|    Jan 17 Tue, 2017 8:45 pm
FLASH NEWS

ആന്തമാന്‍ ഇതിഹാസം

Published : 14th December 2015 | Posted By: swapna en

andamanകെ എന്‍ നവാസ്അലി

കാലില്‍ ചങ്ങലയുമായി ആടിയുലയുന്ന കപ്പലില്‍ നാടുകടത്തിയപ്പോള്‍ മുതല്‍ അവര്‍ കൈദികളാണ് (തടവുകാര്‍). ഒഡീഷയിലെ ജഗനാഥ് പുരിയിലെ മഹാരാജാ ജഗ്പകി ബീര്‍ കിഷോര്‍ സിങിനെ പോലെയുള്ള ഭരണാധികാരികള്‍. ലഖ്‌നോവിലെ ചീഫ് ജഡ്ജിയായിരുന്ന അല്ലാമാ മൗലവി ഫസല്‍ ഹഖ് ഖൈരാബാദിയെ പോലെയുള്ള മതപണ്ഡിതര്‍. രാജ്യം സ്വതന്ത്രമാവാന്‍ വേണ്ടി വാളും തോക്കുമെടുത്തവര്‍. ജനങ്ങളെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രചോദിപ്പിച്ചവര്‍. കടുത്ത ശിക്ഷ തന്നെ വേണമായിരുന്നു സ്വാതന്ത്ര്യസമരയോദ്ധാക്കള്‍ക്ക് നല്‍കാന്‍. അതിനായി തിരഞ്ഞെടുത്ത പ്രദേശമായിരുന്നു ആന്തമാന്‍. വസ്ത്രമുടുക്കാത്ത, പുറമെ നിന്നു വരുന്നവരെ വിഷം പുരട്ടിയ അമ്പെയ്തു കൊല്ലുന്ന ജര്‍വകളുടെ നാട്.KUNDANI 1 അപരിചിതരുടെ തലയില്‍ കല്ലുരുട്ടി വീഴ്ത്തി കൊല്ലുന്ന ആന്തമാനികളുടെ രാജ്യം. ബ്രിട്ടിഷുകാരുടെ ക്രൂരതകള്‍ക്കു മുന്നില്‍ കൈദികള്‍ പടുത്തുയര്‍ത്തിയതാണ് ആന്തമാനിലെ ഓരോ നഗരവും. ബ്രിട്ടിഷുകാരും പിന്നെ ജപ്പാന്‍കാരും ക്രൂരതകള്‍ക്കിരയാക്കിയ ഇന്ത്യന്‍ വംശജരുടെ ചോരയ്ക്കു മുകളിലൂടെയാണ് ആന്തമാന്‍ നാടും നഗരവുമായി പരിണമിച്ചത്. തങ്ങളെ അടച്ചിടാനുള്ള ജയിലും തൂക്കിലേറ്റാനുള്ള കഴുമരവും കൈദികള്‍ തന്നെ നിര്‍മിച്ചു. ഇന്ത്യാ മഹാരാജ്യം ഓര്‍ത്തുവയ്ക്കാതെ വേറിട്ടുപോയതാണ് ആന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ ചരിത്രം. പോര്‍ട്ട്‌ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍ മാത്രമാണ് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താറുള്ളത്. പക്ഷേ, ആന്തമാന്‍ ദ്വീപിലേക്ക് നാടുകടത്തപ്പെട്ടവരുടെ യഥാര്‍ഥചരിത്രങ്ങളില്‍ പലതും പുറംലോകം അറിഞ്ഞിട്ടില്ല.

പിറന്ന നാടിനുവേണ്ടി അവര്‍ താണ്ടിയ ത്യാഗത്തിന്റെ കൊടുമുടികള്‍ കണ്ടിട്ടുമില്ല. പക്ഷേ, ആന്തമാനിലെമ്പാടും അവരുടെ സ്മാരകങ്ങളുണ്ട്. എല്ലായിടത്തും അവരുടെ ഓര്‍മപ്പെടുത്തലുകളുണ്ട്. അവയിലേക്ക് നേരെ നടന്നു കയറിയ, അവരോടൊപ്പം ജീവിച്ച, പലരെയും അടുത്തറിഞ്ഞ ഒരാളുടെ ഓര്‍മപ്പെടുത്തലുകള്‍ നോവലായി പുറത്തിറങ്ങിയിരിക്കുന്നു -1969 മുതല്‍ 40 വര്‍ഷം ആന്തമാന്‍ വൈദ്യുത വകുപ്പില്‍ ജോലി ചെയ്ത കുണ്ടനി മുഹമ്മദ് എന്ന തിരൂര്‍സ്വദേശിയിലൂടെ. നാലു പതിറ്റാണ്ടിന്റെ അനുഭവങ്ങളും നാലര വര്‍ഷത്തെ രചനയുമാണ് ‘കാലാപാനി അധിനിവേശത്തിന്റെ നാള്‍വഴികള്‍’ക്കു പിന്നിലുള്ളത്. കാലാപാനിയില്‍ കൊല്ലപ്പെട്ടവരുടെ മക്കള്‍, കടുത്ത പീഡനത്തിലൂടെ മരണത്തിലേക്ക് താഴ്ന്നുപോയവരുടെ കുടുംബം. ജീവന്‍ ബാക്കിയായവര്‍, അവരില്‍ പലരെയും മുഹമ്മദ് നേരിട്ടു കണ്ടു. ഓര്‍മകള്‍ പകര്‍ത്തിയെഴുതി. അവയില്‍ പലതും ഒരിക്കലും രേഖപ്പെടുത്താനാവാതെ പോയ ചരിത്രമായിരുന്നു.

KAIDIആന്തമാനികളുടെ നേരനുഭവങ്ങള്‍
ആന്തമാനികളുടെ ജീവിതം നേരിട്ടറിഞ്ഞയാളാണ് കുണ്ടനി മുഹമ്മദ്.  2008ല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി വിരമിച്ചു. അദ്ദേഹം ജോലിയുടെ ഭാഗമായി ആന്തമാന്‍ ദ്വീപുകളിലെല്ലായിടത്തും സഞ്ചരിച്ചു. കൈദികളായി ശിക്ഷ അനുഭവിക്കേണ്ടി വന്നവരില്‍ നിന്നു തന്നെയാണ് പല ചരിത്രങ്ങളും ഇദ്ദേഹം നേരിട്ടു കേട്ടത്. ആന്തമാന്‍ ദ്വീപസമൂഹത്തെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും കുറിച്ച് ഏറെ പുസ്തകങ്ങളുണ്ടെങ്കിലും അവിടുത്തെ ജനങ്ങളുമായി സംസാരിച്ച് ഇദ്ദേഹം തയ്യാറാക്കിയ ഈ കൃതി നാല്‍പ്പതു വര്‍ഷത്തെ ആന്തമാന്‍ അനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ടതാണ്. കടുത്ത പീഡനങ്ങളുടെയും തീക്ഷ്ണമായ ചെറുത്തുനില്‍പ്പുകളുടെയും ചരിത്രമാണ് ആന്തമാനുള്ളതെങ്കിലും അവ വിസ്മരിക്കപ്പെടുകയാണെന്ന് മുഹമ്മദ് പറയുന്നു. പുതുതലമുറയെ ചരിത്രത്തിലേക്ക് വഴിനടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ പുസ്തകം തയ്യാറാക്കിയത്. 1921ല്‍ മലബാര്‍ സമരത്തിലൂടെ, ആന്ധ്രയിലും മുംബൈയിലും ചമ്പാരനിലും ബറോഡയിലും തുടങ്ങി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ബ്രിട്ടിഷുകാര്‍ക്കെതിരെ സമരം ചെയ്തവരായിരുന്നു കൈദികളില്‍ അധികവും.

cell life1700കളുടെ അവസാന കാലം മുതല്‍ തന്നെ സ്വാതന്ത്ര്യസമര യോദ്ധാക്കളെ ബ്രിട്ടന്‍ ആന്തമാനിലേക്ക് നാടുകടത്താന്‍ തുടങ്ങിയിരുന്നു. പരമ്പരാഗത നോവലിന്റെ ആദ്യമധ്യാന്തപ്പൊരുത്തമുള്ള ഇതിവൃത്തമൊന്നും ‘കാലാപാനി’യില്‍ കണ്ടെന്നുവരില്ല. എന്നാല്‍, വായനക്കാര്‍ സ്‌തോഭജനകമായ ഒരുപാട് ക്രോണിക്കലുകളിലൂടെ കടന്നുപോവേണ്ടതുണ്ട്. ഇവിടെ ഭാവനയ്ക്കല്ല യാഥാര്‍ഥ്യത്തിനാണ് സാംഗത്യം. ഫിക്ഷനും നോണ്‍ ഫിക്ഷനും തമ്മിലുള്ള അതിരുകള്‍ തന്നെ മാഞ്ഞുപോവുകയാണ്. ഇക്കൊല്ലത്തെ നൊബേല്‍ സമ്മാനം ലഭിച്ച റഷ്യന്‍ എഴുത്തുകാരിയുടെ പല രചനകളും ഇത്തരത്തിലുള്ളതാണ്. ചെര്‍ണോബില്‍ ദുരന്തത്തിനിരയായവരെക്കുറിച്ചുള്ള അവരുടെ കൃതി വായിച്ച് ദിവസങ്ങളോളം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ഒരു സാഹിത്യനിരൂപകന്‍ പറഞ്ഞതോര്‍മിക്കുന്നു. ‘കാലാപാനി’യും ഇരകളില്‍നിന്നും അവരുടെ കുടുംബക്കാരില്‍ നിന്നും കേട്ട വിവരണങ്ങള്‍ സ്വാംശീകരിച്ചാണ് രചിക്കപ്പെട്ടിരിക്കുന്നത്. വാമൊഴിചരിത്രവും ജേണലിസ്റ്റ് റിപോര്‍ട്ടിങും സമന്വയിക്കുകയാണിവിടെ. ഉറക്കം കെടുത്തുന്ന അനുഭവങ്ങള്‍ തന്നെയാണ് ഇതിലുമുള്ളത്. മനുഷ്യനു മനുഷ്യനോട് ഇത്രമാത്രം ക്രൂരത ചെയ്യാനാവുമോ എന്നോര്‍ത്തുപോവും.

1789 സപ്തംബറില്‍ റോയല്‍ ഇന്ത്യന്‍ നേവിയിലെ ലഫ്റ്റനന്റ ആര്‍ക്കിബാര്‍ഡ് ബ്ലെയറിന്റെ നേതൃത്വത്തില്‍ 199 കൈദികളുമായി സൈന്യം ആന്തമാനിലെത്തി. ബ്രിട്ടിഷുകാരെ ചെറുത്ത നാട്ടുരാജാക്കന്‍മാരും അവരുടെ പട്ടാളക്കാരുമായിരുന്നു തടവുകാരായി പിടിക്കപ്പെട്ട് ആന്തമാനിലെത്തിയതെന്ന് മുഹമ്മദ് വിവരിച്ചു. അവര്‍ കപ്പലിറങ്ങിയ ദ്വീപിന് ചാത്തം എന്നു പേരിട്ടു. കൈദികളെ ഉപയോഗിച്ച് കാട് വെട്ടിത്തെളിയിച്ചു. പട്ടാള ബാരക്കുകളും ബോട്ട് ജെട്ടിയും നിര്‍മിച്ചു. ഇന്ത്യയില്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ സായുധസമരം ശക്തമാകുന്നതിനനുസരിച്ച് ആന്തമാനിലേക്ക് കൈദികളുടെ വരവ് തുടര്‍ന്നുകൊണ്ടേയിരുന്നു.

മഹാരാജാ കിഷോര്‍ സിങിന്റെ മരണം
ബംഗാളിലെ, ഒഡീഷയിലെ, ബിഹാറിലെ, ഡല്‍ഹിയിലെ, മഹാരാഷ്ട്രയിലെ, പഞ്ചാബിലെ, ലഖ്‌നോവിലെ വിപ്ലവകാരികള്‍ ചങ്ങലയോടെ കടലിലേക്കിറങ്ങി. അവരുടെ വിയര്‍പ്പില്‍നിന്നാണ് ആന്തമാനിന്റെ നിര്‍മിതി തുടങ്ങിയത്. 1857ലെ ശിപായി ലഹളയില്‍ പിടിക്കപ്പെട്ടവരുമായി 1858 മാര്‍ച്ച് 10ന് എസ്എസ് സെമിറാസിസ് കപ്പല്‍ ആന്തമാനിലെത്തി. ചങ്ങലകളാല്‍ പരസ്പരം ബന്ധിക്കപ്പെട്ട കൈദികള്‍. അവശനായി കപ്പലില്‍ കിടന്നിരുന്ന ഒഡീഷയിലെ മഹാരാജാ ജഗ്പകി ബീര്‍ കിഷോര്‍ സിങിനെയാണ് ആദ്യം കപ്പലില്‍നിന്നു വെള്ളത്തിലേക്കു തള്ളിയിട്ടത്. രാഷ്ട്രീയ തടവുകാരാണെങ്കിലും കൈദികളെ അടിമകളെപ്പോലെയാണ് ബ്രിട്ടിഷുകാര്‍ പരിഗണിച്ചത്. ചങ്ങലയില്‍ നിന്ന് ഒരു നേരവും മോചനമില്ലായിരുന്നു. കഠിന ജോലികള്‍ നല്‍കി. മഹാരാജാ കിഷോര്‍ സിങിനെ മരം മുറിക്കാന്‍ ഏല്‍പ്പിച്ചു. തളര്‍ന്നുവീണപ്പോള്‍ തോക്കിന്‍ പാത്തി കൊണ്ട് അടിച്ചു. രോഗം വന്ന് എഴുന്നേല്‍ക്കാനാവാതെ കിടന്നപ്പോള്‍ ചങ്ങലയില്‍ വലിച്ചിഴച്ച് പണിസ്ഥലത്തേക്കു കൊണ്ടുവന്നു. രോഗവും പട്ടിണിയും കാരണം ദയനീയമായ മരണമായിരുന്നു അദ്ദേഹത്തിന്റേത്. പകല്‍സമയത്ത് കൈദികളെ ഒന്നിച്ച് ചങ്ങലയ്ക്കിട്ടായിരുന്നു പണിസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നത്. ചാട്ടവാറും തോക്കിന്റെ പാത്തിയും കൊണ്ടുള്ള അടിയേറ്റ് പലരുടെയും ദേഹം പൊട്ടിയൊലിച്ചിരുന്നു.

KUNDANI2ചാക്ക് കൊണ്ടുണ്ടാക്കിയ ട്രൗസറും മുറികൈയന്‍ ഉടുപ്പുമായിരുന്നു വേഷം. വേണ്ടത്ര ഭക്ഷണമില്ലാതെ ചികില്‍സയില്ലാതെ നരകയാതനയായിരുന്നു കൈദികള്‍ക്ക് അനുഭവിക്കേണ്ടി വന്നത്. വര്‍ഷത്തില്‍ അധികദിവസവും മഴ പെയ്യുന്ന ആന്തമാനില്‍ പുറത്തായിരുന്നു കൈദികള്‍ അന്തിയുറങ്ങിയിരുന്നത്. ഒറ്റ ചങ്ങലയില്‍ പരസ്പരം  കെട്ടിയിടപ്പെട്ട കൈദികള്‍ മഴ നനഞ്ഞ് വെറും മണ്ണില്‍ നിരന്നുകിടന്നു. മണ്ണില്‍ അരിച്ചെത്തി കടിക്കുന്ന തേളിനെ എടുത്തു മാറ്റാനാവാതെ കരഞ്ഞ കൈദികളെ ഒച്ചയുണ്ടാക്കിയതിന്റെ പേരിലും ബ്രിട്ടിഷ് പട്ടാളക്കാര്‍ മര്‍ദ്ദിച്ചു. നേരം പുലരുമ്പോഴേക്കും പലരും മരിച്ചിരുന്നു. മരിച്ചവരെ കൂട്ടത്തോടെ കുഴി കുത്തി അതിലിടാനായിരുന്നു കല്‍പ്പന.

അതി കഠിനമായ ജോലി. കുറഞ്ഞ ഭക്ഷണം. ദാഹിച്ചാല്‍ വിയര്‍പ്പു നക്കി ദാഹം മാറ്റി. കുടിക്കാന്‍ ലഭിച്ചിരുന്ന അല്‍പ്പ വെള്ളം മരിക്കാറായ സഹതടവുകാര്‍ക്ക് നല്‍കാനായി മാറ്റിവെച്ച ഒരാളുടെ കഥ മുഹമ്മദ് എഴതുന്നുണ്ട്. മണ്ണും ചളിയും പുരണ്ട് ആഴ്ചകളോളം വൃത്തിയാക്കാതിരുന്ന വസ്ത്രമായിരുന്നു കൈദികളുടേത്. അതു മാത്രമായിരുന്നു അവര്‍ക്കു സ്വന്തമായി ഉണ്ടായിരുന്നത്. ഒളിച്ചോടിയാല്‍ എത്താനുള്ളത് അമ്പും വില്ലുമായി കാത്തിരിക്കുന്ന ജര്‍വകളുടെ മുന്നിലേക്കായിരുന്നു. മരണം ഉറപ്പ്. എന്നിട്ടും കൈദിള്‍ ഒളിച്ചോടി. അഭിമാനത്തോടെ മരിക്കാന്‍ വേണ്ടി. അങ്ങനെ ഒളിച്ചോടിയ 87 കൈദികള്‍ . ദിവസങ്ങള്‍ക്കകം പിടിയിലായി. ഒന്നിച്ചു കുഴിച്ചിടാനുള്ള കൂട്ടക്കുഴിമാടം അവരെ കൊണ്ടുതന്നെ തയ്യാറാക്കിച്ച ശേഷം എല്ലാവരെയും മറ്റു കൈദികളുടെ മുന്നില്‍വച്ച് തൂക്കിക്കൊന്നു.

തൂക്കിക്കൊലകള്‍ എല്ലാ ദിവസങ്ങളിലുമുണ്ടായി. പ്രാര്‍ഥന പോലും വിലക്കപ്പെട്ടിരുന്നു. പ്രമുഖ പണ്ഡിതനായ ഫസല്‍ ഹഖ് ഖൈരാബാദിയെ നമസ്‌കരിച്ചതിന്റെ പേരില്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയാക്കി. നമസ്‌കാരത്തില്‍ ഉറക്കെ ഓതിയതിന് വായില്‍ മണ്ണു നിറച്ചു. നെറ്റിത്തടം മണ്ണിലൂടെ ഉരച്ചു. ബ്രിട്ടിഷുകാര്‍ക്കെതിരേ പോരാടാന്‍ ഫത്‌വ (മതവിധി) നല്‍കിയതിനാണ് അദ്ദേഹത്തെ ലഖ്‌നോവില്‍ നിന്നും തടവുകാരനായി പിടിച്ച് നാടുകടത്തിയത്. ആന്തമാനിലും അദ്ദേഹം ബ്രിട്ടിഷുകാര്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ കൈദികളെ പ്രേരിപ്പിച്ചു. ഖൈരാബാദിയെ തൂക്കിലേറ്റാന്‍ പട്ടാളം തീരുമാനിച്ചു. തൂക്കിക്കൊല്ലുന്നത് കാണാന്‍ കൈദികളെ ജയിലിലെത്തിച്ചു. തൂക്കുകയറിനു മുന്നില്‍ നിന്ന് അദ്ദേഹം അവരോടു പറഞ്ഞു- ‘ഹിന്ദുസ്ഥാനികള്‍ എന്നായാലും ജന്മാവകാശമായ ഭരണം തിരിച്ചു പിടിക്കണം. ഇതെന്റ് ഒസിയത്താണ് മറക്കാതിരിക്കുക. പീഡനങ്ങള്‍ക്കിടയിലും ഓര്‍ത്തുകൊണ്ടേയിരിക്കുക.’ തൂക്കിലേറ്റപ്പെട്ട  ഖൈരാബാദിയുടെ മൃതദേഹവും കൂട്ടക്കുഴിമാടത്തിലേക്കു തള്ളി, മതപരമായ ഒരു ചടങ്ങുകളുമില്ലാതെ.
1950കളില്‍ പോര്‍ട്ട് ബ്ലെയറിലെ അബര്‍ധീല്‍ ബസാറിലൂടെ നീണ്ടുനിവര്‍ന്നു നടന്നിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ക്രൂരതകളുടെ ആവര്‍ത്തനത്തിലൂടെ കാലം അവശേഷിപ്പിച്ച ഒരാള്‍, സൗദാഗര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ജപ്പാന്‍ സൈന്യം ഹംഫ്രി ഗഞ്ജില്‍ 44 ഐഎന്‍എക്കാരെ കൊന്നതിനു സാക്ഷിയായിരുന്നു സൗദാഗര്‍. ഹാവ്‌ലോക്കിലെ കൂട്ടക്കൊലയും അദ്ദേഹം നേരിട്ടു കണ്ടിരുന്നു. ജപ്പാന്‍ സൈന്യത്തിന്റെ തോക്കിനു മുന്നില്‍ നിന്ന് അദ്ദേഹവും മറ്റൊരാളും മാത്രമാണ് കൂട്ടക്കൊലയില്‍പ്പെടാതെ രക്ഷപ്പെട്ടത്. പീഡനങ്ങളെല്ലാം അതിജീവിച്ച് രാജ്യം സ്വതന്ത്രമാകുന്നതിനും അദ്ദേഹം സാക്ഷിയായി. ആന്തമാനിലെ ജീവിക്കുന്ന ഇതിഹാസമായിരുന്നു സൗദാഗര്‍. അദ്ദേഹത്തില്‍നിന്നുള്ള വിവരങ്ങളും അദ്ദേഹം തന്നെയും കുണ്ടനി മുഹമ്മദിന്റെ നോവലില്‍ വെളിപ്പെടുന്നുണ്ട്.

തുടര്‍ന്നു വായിക്കുക

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 168 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക