|    Nov 22 Wed, 2017 4:17 pm
FLASH NEWS

ആനുകൂല്യ വിതരണം; എച്ച്‌ഐവി ബാധിതരെ അവഗണിക്കുന്നു

Published : 6th September 2016 | Posted By: SMR

മാനന്തവാടി: ഓണത്തിന് മുമ്പായി വിവിധ ക്ഷേമ പെന്‍ഷനുകളുള്‍പ്പെടെ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ വീടുകളിലെത്തിച്ചു നല്‍കുമ്പോള്‍ ഒന്നര വര്‍ഷമായി സംസ്ഥാനത്തെ എച്ച്‌ഐവി ബാധിതര്‍ക്ക് മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ നടപടിയില്ല.
സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖേന നല്‍കിവന്ന ആനുകൂല്യങ്ങളാണ് മുടങ്ങിക്കിടക്കുന്നത്. എച്ച്‌ഐവി ബാധിതര്‍ എആര്‍ടി കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനനുസരിച്ച് ആവശ്യമായ മരുന്നുകളും യാത്രാക്കൂലിയും പ്രതിമാസ പെന്‍ഷനുമായിരുന്നു 2012 മുതല്‍ നല്‍കിവന്നത്.
400 രൂപ പെന്‍ഷന്‍, 120 രൂപാ യാത്രാക്കൂലി എന്നിവയായിരുന്നു ജില്ലയിലെ രോഗികള്‍ക്ക് ലഭിച്ചിരുന്നത്. 2015 മുതല്‍ പെന്‍ഷന്‍ തുക 1,000 രൂപയാക്കി ഉയര്‍ത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപനവുമുണ്ടായി.
എന്നാല്‍, ഒന്നര വര്‍ഷമായിട്ടും ഉയര്‍ത്തിയ തുക പോയിട്ട് നേരത്തെ ലഭിച്ചുകൊണ്ടിരുന്ന 400 രൂപ പോലും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
എല്ലാ മാസവും മരുന്നു വാങ്ങാനായി എആര്‍ടി കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ജില്ലയില്‍ നിന്നുള്ളവര്‍ പോവേണ്ടത്. ഇതിനുള്ള യാത്രാക്കൂലി പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. ജില്ലയില്‍ മാത്രം ആദിവാസി വിഭാഗത്തില്‍ നിന്നുള്‍പ്പെടെ 250ഓളം കുടുബങ്ങളാണ് നിലവില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മരുന്നുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയെ ആശ്രയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക