|    Aug 23 Wed, 2017 7:07 pm
FLASH NEWS

ആനയെ മാറ്റാന്‍ നടപടി തുടങ്ങി

Published : 4th August 2017 | Posted By: fsq

 

ഇരിട്ടി: ആറളം ഫാമില്‍ വച്ച് വനംവകുപ്പ് പിടികൂടി കൂട്ടിലടച്ച ചുള്ളിക്കൊമ്പന്‍ ശിവ മെരുങ്ങിയതിനെ തുടര്‍ന്ന് ആനയെ മാറ്റാന്‍ വനംവകുപ്പ്് നടപടി തുടങ്ങി. പ്രശസ്ത മയക്കുവെടി വിദഗ്ധന്‍ വെറ്ററിനറി സര്‍ജന്‍  അരുണ്‍ സക്കറിയ ആനയെ പരിശോധിച്ച ശേഷം ആന മാറ്റാവുന്ന വിധം മെരുങ്ങുയതായി വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ക്കു റിപോര്‍ട്ട് നല്‍കി. മെരുങ്ങിയ ആനയെ മുത്തങ്ങയിലെക്കോ കോടനാട്ടേക്കോയാണ് മാറ്റാന്‍ ആലോചിക്കുന്നത്്. മുത്തങ്ങയിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് അധികൃതര്‍. കോടനാട്ടേക്കുള്ള ഭൂരവും മറ്റൊരു ആനയെ അവിടെ മെരുക്കിയെടുക്കുന്നതിലുമാണിത്. മെരുങ്ങിയ ചുള്ളിക്കൊമ്പനെ ആറളത്തു തന്നെ നിര്‍ത്തി കുങ്കിയാനയാക്കാനുള്ള പരിശീലനം നല്‍കണമെന്ന അവശ്യവും ഉയര്‍ന്നിട്ടുണ്ട്. ആനയെ മാറ്റുമ്പോള്‍ കൂടെ മയക്കുവെടി വിദഗ്ധനും ഉണ്ടായിരിക്കണം. അതുകൊണ്ടു തന്നെ മയക്കുവെടി വിദഗ്ധന്റെ  ഉചിതമായ സമയംകൂടി കണക്കാക്കിയാണ് മാറ്റുക. ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയില്‍ നിത്യശല്യക്കാരനും നാലോളം പേരെ കൊലപ്പെടുത്തുകയും ചെയ്ത ചുള്ളിക്കൊമ്പനെ കഴിഞ്ഞ മെയ് 20നാണ് വനം വകുപ്പ് അതി സാഹസികമായി മയക്കുവെടി വച്ച് മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി കൂട്ടിലടച്ചത്. ആനയുടെ കരുത്തും കൂട് തകര്‍ക്കാന്‍ നടത്തിയ ശ്രമവും ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധി തവണയാണ് ആന യൂക്കാലിപ്റ്റസ് മരങ്ങള്‍ കൊണ്ട് തീര്‍ത്ത കൂടിന്റെ അഴികള്‍ തകര്‍ത്തത്. എന്നാല്‍ 20 ദിവസത്തിനകം ആന ശാന്തശീലനാവുകയും വനംവകുപ്പ് പ്രത്യേകം തയ്യാറാക്കി നല്‍കിയ ചോറടക്കമുള്ള ഭക്ഷണം കഴിക്കാനും തുടങ്ങി. വനം മന്ത്രി കെ രാജു ആറളം വന്യജീവി സങ്കേതത്തിലെത്തിയാണ് ചുള്ളിക്കൊമ്പന് ശിവ എന്ന പേരുവിളിച്ചത്. വിദഗ്ധ പരിശീലനം ലഭിച്ച പാപ്പാന്‍ കെ പി വിജയന്റെ നേതൃത്വത്തില്‍ മൂന്ന് പാപ്പാന്‍മാരാണ് ആനയെ രണ്ടുമാസം കൊണ്ട് മെരുക്കിയെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക