|    Nov 21 Tue, 2017 6:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആനന്ദന്‍ വധം : മൂന്നുപേര്‍ അറസ്റ്റില്‍

Published : 15th November 2017 | Posted By: fsq

 

ഗുരുവായൂര്‍: കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പേരെ പോലിസ് അറസ്റ്റ്‌ചെയ്തു. ബ്രഹ്മകുളം സ്വദേശികളായ പുതുവീട്ടില്‍ ഫായിസ് (25), നമ്പറമ്പത്തു ജിതേഷ് (22), മന്നീക്കര അരീക്കര കാര്‍ത്തിക് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ കാര്‍ത്തിക്കിനെ മുഖം മറച്ച് ഇന്നലെ നെന്‍മിനിയില്‍ തെളിവെടുപ്പിനു കൊണ്ടുവന്നു. നെന്‍മിനി മനപ്പറമ്പിലെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നു വടിവാള്‍, വെട്ടുകത്തി, പൈപ്പ് എന്നിവ പോലിസ് കണ്ടെടുത്തു. അവ മണ്ണില്‍ പൂഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. വാളില്‍ രക്തക്കറ കണ്ടെത്തി. കൃത്യം നടത്തിയ ശേഷം അക്രമികള്‍ അതുവഴി ബൈക്കില്‍ രക്ഷപ്പെട്ടെന്നും ആയുധങ്ങള്‍ മനപ്പറമ്പിന്റെ മതിലിനു മുകളിലൂടെ അകത്തേക്കു വലിച്ചെറിഞ്ഞെന്നും പറയുന്നു. ആയുധങ്ങള്‍ കണ്ടെടുത്ത ശേഷം പ്രതിയുമായി പോലിസ് ഒരുമണിക്കൂറോളം അവിടെ തെളിവെടുപ്പു നടത്തി മൊഴി രേഖപ്പെടുത്തി.തുടര്‍ന്നു കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതായി പറയുന്ന പാവറട്ടിക്കടുത്തുള്ള പെരിങ്ങാട്, തിരുനെല്ലൂര്‍ ഭാഗത്തേക്കു കൊണ്ടുപോയും തെളിവെടുപ്പു നടത്തി.  പ്രതിയെ തൃത്തല്ലൂരിലേക്കു തെളിവെടുപ്പിനു കൊണ്ടുപോയി. കൊല നടത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ തൃത്തല്ലൂരിലേക്കാണു പോയത്. അവിടെ ബൈക്ക് കേടായപ്പോള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.കൊല നടന്ന സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയെങ്കിലും പ്രതിയെ അവിടെ ഇറക്കാതെ ആയുധങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്കാണു കൊണ്ടുപോയത്. തിരിച്ചുവരുമ്പോഴും പ്രതിയെ സംഭവസ്ഥലത്ത് ഇറക്കി തെളിവെടുത്തില്ല. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണു കരുതുന്നത്. ആനന്ദന്‍ ബൈക്കില്‍ വരുന്നുണ്ടെന്നു മൊബൈലില്‍ കൃത്യമായ സൂചന അക്രമികള്‍ക്കു നല്‍കിയവരെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്. ഗുരുവായൂര്‍, പേരാംമംഗലം സിഐമാരായ ഇ ബാലകൃഷ്ണന്‍, സുനില്‍ദാസ്, ഇ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ഞായറാഴ്ച ഉച്ചയ്ക്കാണ് നെന്‍മിനി കടവള്ളി ലക്ഷംവീട് കോളനിയില്‍ വടക്കേതരകത്ത് അംബികയുടെ മകനായ ആനന്ദന്‍ (28) വെട്ടേറ്റു മരിച്ചത്. 2013ല്‍ നടന്ന സിപിഎം പ്രവര്‍ത്തകനായ ഫാസില്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് ആനന്ദന്‍. ഫാസിലിന്റെ സഹോദരന്‍ ഫായിസിന്റെ കാറിലെത്തിയാണു കൊല നടത്തിയതെന്നു പോലിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക