|    Jul 24 Mon, 2017 10:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആനുകൂല്യങ്ങള്‍ പറ്റിയശേഷം മുന്നണി വിടുന്നത് ശരിയല്ലന്ന് ആര്‍എസ് പി

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: യുഡിഎഫ് വിടാനുള്ള ജെഡിയു നീക്കത്തിനെതിരേ വിമര്‍ശനവുമായി ആര്‍എസ്പി. ആനുകൂല്യങ്ങള്‍ പറ്റിയശേഷം മുന്നണി വിടുന്നത് ശരിയായ രീതിയല്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. മുന്നണി മാറ്റമുണ്ടാകുമ്പോള്‍ കഷ്ടനഷ്ടങ്ങളുണ്ടാവും. യുഡിഎഫില്‍ അര്‍ഹമായ സ്ഥാനം കിട്ടുന്നില്ലെന്ന പരാതി ആര്‍എസ്പിക്കുമുണ്ട്. എന്നാല്‍, അതിന്റെ പേരില്‍ മുന്നണി വിടാനില്ലെന്നും അസീസ് പറഞ്ഞു.  നിലവിലെ സാഹചര്യത്തില്‍ യുഡിഎഫില്‍ നിന്നുകൊണ്ട് പാര്‍ട്ടിക്ക് വിജയങ്ങള്‍ നേടാന്‍ സാധിക്കില്ലെന്ന് ജെഡിയു ജന. സെക്രട്ടറി ശെയ്ഖ് പി ഹാരിസ് പ്രതികരിച്ചു. യുഡിഎഫില്‍ ചേര്‍ന്നശേഷം പാര്‍ട്ടിക്ക് നഷ്ടങ്ങള്‍ മാത്രമാണുണ്ടായത്. അല്ലാതെ ഒരു പ്രയോജനവുമില്ല. ഒരു രാജ്യസഭാ എംപി സ്ഥാനം മാത്രമാണ് കിട്ടിയത്്. രാഷ്ട്രീയമാറ്റം ആവശ്യമെങ്കില്‍ ആലോചിക്കുമെന്ന് ദേശീയ സെക്രട്ടറി എം വി ശ്രേയാംസ്‌കുമാറും പറഞ്ഞു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിന്റെ പേരിലാണ് ജനതാദള്‍ സിപിഎമ്മുമായി ഇടഞ്ഞത്. മുന്നണി വിട്ടശേഷം യുഡിഎഫിനെ പുറത്തുനിന്ന് പിന്തുണച്ചു. പിന്നീട് യുഡിഎഫില്‍ കയറിക്കൂടി. 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റ് ലഭിച്ചു. ഇവിടെ മല്‍സരിച്ച വീരേന്ദ്രകുമാര്‍ തോറ്റു. ഘടകകക്ഷികള്‍ കാലുവാരിയെന്ന് വിമര്‍ശനം ഉയര്‍ന്നതോടെ വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റു നല്‍കി. തുടര്‍ന്നെത്തിയ നിയമസഭാ തിരഞ്ഞെടുപ്പിനും അര്‍ഹമായ ആനുകൂല്യം നല്‍കിയില്ലെന്ന് പാര്‍ട്ടി പരാതി ഉന്നയിച്ചു. മല്‍സരിച്ച സീറ്റുകളില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന് ബോധ്യപ്പെട്ടതോടെ യുഡിഎഫ് വിടണമെന്ന ആവശ്യം ശക്തമായി. എന്നാല്‍, ഈ നീക്കത്തോട് മുതിര്‍ന്ന നേതാക്കളായ കെ പി മോഹനനും മനയത്ത് ചന്ദ്രനും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം മാറ്റിവച്ചു.  ഇതിനുപിന്നാലെ ദേശീയരാഷ്ട്രീയത്തില്‍ നിതീഷ്‌കുമാര്‍ ബിജെപി ചായ്‌വ് പ്രകടിപ്പിച്ചതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സ്വതന്ത്ര നിലപാട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് ഇടതുപാളയത്തിലേക്ക് തിരികെപ്പോവാന്‍ ജെഡിയു നീക്കം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക