|    Sep 23 Sun, 2018 11:34 pm
FLASH NEWS

ആനമങ്ങാട് വയല്‍ നികത്തി വീടു നിര്‍മിച്ച സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി

Published : 28th May 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: ആനമങ്ങാട് വില്ലേജിലെ  മണലായയില്‍ വയല്‍ നികത്തി വീട് നിര്‍മിച്ച സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാന്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചു. മണലായയിലെ തൂളിയത്ത് ഷൗക്കത്തലി ഭാര്യ സജ്‌ന എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് റവന്യു സംഘത്തിന്റെ നേതൃത്വത്തില്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി തുടങ്ങിയത്.
28സെന്റ് വരുന്ന വയലാണ് മണ്ണിട്ടുനികത്തി വീടു നിര്‍മിച്ചത്. ആലിപ്പറമ്പ് പഞ്ചായത്തിന്റെ വ്യാജരേഖ ചമച്ച് 2012ല്‍ 28.5സെന്റ് വരുന്ന വയല്‍ നികത്തി വീട് നിര്‍മിച്ചുവെന്നാണ് പരാതി. ആനമങ്ങാട് വില്ലേജിലെ മണലായയില്‍ 19/2ല്‍  വരുന്ന സ്ഥലമാണിത്. സര്‍ക്കാര്‍ ഏഴുദിവസത്തിനകം നടപടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം ലംഘിച്ച് വീടുനിര്‍മിച്ച സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ അജീഷ്‌കുമാറിന്റെ നേതൃത്വത്തിലെത്തിയ റവന്യുസംഘം നടപടി തുടങ്ങുകയായിരുന്നു.
തഹല്‍സീദാര്‍ എന്‍ എം മെഹറലി, അഡീഷനല്‍ തഹല്‍സീദാര്‍മാരായ സി വല്ലപന്‍, മുരളി, ഭൂരേഖ തഹല്‍സീദാര്‍ കെ ലത, ആനമങ്ങാട് വില്ലേജ് ഓഫീസര്‍ ജെയ്‌സന്റ് മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു. നികത്തിയ വയല്‍  ഏഴുദിവസത്തിനകം പഴയ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരാന്‍ സ്ഥലമുടമക്ക് ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് പൊലിസ് സംഘവുമായെത്തി അധികൃതര്‍ നടപടി തുടങ്ങിയത്.
എന്നാല്‍, പഞ്ചായത്തില്‍ നിന്നും അനുമതി ലഭിച്ച ശേഷമാണ് വീടിന്റെ നിര്‍മാണം ആരംഭിച്ചതെന്നും ഉദ്യോഗസ്ഥരാണ് ഇതിനുകുറ്റക്കാരെന്നും സ്ഥലമുടമ ഷൗക്കത്തിന്റെ സഹോദരന്‍ മുഹമ്മദ് അന്‍വര്‍ പറഞ്ഞു.
ഷൗക്കത്ത് വിദേശത്താണ്. ഇതുമായി ബന്ധപ്പെട്ട രേഖ പഞ്ചായത്തില്‍ കാണുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച മഞ്ഞളാംകുഴി അലി എംഎല്‍എയും വീട് പൊളിച്ച് മാറ്റി നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss