|    Jun 19 Tue, 2018 6:52 am

ആനവാല്‍ മോതിരത്തിന് അംഗീകാരം; ശ്രദ്ധയാകര്‍ഷിച്ച് ത്വയ്ബ ഫാത്വിമ

Published : 29th January 2017 | Posted By: fsq

 

കുമളി: കുമളി സ്വദേശിനിയായ നാലു വയസ്സുകാരി അഭിനയിച്ച ആനവാല്‍ മോതിരം എന്ന ഹ്രസ്വ ചിത്രത്തിന് ദേശീയ അംഗീകാരം. കുമളി താമരക്കണ്ടം ഇമ്രാന്‍ മന്‍സിലില്‍ ഇസ്മായിലിന്റെ മകള്‍ ത്വയ്ബ ഫാത്വിമയാണ് ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയാവുന്നത്. മുംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യെസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മത്സരത്തിലൂടെയാണ് ചിത്രത്തിന് ദേശീയ അംഗീകാരം ലഭിച്ചത്. 1.2 മില്യന്‍ എന്‍ട്രികളാണ് മത്സരത്തിന് ലഭിച്ചത്. കോര്‍പറേറ്റ്, സര്‍ക്കാര്‍ ഇതര സംഘടനകള്‍, വിദ്യാര്‍ഥികള്‍, പൊതു വിഭാഗം എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം. സ്ത്രീ ശാക്തീകരണം, വാര്‍ത്താ താരങ്ങള്‍ ഉള്‍പ്പെടെ15 വിഷയങ്ങളാണ് മത്സരത്തിനായി സംഘാടകര്‍ നല്‍കിയിരുന്നത്. സാമൂഹിക പ്രതിബദ്ധതയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള പ്രമേയങ്ങളാണ് മത്സരാത്ഥികള്‍ക്ക് നല്‍കിയിരുന്നത്. വിഷയം ലഭിക്കുന്ന സമയം മുതല്‍ 101 മണിക്കൂറിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുക എന്ന വെല്ലുവിളിയാണ് അണിയറ പ്രവര്‍ത്തകര്‍ നേരിട്ടത്. എന്നാല്‍ ഇതിന്റെ പകുതി സമയത്തിനുള്ളില്‍ ചിത്രീകരണവും എഡിറ്റിംഗും ഉള്‍പ്പടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി സംവിധായകന്‍ അഖില്‍ എസ് പ്രവീണ്‍ പറഞ്ഞു. മനുഷ്യന് മാത്രമല്ല എല്ലാ ജീവികള്‍ക്കും വേദനയുണ്ട് എന്നതിനൊപ്പം ലഹരി വിരുദ്ധ സന്ദേശം കൂടിയാണ് പൊതു വിഭാഗത്തില്‍ മത്സരിച്ച മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ആനവാല്‍ മോതിരമെന്ന ഈ ചിത്രം നല്‍കുന്നത്. കുമളി സെന്റ്. തോമസ് സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ് ത്വയ്ബ ഫാത്വിമ. തന്‍മയത്വത്തോടെയുള്ള മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഫെബ്രുവരി 9 ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരം അഭിഷേക് ബച്ചനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങും. ത്വയിബയെ കൂടാതെ ഹാപ്പി വെഡ്ഡിങ്,അയാള്‍ ശശി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്ത വിനോദ് തോമസിനൊപ്പം ‘മോട്ടി’ എന്ന ആനയും ചിത്രത്തിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss