാട്. അദ്ദേഹം നിയമത്തിനുവേണ്ടിയല്ല നീതിക്കുവേണ്ടിയാണ് സംസാരിച്ചുകൊണ്ടിരുന്നത്. നിയമം നീതിയെ സംരക്ഷിക്കുന്നില്ലെങ്കില്‍ അത് ലംഘിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹമാണ് നമ്മെ പഠിപ്പിച്ചത്.

അതുകൊണ്ടാണ് ഗോവധനിരോധനനിയമത്തെ ലംഘിക്കേണ്ടി വരുന്നത്. അത് പശുക്കള്‍ക്ക് നീതി നല്‍കുന്നില്ല. മുസ്‌ലിംകളെയും ദളിതരെയും വേട്ടയാടാനുള്ള ഒരു കാരണമായി  പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സ്പൃശ്യരെയും അസ്പൃശ്യരെയും വേര്‍തിരിക്കാനുള്ള മാനദണ്ഡവും ഗോമാംസമായിരുന്നു. ഗോമാംസം ഭക്ഷിക്കുന്നവര്‍ അസ്പൃശ്യരും സസ്യാഹാരം കഴിക്കുന്നവര്‍ മാത്രം ശുദ്ധിയുള്ളവരുമായി പരിഗണിക്കപ്പെട്ടു. ഇത് ബുദ്ധനുശേഷം ബ്രാഹ്മണരില്‍വന്ന മാറ്റമാണെന്ന് ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നു. അതിനുമുമ്പ് ബ്രാഹ്മണരും ഗോമാംസം കഴിച്ചിരുന്നതിന് തെളിവുണ്ട്. ഗോമാംസത്തെ പ്രതി ചില ചട്ടങ്ങള്‍ നിലവില്‍വരുന്നത് ബ്രാഹ്മണര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം ലഭിച്ചതോടുകൂടിയായിരിക്കണം. അതേ ചട്ടങ്ങളെ ആധുനിക രാഷ്ട്രസംവിധാനത്തിലേക്ക് കടത്തിക്കൊണ്ടുവരാനാണ് ആര്‍എസ്സ്എസ്സ് ശ്രമിക്കുന്നത്. ഇന്ത്യയിലെ ഭരണകൂടഭീകരതയുടെ നീണ്ട ചരിത്രത്തിലെ മറ്റൊരധ്യായത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. ഭരണകൂട ഭീകരതയെ ദുര്‍ബ്ബലമാക്കാന്‍ ശേഷിയുള്ള ഒരേ ഒരായുധമേ ജനതയുടെ കയ്യിലുള്ളൂ. അതാണ് ആന്തരവിമര്‍ശനം.

Read more on: ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക