|    Jan 25 Wed, 2017 1:06 am
FLASH NEWS

ആനയുടെ ദുരന്തം; പാപ്പാന്‍മാരുടെയും

Published : 9th April 2016 | Posted By: SMR

തടിപിടിക്കുന്നതിനിടയില്‍ ഇടഞ്ഞ ആന കോട്ടയത്ത് രണ്ടു പാപ്പാന്‍മാരെ ദാരുണമായി കുത്തിക്കൊന്നു. അതിനു തൊട്ടുമുമ്പാണ് തിരുവനന്തപുരം ജില്ലയിലെ തൃക്കണാപുരത്ത് ക്ഷേത്രോല്‍സവത്തിനു കൊണ്ടുവന്ന ആന പാപ്പാനെ കൊന്നു കുളത്തിലാഴ്ത്തിയത്. ഉല്‍സവകാലമാവുന്നതോടെ ആനവിരണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വ്യാപകമാവുന്ന സാഹചര്യം കേരളത്തിലുണ്ട്. വേനല്‍ക്കാലത്താണല്ലോ ക്ഷേത്രോല്‍സവങ്ങളും പള്ളിപ്പെരുന്നാളുകളും നേര്‍ച്ചകളുമെല്ലാം നടക്കുന്നത്. ഇത്തരം ചടങ്ങുകളില്‍ ആന അനുപേക്ഷണീയ ഘടകമാണ്. കടുത്ത ചൂട് സഹിക്കാനാവാത്തതുമൂലമാണത്രെ ആനകള്‍ കുഴപ്പമുണ്ടാക്കുന്നത്. മദമിളകുകയും അത്യുഷ്ണം സഹിക്കാനാവാതെ പ്രയാസപ്പെടുകയും ചെയ്യുന്ന ഈ മൃഗങ്ങളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ പലപ്പോഴും പാപ്പാന്‍മാര്‍ പരാജയപ്പെടുന്നു. അതാണ് ദുരന്തങ്ങളില്‍ അവസാനിക്കുന്നത്.
ആന മൗലികമായി ഒരു കാട്ടുമൃഗമാണ്. മനുഷ്യന്‍ അതികഠിനമായ മര്‍ദ്ദനമുറകള്‍ പ്രയോഗിച്ച് മെരുക്കിയെടുത്ത് തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നുണ്ടെങ്കില്‍ത്തന്നെയും ഈ മൃഗങ്ങളുടെ മനോമണ്ഡലങ്ങളിലെവിടെയോ പഴയ വന്യസ്മൃതികള്‍ ഉറങ്ങിക്കിടക്കുന്നുണ്ടാവും. വൈലോപ്പിള്ളി സഹ്യന്റെ മകനില്‍ എഴുതിയപോലെ ഉല്‍സവപ്പറമ്പില്‍ നില്‍ക്കുന്ന ഗജകേസരിക്ക് തന്റെ മുമ്പില്‍ അണിനിരന്ന മറ്റ് ആനകള്‍ കരിമ്പാറകളായും അവയുടെ നെറ്റിപ്പട്ടങ്ങള്‍ പൊന്നരുവികളായും തോന്നിയേക്കാം. ‘മലവാകള്‍ പൂത്തു മാണിക്യമുതിര്‍ക്കുന്നതായും മലയാനിലന്‍ വന്നു മസ്തകം തലോടുന്നതായും’ മറ്റുമുള്ള സ്മൃതികള്‍ അവയുടെ മനോമണ്ഡലത്തില്‍ ഉണരുന്നുണ്ടാവാം. ഈ സന്ദര്‍ഭത്തിലാണ് ഉല്‍സവപ്പറമ്പുകളിലെ കൊടിയ ചൂടില്‍ അവ കഠിനയാതനകള്‍ക്കു വിധേയമാവുന്നത്. അല്ലെങ്കില്‍ കനത്ത ദേഹാധ്വാനം ആവശ്യമുള്ള തടിപിടിത്തം പോലെയുള്ള പണികള്‍ക്ക് നിയോഗിക്കപ്പെടുന്നത്. ആനകള്‍ അനുഭവിക്കുന്ന യാതനകള്‍ മൃഗസ്‌നേഹികള്‍ വേണ്ടരീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണു സത്യം. അതുമൂലം ഓരോ കൊല്ലവും ആനകളെ പരിചരിക്കാന്‍ നിയുക്തരായ ഒട്ടേറെ പാപ്പാന്‍മാര്‍ അപമൃത്യുവിനിരയാവുന്നു. ഹതഭാഗ്യരായ ഈ മനുഷ്യരെക്കൊണ്ട് നാം എക്കാലവും ‘കൊലച്ചോറ്’ തീറ്റിക്കേണ്ടതുണ്ടോ?
പ്രധാനമായും ഇന്ന് ആനകളെ മതപരമായ ഉല്‍സവങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഉല്‍സവത്തിന്റെ പൊലിമ നിജപ്പെടുത്തുന്നത് തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ തലയെടുപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ്. ഓരോരോ പ്രദേശത്തിന്റെയും പേരില്‍ അറിയപ്പെടുന്ന ഒട്ടേറെ ആനക്കൊമ്പന്‍മാര്‍ നമ്മുടെ നാട്ടിലുണ്ട്. ഈ ആനകള്‍ക്ക് ഒട്ടേറെ ആരാധകരുണ്ട്. നമ്മുടെ നാട്ടില്‍ ആനയോട്ടങ്ങള്‍ നടക്കാറുണ്ട്. ചുരുക്കത്തില്‍ ആനകള്‍ നമ്മുടെ ക്ഷേത്രോല്‍സവ സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. പക്ഷേ, ആനയെ സ്‌നേഹിക്കുന്ന ആരാധകവൃന്ദത്തിനറിയില്ല പൊരിവെയിലില്‍ ഈ സാധുമൃഗങ്ങള്‍ അനുഭവിക്കുന്ന പെടാപ്പാടുകള്‍.
ആനകളെ മെരുക്കിയെടുക്കാന്‍ കഠിനമായ ശിക്ഷാവിധികളാണ് പ്രയോഗിക്കുന്നത്. കാലില്‍ മുറിവുണ്ടാക്കിയാണ് അവയെ തളയ്ക്കുന്നത്. കൂടാതെ കഠിനമായ ഭേദ്യത്തിനും മൃഗങ്ങള്‍ വിധേയമാവുന്നു. ഇമ്മട്ടില്‍ വേദനയനുഭവിക്കുന്ന ആനകള്‍, അനിയന്ത്രിതമായ സാഹചര്യങ്ങളിലാണ് ഇടയുന്നതും കണ്ണില്‍ കണ്ടതൊക്കെ നശിപ്പിക്കുന്നതും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 178 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക