|    Jul 21 Sat, 2018 4:00 am
FLASH NEWS

ആനയിറങ്കലില്‍ വീണ്ടും കാട്ടാന ആക്രമണം

Published : 5th August 2017 | Posted By: fsq

 

അടിമാലി: ആനയിറങ്കലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. എസ്‌റ്റേറ്റ് ലെയ്ന്‍സില്‍ ഇറങ്ങിയ മുറിവാലന്‍ ഒറ്റയാന്‍ റേഷന്‍കട ആക്രമിച്ച് ജനാലകളും മേല്‍ക്കൂരയിലെ ഷീറ്റ് മേച്ചിലും തകര്‍ത്തു. മുറ്റത്ത് നിത്തിയിട്ടിരുന്ന ബൊലേറോ പിക്ള്‍അപ്പി ല്‍ കുത്തി ചില്ല് തകര്‍ക്കുകയും തള്ളി മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു.സമീപത്തെ പെട്ടിക്കട മറിച്ചിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളിള്‍ പണിമുടക്കി കൊച്ചിധനുഷ്‌ക്കോടി ദേശീയപാത ഉപരോധിച്ചു.പത്ത് ദിവസത്തിനകം ആനയെ പിടിക്കുടി നീക്കം ചെയ്യാമെന്ന് ദേവികുളം റെയ്ഞ്ച് ഓഫീസര്‍ നിബു കിരണ്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണു ഉപരോധം അവസാനിപ്പിച്ചത്. രാത്രി പന്ത്രണ്ടരയോടെയാണു ‘മുറിവാലന്‍ കൊമ്പന്‍’ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഒറ്റയാന്‍ ഇറങ്ങിയത്. മുന്നൂറോളം കുടുംബങ്ങളാണു ഇവിടെ താമസിക്കുന്നത്. എം.എം രവീന്ദ്രന്‍ നടത്തുന്ന റേഷന്‍കടയും അങ്കണവാടിയും ചേര്‍ന്ന കെട്ടിടത്തിന്റെ ഭിത്തി തള്ളി വീഴ്ത്തി കടയ്ക്കുള്ളില്‍ കയറുവാനാണു ആന ആദ്യം ശ്രമിച്ചത്.എന്നാല്‍ കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച പഴയ കെട്ടിടമായതിനാല്‍ ഇത് വിജയിച്ചില്ല.തുടര്‍ന്ന് കെട്ടിടത്തിന്റെ രണ്ട് ജനാലകളുടെ കമ്പികള്‍ ഇളക്കിമാറ്റി.ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന അരിയും പഞ്ചസാരയും തിന്നുകയായിരുന്നു ലക്ഷ്യം.ഇത് സാധിക്കാതെ വന്നതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ മുന്‍വശത്തെ ആസ്ബസ്‌റ്റോസ് ഷീറ്റുമേച്ചിലുകള്‍ അടിച്ച് തകര്‍ത്തു. ആനയിറങ്കല്‍ സ്വദേശി മൂര്‍ത്തിയുടെ  ബൊലേറോ പിക്ക് അപ്പ് ജീപ്പ് ഈസമയം മുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു .ഇതിനു നേര്‍ക്ക് തിരിഞ്ഞ ആന വണ്ടിയുടെ പിന്‍ഭാഗത്ത് മൂന്നിടത്ത് കൊമ്പ് കുത്തിയിറക്കുകയും,വശങ്ങളിലെ ചില്ല് തകര്‍ക്കുകയും തള്ളി മറിച്ചിടുവാന്‍ ശ്രമിക്കുകയും മുന്നോട്ട് ഉന്തി നീക്കുകയും ചെയ്തു. കാട്ടാന ആക്രമണം നടത്തുന്ന ശബ്ദം കേട്ട് വീടുകളില്‍ ഉറങ്ങിക്കിടന്നിരുന്നവര്‍ പുറത്തിറങ്ങി ബഹളം വച്ചു.തൊഴിലാളികള്‍ ഇടതിങ്ങി പാര്‍ക്കുന്ന ലെയിന്‍ കെട്ടിടങ്ങളുടെ നേര്‍ക്ക് തിരിയാതിരിക്കുന്നതിനായി എല്ലാവരും ചേര്‍ന്ന് പ്രതിരോധം തീര്‍ത്തു. സംഭവം അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് ബോഡിമെട്ട് ബീറ്റ് ഫോറസ്റ്റര്‍ കെ.കെ വിനോദിന്റെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെത്തി. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ച് ഭയപ്പെടുത്തിയെങ്കിലും വെളുപ്പിനെ രണ്ടരയോടെയാണു ഒറ്റയാന്‍ പിന്‍മാറിയത്.റോഡരികില്‍ സ്ഥാപിച്ചിരുന്ന ഒരു പെട്ടിക്കട മടങ്ങിപ്പോകുന്നതിനിടെ തള്ളി മറിച്ചിടുകയും ചെയ്തു.ഇത് മൂന്നാം തവണയാണു റേഷന്‍കടയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. കാട്ടാനശല്ല്യം തടയുവാന്‍ അധികൃതര്‍ പരാജയപ്പെടുന്നതില്‍ പ്രതിഷേധിച്ച് രാവിലെ 7 മുതല്‍ തൊഴിലാളികള്‍ പണിമുടക്കി ഹൈവേ ഉപരോധിച്ചു.വിവിധ രാഷ്ട്രീയ കക്ഷികളും,ട്രേഡ്‌യൂണിയനുകളും സമീപവാസികളും പിന്‍തുണയുമായെത്തി.അക്രമണകാരികളുംപ്രശ്‌നക്കാരുമായ എല്ലാ കാട്ടാനകളെയും പ്രദേശത്തുനിന്നും അടിയന്തിരമായി പിടികൂടി നീക്കണമെന്നായിരുന്നു പ്രധാന ആവശ്യം.ഉപരോധത്തെത്തുടര്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിലേയ്ക്കുള്ള വാഹനങ്ങള്‍ പൂപ്പാറനിന്നും രാജാക്കാട് വഴി തിരിച്ചുവിട്ടു.പത്തരയോടെ ദേവികുളം റെയ്ഞ്ച്ച് ഓഫീസര്‍ നിബു കിരണ്‍ എത്തി നാട്ടുകാരുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുകയും,പത്ത് ദിവസത്തിനകം കോടനാട് നിന്നും കുങ്കിയാനയെ എത്തിച്ച് അരിക്കൊമ്പനെ പിടികൂടി നീക്കം ചെയ്യുമെന്നും, അതുവരെ ദിവസവും വൈകിട്ട് 6 മുതല്‍ വെളുപ്പിനു 6 വരെ വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന കാട്ടാനയെ തടയുന്നതിനായി പ്രദേശത്ത് നിലയുറപ്പിക്കുമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പത്തരയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss